Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം; 15 ദിവസത്തിനകം മറുപടി നൽകണമെന്ന് ഹൈക്കോടതി

സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം; 15 ദിവസത്തിനകം മറുപടി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ.വി. രാജുവിനെതിരെയാണ് ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിർദ്ദേശം. എന്തുകൊണ്ടാണ് സരിതയുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാകാത്തതെന്ന് 15 ദിവസത്തിനകം വ്യക്തമാക്കണമെന്നാണ് എൻ വി രാജുവിനോട് അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജായ എസ് മോഹൻദാസ് ആയിരുന്നു എൻവി രാജുവിനെതിരെ അന്വേഷണം നടത്തിയത്.

നേരത്തെ സരിതയുടെ മൊഴി രേഖപ്പെടുത്താത്തതിൽ മജിസ്‌ട്രേറ്റ് രാജുവിന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായതായി ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. നേരത്തെ മജിസ്‌ട്രേറ്റിനെതിരെ കേസ് എടുത്തെങ്കിലും അന്വേഷണം ഇഴയുകയാണെന്ന ആരോപണം ഉയരുന്നിരുന്നു. മജിസ്‌ട്രേറ്റിന്റെ വിശദീകരണം പരിശോധിച്ചു നടപടി സ്വീകരിക്കേണ്ട അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി എ.ഡി.ജെ.എമ്മിന്റെ വിശദീകരണം സമർപ്പിക്കാൻ വൈകിയാതാണ് ഈ ആരോപണം ശക്തമാകാൻ ഇടയാക്കിയത്.

എ.ഡി.ജെ.എം. കോടതിയിൽ ഹാജരാക്കവേ സരിത മജിസ്‌ട്രേറ്റിനു മുമ്പാകെ ചില പ്രമുഖരുടെ പേരുകൾ പരാമർശിച്ചെന്നും ഇവർ തന്നെ ചൂഷണം ചെയ്തതായി പരാതിപ്പെട്ടെന്നും ആരോപണമുണ്ടായിരുന്നു. ചില പേരുകൾ സരിത പറഞ്ഞെങ്കിലും താൻ ശ്രദ്ധിച്ചില്ലെന്നായിരുന്നു മജിസ്‌ട്രേറ്റ് എൻ.വി.രാജു വിജിലൻസ് രജിസ്ട്രാർ മുമ്പാകെ ഈ വിഷയത്തിൽ മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്ത ഹൈക്കോടതി വിജിലൻസ് വിഭാഗം കോടതി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയികരുന്നു. താൻ ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു ജീവനക്കാരി മൊഴി നൽകിയത്.

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സരിത രഹസ്യമായി പറഞ്ഞ കാര്യങ്ങൾ ആദ്യം രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റ് തയ്യാറാവാതിരുന്നതാണ് വിവാദമായത്. മൊഴി എഴുതി നൽകണമെന്നായിരുന്നു മജസ്‌ട്രേറ്റിന്റെ ആവശ്യം. ഇക്കാര്യത്തിൽ അഭിഭാഷകനെ ഒഴിവാക്കിയ കോടതി സരിത നേരിട്ട് എഴുതി നൽകിയാൽ മതിയെന്നും വ്യക്തമാക്കി. ഇതോടെ സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്നും മജിസട്രേറ്റ് ഇതിന് കൂട്ടുനിൽക്കുകയായിരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷവും അന്ന് രംഗത്തെത്തിയിരുന്നു.

സുരക്ഷാകാരണം പറഞ്ഞ് സരിതയെ അധികൃതർ പത്തനംതിട്ട ജയിലിൽ നിന്ന് തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയത് മൊഴിയെ സ്വാധീനിക്കാനാണെന്നും ആക്ഷേപമുയർന്നിരുന്നു. അട്ടക്കുളങ്ങര ജയിലിൽ നിന്ന് സരിത എഴുതി നൽകിയ മൊഴിയിൽ പക്ഷേ, ഉന്നതരുടെ പേരുകളോ മറ്റ് വിവാദ വിഷയങ്ങളോ ഉണ്ടായിരുന്നില്ല.

സരിതയുടെ രഹസ്യമൊഴിയിൽ മന്ത്രമാരടക്കം നിരവധി പ്രമുഖരുടെ പേരുണ്ടെന്ന സരിതയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലും ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. മൊഴി രേഖപ്പെടുത്താതിരുന്നത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ആരോപണം. 23 പേജുള്ള പരാതി സരിത തനിക്ക് കൈമാറിയെന്നാണ് അഭിഭാഷകരൻ പറഞ്ഞത്. എന്നാൽ പിന്നീട് സരിത കോടതിയിൽ നൽകിയത് വെറും നാലു പേജുള്ള പരാതിയാണ്. ഈ 23 പേജുള്ള കത്തിലെ പേരുകളാണ് കഴിഞ്ഞദിവസം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP