ആദ്യഭാര്യയിലുള്ള മകൻ 20 കാരിയായ ബന്ധുവിനെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയത് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയത് പ്രകോപനമായി; രണ്ടാം ഭാര്യയെ കിടപ്പുമുറിയിൽ വച്ച് അബ്ദുള്ളക്കുട്ടി വെട്ടിക്കൊലപ്പെടുത്തിയത് അരിവാൾ കൊണ്ട്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി
November 19, 2019 | 03:48 PM IST | Permalink

ജംഷാദ് മലപ്പുറം
മലപ്പുറം: രണ്ടാം ഭാര്യയെ അരിവാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് (ഒന്ന്) ശിക്ഷ വിധിച്ചത്. വേങ്ങര കണ്ണമംഗലം വാളക്കുട പൂഴിക്കുന്നത്ത് അബ്ദുള്ളക്കുട്ടിയെന്ന മാനു (68) വിനെയാണ് ജഡ്ജി എ.വി. നാരായണൻ ശിക്ഷിച്ചത്. പ്രതിയുടെ രണ്ടാം ഭാര്യയായ റുഖിയ (60) ആണ് കൊല്ലപ്പെട്ടത്.
2016 ഡിസംബർ 28 ന് രാവിലെ 7.45നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അബ്ദുള്ളക്കുട്ടിയുടെ കണ്ണമംഗലം വാഴക്കുടയിലുള്ള പണിതീരാത്ത ഇരുനില വീടിന്റെ കിടപ്പുമുറിയിൽ വച്ചാണ് സംഭവം. തലയ്ക്കും കഴുത്തിനും വെട്ടിയാണ് കൊലപ്പെടുത്തിയത്. പ്രതിയുടെ ആദ്യ ഭാര്യയിലുള്ള 17കാരനായ മകൻ 20കാരിയായ ബന്ധുവിനെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയിരുന്നു. ഇക്കാര്യം പുറത്തുപറയുമെന്ന് റുഖിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് അബ്ദുള്ളക്കുട്ടിയെ വല്ലാതെ പ്രകോപിപ്പിച്ചു
തന്നെ ഭീഷണിപ്പെടുത്തിയ റുഖിയയെ പ്രതി അരിവാളു കൊണ്ട് തലയ്ക്കും കഴുത്തിനും കയ്യിനും തുരുതുരെ വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ റുഖിയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ച കഴിഞ്ഞ് 3.30ന് മരണപ്പെടുകയായിരുന്നു. മലപ്പുറം സി ഐ എ പ്രേംജിത്താണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 44 സാക്ഷികളുള്ള കേസിൽ 21 പേരെ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. 22 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി.