Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൽമാനെ ശിക്ഷിച്ച മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റിയതിൽ സംശയകരമായി എന്തെങ്കിലും ഉണ്ടോ? പെട്ടെന്ന് ജാമ്യം കിട്ടിയത് ചൂണ്ടിക്കാട്ടി ദുരൂഹത ആരോപിച്ച് സോഷ്യൽ മീഡിയ; നിഷേധിച്ച് ഹൈക്കോടതി; മുസ്ലിം ആയതുകൊണ്ടാണ് ജയിലിൽ അയച്ചതെന്ന് പാക് മന്ത്രി

സൽമാനെ ശിക്ഷിച്ച മജിസ്‌ട്രേട്ടിനെ സ്ഥലം മാറ്റിയതിൽ സംശയകരമായി എന്തെങ്കിലും ഉണ്ടോ? പെട്ടെന്ന് ജാമ്യം കിട്ടിയത് ചൂണ്ടിക്കാട്ടി ദുരൂഹത ആരോപിച്ച് സോഷ്യൽ മീഡിയ; നിഷേധിച്ച് ഹൈക്കോടതി; മുസ്ലിം ആയതുകൊണ്ടാണ് ജയിലിൽ അയച്ചതെന്ന് പാക് മന്ത്രി

ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച മജിസ്‌ട്രേട്ടിന് സ്ഥാനചലനം. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (റൂറൽ) ജഡ്ജി ദേവ് കുമാർ ഖത്രിയെയാണ് തത്സ്ഥാനത്തുനിന്നു നീക്കിയത്. കൂടാതെ ശനിയാഴ്ച സൽമാന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജില്ലാ സെഷൻസ് ജഡ്ജി രവീന്ദ്ര കുമാർ ജോഷിയെയും സ്ഥലംമാറ്റി. ഇതിൽ ദുരൂഹത കാണുകയാണ് സോഷ്യൽ മീഡിയ. സൽമാനെ രക്ഷിക്കാനാണ് ഇതെന്ന് ചിലർ ആരോപിക്കുന്നു. വിവിഐപിയെ അധിക സമയം ജയിലിൽ കിടത്താതിരിക്കാനുള്ള കള്ളകളിയാണെന്നും വിമർശനം ഉയരുന്നു.

എന്നാൽ ഹൈക്കോടതി ആരോപണം നിഷേധിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് രാജസ്ഥാനിലെ 134 ജഡ്ജിമാരെ ഹൈക്കോടതി രജിസ്ട്രാർ ജനറൽ സ്ഥലംമാറ്റിയത്. ജോഷിയെ സിരോഹിയിലേക്ക് സ്ഥലംമാറ്റിയപ്പോൾ ഖത്രിയുടെ പുതിയ നിയമന ഉത്തരവ് വന്നിട്ടില്ല. ജോഷിക്കുപകരം ബിൽവാര ജില്ലാ സെഷൻസ് ജഡ്ജി ചന്ദ്രകുമാർ സൊംഗാരയെ നിയമിച്ചു. ഹൈക്കോടതി നിയമിച്ച സമിതിയുടെ ശുപാർശപ്രകാരം എല്ലാവർഷവും ഏപ്രിൽ 15-30 കാലയളവിൽ ജഡ്ജിമാരെ സ്ഥലംമാറ്റുന്നതാണ് രാജസ്ഥാനിൽ പതിവ്. അതിന് അപ്പുറം ഒന്നുമില്ലെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം. അതിനിടെ മുസ്ലിം ആയതുകൊണ്ടാണ് കൃഷ്ണമൃഗക്കേസിൽ സൽമാനെ ജയിലിൽ അടച്ചതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഖവ്ജ അസീഫ് രംഗത്തു വന്നു. 20 വർഷം പഴക്കമുള്ള കേസിൽ സൽമാനെ ശിക്ഷിച്ചത് ന്യൂനപക്ഷമായതുകൊണ്ടാണെന്ന് പാക് മന്ത്രി ആരോപിച്ചു. മുസ്ലീങ്ങൾ ഇന്ത്യയിൽ തൊട്ടുകൂടാത്തവരാണ്. ക്രിസ്ത്യാനികൾക്ക് വിലയുമില്ല-ഇതാണ് പാക് മന്ത്രിയുടെ ആരോപണം.

ജാമ്യം കിട്ടിയതിനെ തുടർന്ന ജയിൽ മോചിതനായ സൽമാൻ ഖാൻ മുംബൈയിലെത്തി. മുംബൈയിലെത്തിയ ഖാനെ സ്വീകരിക്കാൻ ആരാധകരുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു. അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലുമാണ് സൽമാൻ ഖാന് കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെയും ഡിഫൻസിന്റെയും ഒരു മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വൈകുന്നേരം മൂന്ന് മണിയോടെയാണ് കോടതി വിധി പറഞ്ഞത്. സൽമാന്റെ സഹോദരിമാരായ അൽവിര, അർപിത എന്നിവർ കോടതിയിൽ എത്തിയിരുന്നു.

1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷം തടവിനും 10,000 രൂപ പിഴയും ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ കേവലം രണ്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ജോധ്പൂർ സെൻട്രൽ ജയിലിലാണ് സൽമാൻ തടവുശിക്ഷ അനുഭവിച്ചത്. കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാൻ, തബു, സൊണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം സൽമാൻ ഖാനെ വെറുതെ വിട്ടതിനെതിരെ ബിഷ്‌ണോയി സമുദായം അപ്പീൽ പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ബിഷ്‌ണോയി സമുദായക്കാർ ദൈവമായി ആരാധിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം.

1998 ഒക്ടോബർ ഒന്നിന് രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവച്ചുകൊന്നകേസിൽ വ്യാഴാഴ്ചയാണ് ജോധ്പൂർ മജിസ്‌ട്രേറ്റ് കോടതി സൽമാൻ ഖാന് അഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചത്. രണ്ടുദിവസത്തെ വാദത്തിന് ശേഷം സെഷൻസ് കോടതി ജഡ്ജി രവീന്ദ്ര കുമാർ ജോഷി സൽമാൻ ഖാന് ജാമ്യം അനുവദിച്ചത്. ഇരുപത്തിഅയ്യായിരം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യം, കോടതിയുടെ അനുവാദമില്ലാതെ രാജ്യത്തിന് പുറത്ത് പോകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന നടന് മാനുഷികപരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.

കേസ് അടുത്തമാസം ഏഴിന് വീണ്ടും പരിഗണിക്കുമെന്നും അന്ന് സൽമാൻ ഖാൻ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം, സൽമാൻ ഖാന് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ബിഷ്‌ണോയ് സമുദായം അറിയിച്ചു. സൽമാൻ ഖാൻ പ്രശസ്തനായതിനാലാണ് ഉടൻ ജാമ്യം ലഭിച്ചതെന്നും ഇത് ഇരട്ടനീതിയാണന്നും മൃഗസ്‌നേഹികളുടെ സംഘടന വിമർശിച്ചു. ജാമ്യം ലഭിച്ചതറിഞ്ഞ് മുംബൈയിൽ സൽമാൻ ഖാന്റെ വസതിക്ക് മുന്നിലും ജയിൽ പരിസരത്തും ആരാധകർ ആഘോഷപ്രകടനം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP