Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ അതേ സമയം ചീഫ് സെക്രട്ടറി സൂപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു; മാപ്പ് സ്വീകരിച്ച് കോടതി അലക്ഷ്യ കേസിൽ നിന്നും പിന്മാറണമെന്നും സർക്കാരിന്റെ അപേക്ഷ; പുനപരിശോധനാ ഹർജിയും പിൻവലിച്ചു; കോടതി അലക്ഷ്യ കേസുമായി മുമ്പോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് സെൻകുമാറും

മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ അതേ സമയം ചീഫ് സെക്രട്ടറി സൂപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു; മാപ്പ് സ്വീകരിച്ച് കോടതി അലക്ഷ്യ കേസിൽ നിന്നും പിന്മാറണമെന്നും സർക്കാരിന്റെ അപേക്ഷ; പുനപരിശോധനാ ഹർജിയും പിൻവലിച്ചു; കോടതി അലക്ഷ്യ കേസുമായി മുമ്പോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് സെൻകുമാറും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ടി.പി സെൻകുമാറിനെതിരായ കേസിൽ സർക്കാർ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയുമല്ല. കോടതി 25,000 രൂപ പിഴ ചുമത്തിയെന്നതും ശരിയല്ല. ലീഗൽ സർവീസ് സൊസൈറ്റിയിൽ 25,000 അടയ്ക്കാനാണ് പറഞ്ഞത്. ബാലനീതി പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു പറഞ്ഞ് മിനിറ്റുകൾക്ക് അകം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായാണ് ഇത്. ചീഫ് സെക്രട്ടറിയാണ് കേസിൽ മാപ്പ് അപേക്ഷ നൽകിയത്. സർക്കാരിനെതിരായ കോടതി അലക്ഷ്യ ഹർജി പിൻവലിക്കണമെന്ന അഭ്യർ്തഥനയും ചീഫ് സെക്രട്ടറി നടത്തി. ഇതോടെ വെട്ടിലായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി അറിയാതെയാണോ ചീഫ് സെക്രട്ടറിയുടെ മാപ്പ് പറച്ചിലെന്ന സംശയം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു.

സെൻകുമാർ കേസിൽ കോടതി നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാൻ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാൽ. വ്യക്തത തേടി അപേക്ഷ നൽകിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. നിലവിലെ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതെല്ലാം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായിരുന്നു. സെൻകുമാർ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ സർക്കാർ മാപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം നളിനി നെറ്റോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സർക്കാർ തലത്തിലെ തീരുമാനങ്ങൾക്ക് അനുസരിച്ച് മാത്രമേ സാധാരണ ഇത്തരം സത്യവാങ്മൂലങ്ങൾ ചീഫ് സെക്രട്ടറി നൽകാറുള്ളൂ. എന്നിട്ടും മാപ്പ് കൊടുക്കാൻ തീരുമാനിച്ച സർക്കാരിനായി അങ്ങനെയൊന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിക്കുകയായിരുന്നു.

സെൻകുമാർ കേസിൽ സർക്കാരിന് സുപ്രീം കോടതി പിഴ ചുമത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 25,000 രൂപ ലീഗൽ സർവീസസ് അഥോറിറ്റിയിൽ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസിൽ സർക്കാർ മാപ്പ് പറഞ്ഞിട്ടില്ല. സർക്കാർ സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രം. ആവശ്യമായ വിശദീകരണം കോടതിയിൽനിന്നു തേടുകമാത്രമാണ് ചെയ്തത്. വിധിയോട് സർക്കാർ ഒരു ഘട്ടത്തിലും അനാദരവ് കാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സെൻകുമാറിനെ മാറ്റിയത് തക്കതായ കാരണങ്ങളുണ്ടായിരുന്നതിനാലാണ്. സർക്കാരിന്റെ സാമന്യ ബുദ്ധിക്കു നിരക്കുന്ന കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ എത്തിയത്. അതിനിടെ നിയമനം കിട്ടിയകാര്യത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്നാണ് സെൻകുമാറിന്റെ പക്ഷം.

സർക്കാർ വകുപ്പിന്റെ തലവനാണ് താൻ. അതുകൊണ്ട് തന്നെ സർക്കാരുമായി ഏറ്റുമുട്ടലിന് തയ്യാറല്ലെന്നാണ് സെൻകുമാറിന്റെ പക്ഷം. എന്നാൽ കോടതി അലക്ഷ്യ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ തീരുമാനം കോടതി എടുക്കട്ടേ എന്നാണ് സെൻകുമാറിന്റെ പക്ഷം. നാളെ ഹർജി പരിഗണിക്കുമ്പോൾ നിയമനം കിട്ടിയ കാര്യം സുപ്രീംകോടതിയെ സെൻകുമാറിന്റെ അഭിഭാഷകനും അറിയിക്കും. ബാക്കി കാര്യങ്ങൾ കോടതിയുടെ നിലപാടിന് വിടുകയും ചെയ്യും. തന്റെ ജൂനിയർ ഓഫീസർമാരുടെ സാധ്യത ഇല്ലായ്മ ചെയ്യാൻ തനിക്ക് ഡിജിപി സ്ഥാനത്ത് നഷ്ടമായ ദിനങ്ങൾ വേണമെന്ന് ആവശ്യപ്പെടില്ലെന്ന സൂചന നേരത്തെ സെൻകുമാർ നൽകിയിരുന്നു. തന്റെ വിരമിക്കൽ തീയതിയായ ജൂൺ 30ന് സ്ഥാനമൊഴിയാമെന്ന തീരുമാനമാണ് സെൻകുമാർ എടുത്തിട്ടുള്ളത്. എന്നാൽ എല്ലാ വിഷയത്തിലും വിശദ നിയമോപദേശം സെൻകുമാർ തേടുന്നുണ്ട്. കോടതിയുടെ പരാമർശങ്ങൾ എതിരാകുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നതാണ് സെൻകുമാറിന്റെ ആഗ്രഹം.

നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന്മേലുള്ള ചർച്ചയിലാണ് മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സെൻകുമാറിനെ നിയമിക്കണമെന്ന ഉത്തരവിൽ ആവശ്യമായ വിശദീകരണം തേടുകമാത്രമാണ് ചെയ്തത്. ഇങ്ങനെ ഒരു ഹർജി നൽകാൻ സർക്കാരിന് അവകാശമുണ്ടെന്നും അതുണ്ട് വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദം. സെൻകുമാറിനെ മാറ്റിയത് തക്കതായ കാരണമുള്ളതിനാലാണ്. സർക്കാരിന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമാണ് ചെയ്തത്. ഇതിൽ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ല. സാധാരണ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് സംഭവിച്ചത്. കോടതി വിധിയോട് അരു ഘട്ടത്തിലും സർക്കാർ അനാദരവ് കാട്ടിയിട്ടില്ല. മുഖത്തടി കിട്ടിയിത് ഈ സർക്കാരിനല്ല, കഴിഞ്ഞ സർക്കാരിനാണ് തുടർച്ചയായി തിരിച്ചടികൾ കിട്ടിയതെന്നും പറഞ്ഞിരുന്നു.

സെൻകുമാറിനെ നിയമിക്കാനുള്ള ഉത്തരവ് പാലിക്കാതെ അതിനെ ചോദ്യം ചെയ്തതിന് സർക്കാരിനെതിരെ പിഴ ചുമത്തിയത് സംസ്ഥാനത്തിന് ആകെ അപമാനമാണെന്ന് വിഷയം ഉന്നയിച്ച പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യക്തതാവരുത്തൽ ഹർജിയുമായി പോയി പിഴ വിധിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. ഇത് നാടിന് അപമാനമുണ്ടാക്കി. ഉപദേഷ്ടാക്കളെല്ലാം കൂടി ഉപദേശിച്ച് ഒരുവഴിക്കാക്കിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സെൻകുമാർ കേസിൽ സുപ്രീം കോടതി സർക്കാരിന് 25,000 രൂപ പിഴ വിധിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ വിഷയത്തിനെതിരേ സ്പീക്കർ രംഗത്തെത്തി. പ്രാധാന്യമില്ലാത്ത വിഷയങ്ങൾ അടിയന്തരപ്രമേയമായി കൊണ്ടുവരുന്ന പ്രവണത ശരിയല്ലെന്ന് സ്പീക്കർ പറഞ്ഞു. നോട്ടീസ് അനുവദിക്കരുതെന്ന് നിയമമന്ത്രി എ.കെ. ബാലനും പറഞ്ഞു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഷയം അടിയന്തര പ്രധാന്യമുള്ളതും അത്യപൂർവവുമാണ്. കോടതിയുടെ അന്തിമ വിധി വന്ന കേസാണിതെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP