Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടികജാതി,പട്ടികവർഗ പീഡനനിരോധന നിയമം ദുർബലമാക്കിയ വിധി റദ്ദാക്കി; രണ്ടംഗബെഞ്ചിന്റെ വിധി ഭരണഘടനാപരമല്ലെന്ന് മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുനപരിശോധന ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; പ്രതിഷേധങ്ങൾക്ക് ഫലം കണ്ടെന്ന് ദളിത് സംഘടനകൾ

പട്ടികജാതി,പട്ടികവർഗ പീഡനനിരോധന നിയമം ദുർബലമാക്കിയ വിധി റദ്ദാക്കി; രണ്ടംഗബെഞ്ചിന്റെ വിധി ഭരണഘടനാപരമല്ലെന്ന് മൂന്നംഗ ബെഞ്ചിന്റെ കണ്ടെത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുനപരിശോധന ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; പ്രതിഷേധങ്ങൾക്ക് ഫലം കണ്ടെന്ന് ദളിത് സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; പട്ടികവിഭാഗ പീഡനനിരോധനനിയമം ദുർബലമാക്കിയ വിധി സുപ്രീംകോടതി റദ്ദാക്കി. സുപ്രീം കോടതി രണ്ടംഗബെഞ്ചിന്റെ വിധി ഭരണഘടനാപരമല്ലെന്ന് മൂന്നംഗബെഞ്ച് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുനപരിശോധന ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് പരിഗണിക്കും. എസ്സി/എസ്ടി പീഡന നിരോധന നിയമ പ്രകാരമുള്ള അറസ്റ്റിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2018 മാർച്ച് ഇരുപതിനാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പടുവിച്ചത്.

എസ് സി, എസ്ടി നിയമപ്രകാരം കേസെടുത്താൽ 'ഓട്ടോമാറ്റിക്' അറസ്റ്റ് നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടാൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നുമാണ് ജസ്റ്റിസ് എകെ ഗോയലും യുയു ലളിതും അടങ്ങിയ ബെഞ്ച് വിധിച്ചത്. പൊതു രംഗത്തുള്ളവരെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അതാത് മേലധികാരികളിൽനിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും മുൻകൂർ ജാമ്യത്തിന് അവസരം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതായി പരാതി ഉയർന്നതു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. വിധിക്കെതിരെ വ്യാപക പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. ദലിത് സംഘടനകളും മറ്റു മനുഷ്യാവകാശ സംഘടനകളും വിധിക്കെതിരെ രംഗത്തുവന്നു. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം വർധിക്കാൻ ഇടവരുത്തുന്നതാണ് വിധിയെന്ന് ആക്ഷേപം ഉയർന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുനപ്പരിശോധനാ ഹർജി നൽകുകയായിരുന്നു.പുനപ്പരിശോധനാ ഹർജി പരിഗണിച്ച രണ്ടംഗ ബെഞ്ച് ഇക്കാര്യത്തിൽ തീർപ്പു കൽപ്പിക്കാൻ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തി. ഇരുപക്ഷത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് സരൺ, എസ്ആർ ഭട്ട് എന്നിവർ അടങ്ങുന്ന ബെഞ്ച് വിധി പുനപ്പരിശോധിക്കാൻ തീരുമാനിച്ചത്.

നിയമത്തിനെതിരെ വിധി പുറപ്പെടുവിക്കാൻ 142-ാം വകുപ്പു പ്രകാരമുള്ള അധികാരം കോടതി വിനിയോഗിക്കരുതായിരുന്നെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.വിധി സമൂഹത്തിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്നും അതിനാൽ പുനപ്പരിശോധിക്കണമെന്നുമാണ് കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ വാദിച്ചത്. വിധിയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട് പാർലമെന്റ് ഇതിനകം തന്നെ നിയമം കൊണ്ടുവന്നിട്ടുള്ള സാഹചര്യത്തിൽ പുനപ്പരിശോധന നിഷ്ഫലമായ ഒന്നാണെന്ന്, വിധിയെ അനുകൂലിക്കുന്ന കക്ഷിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ചൂണ്ടിക്കാട്ടി. കേസ് രജിസ്റ്റർ ചെയ്താൽ ഉടൻ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള വിധി ഭരണഘടനയുടെ സത്ത ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യൻ വാദിച്ചു.

പട്ടികജാതി പട്ടികവർഗ-പീഡനനിരോധന നിയമം

ശക്തമായ വകുപ്പുകൾ ഉൾപ്പെട്ടതാണ് 1989-ലെ പട്ടികജാതി പട്ടികവർഗ-പീഡനനിരോധന നിയമം. ഈ നിയമത്തിലെ 3-ാം വകുപ്പിൽ പറഞ്ഞ കുറ്റകൃത്യങ്ങൾ എല്ലാംതന്നെ പീഡനമായാണ് കണക്കാക്കുന്നത്. എന്നാൽ പ്രതി പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ടയാളാണെങ്കിൽ ഈ നിയമം അനുസരിച്ച് കേസെടുക്കാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെയോ, മറ്റ് ബന്ധപ്പെട്ട നിയമങ്ങളനുസരിച്ചോ മാത്രമേ നിയമനടപടി സാധ്യമാവൂ. മലിനവസ്തുക്കൾ നിർബന്ധിച്ച് തീറ്റിക്കുക, മാലിന്യങ്ങൾ താമസസ്ഥലത്തിനടുത്ത് തള്ളുക, നഗ്‌നരാക്കി നടത്തിക്കുക,

സ്ഥലം കൈയേറുക, അന്യായമായി കുടിയിറക്കുക, അടിമപ്പണി ചെയ്യിക്കുക, തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു സ്ഥാനാർത്ഥി ക്ക് നിർബന്ധിച്ച് വോട്ടു ചെയ്യിക്കുക, കള്ളക്കേസ് കൊടുക്കുക, തെറ്റായ വിവരങ്ങൾ ഉദ്യോഗസ്ഥർക്കു നൽകി നിയമനടപടികൾക്ക് വിധേയരാക്കുക, പൊതുസ്ഥലത്തുവെച്ച് ജാതി പറഞ്ഞ് ആക്ഷേപിക്കുക, സ്ത്രീകളെ അപമാനിക്കുക, ലൈംഗികചൂഷണത്തിന് വിധേയരാക്കുക, കുടിവെള്ളം മലിനമാക്കുക, വഴി തടസ്സപ്പെടുത്തുക, നാടുവിട്ടുപോവാൻ പ്രേരിപ്പിക്കുക, വീടിന് തീ വെക്കുക എന്നിവയാണ് പട്ടികജാതി-പട്ടികവർഗത്തിൽപെട്ടവർക്ക് എതിരായ പീഡനമായി കണക്കാക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്ത ഒരാളെ സംരക്ഷിക്കുന്നതും പീഡനമായി കണക്കാക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP