Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റോപ്പ് മെമോ കർശനമായി പാലിച്ച് മാർത്താണ്ഡം കായൽ കയ്യേറ്റം ഒഴിപ്പിക്കണം; സർക്കാർ സ്വീകരിക്കുന്ന നടപടികൾ പത്തുദിവസത്തികം അറിയിക്കണം; തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതി; കോടതി ഇടപെട്ടതോടെ മന്ത്രിയെ സംരക്ഷിക്കാൻ വഴികൾ അടഞ്ഞ് സർക്കാരും

സ്റ്റോപ്പ് മെമോ കർശനമായി പാലിച്ച് മാർത്താണ്ഡം കായൽ കയ്യേറ്റം ഒഴിപ്പിക്കണം; സർക്കാർ സ്വീകരിക്കുന്ന നടപടികൾ പത്തുദിവസത്തികം അറിയിക്കണം; തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതി; കോടതി ഇടപെട്ടതോടെ മന്ത്രിയെ സംരക്ഷിക്കാൻ വഴികൾ അടഞ്ഞ് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാർത്താണ്ഡം കായൽ കയ്യേറ്റത്തിനെതിരെ കർശനമായ നിലപാട് സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. കായൽ കയ്യേറ്റത്തിന് എതിരെ സ്‌റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാൻ രണ്ടുദിവസം മുമ്പ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിലപാട് കർശനമാക്കാൻ കോടതി നിർദ്ദേശിച്ചത്.

കായൽ നികത്തിയ സ്ഥലങ്ങളിലെ മണ്ണ് മാറ്റാൻ നിർദ്ദേശം നൽകിയതായും സ്റ്റോപ്പ് മെമോ നിലനിൽക്കുന്നുണ്ടെന്നും ആണ് ഇന്ന് സർക്കാർ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശവും നൽകി. പത്തുദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതോടെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സർക്കാരിന് ശക്തമായി നീങ്ങിയേ തീരൂ എന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പരാതി പരിഗണിച്ചപ്പോൾ തന്നെ വിഷയത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു.

മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കയ്യേറിയെന്നു ചൂണ്ടിക്കാട്ടി കൈനകരി സ്വദേശി കെ.ബി. വിനോദ് നൽകിയ ഹർജിയിലാണ് കോടതി സർക്കാരിനോടു വിശദീകരണം തേടിയത്. ഇതിന് ഇന്ന് മറുപടി നൽകിയപ്പോൾ സ്്‌റ്റോപ്പ് മെമോ നിലനിൽക്കുന്നുണ്ടെന്നും അടിയന്തിരമായി മണ്ണു നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മന്ത്രിയുടെ കമ്പനി കായൽ കയ്യേറിയെന്നു കൈനകരി നോർത്ത് വില്ലേജ് ഓഫിസറുടെയും കുട്ടനാട് തഹസൽദാറുെടയും റിപ്പോർട്ടുകളിലുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

കായൽ കയ്യേറ്റത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികളെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതേസമയം തുടർ റിപ്പോർട്ടുകൾ നൽകുന്ന വേളയിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കയ്യേറ്റമെന്ന വിവരങ്ങൾ കോടതിയിൽ പരാമർശ വിഷയമാകുമെന്നും ഉറപ്പാണ്.

പരിസ്ഥിതി പ്രാധാന്യമുള്ള റാംസർ മേഖലയായ കുട്ടനാട്ടിലാണ് മാർത്താണ്ഡം കായൽ. കൃഷിക്കായി ഇവിടെ അറുനൂറിലേറെ പേർക്കു പട്ടയം നൽകിയിരുന്നു. കൃഷി ചെയ്യാൻ 95 സെന്റ് പാടശേഖരവും ഉടമകൾക്കു താമസിക്കാൻ അഞ്ചു സെന്റ് പുരയിടവുമാണു നൽകിയത്. അഞ്ചു സെന്റ് വീതമുള്ള പുരയിടം പുറം ബണ്ടിനോടും അകം ബണ്ടിനോടും ചേർന്നാണു നൽകിയത്.

രണ്ടു പുരയിടങ്ങളുടെ ഇടയിൽ ഒന്നര മീറ്റർ പൊതുവഴിയുണ്ട്. ഇതിൽ പെട്ട 64 പ്ലോട്ടുകളാണു തോമസ് ചാണ്ടി വാങ്ങിയത്. പുരയിടം നികത്തിയ കൂട്ടത്തിൽ പ്ലോട്ടുകളുടെ ഇടയിലുള്ള പൊതുവഴിയും മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചിരുന്നു. തുടർന്നാണു സ്റ്റോപ്പ് മെമോ നൽകിയത്. ഇക്കാര്യത്തിൽ തുടർ നടപടികൾ കോടതിക്കു കൂടി റിപ്പോർട്ടു ചെയ്യേണ്ടതിനാൽ സർക്കാരിന് ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും.

റവന്യൂ ഉദ്യോഗസ്ഥ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അനുപമയ്ക്കാണ് തുടർ നടപടികളുടെ മേൽനോട്ടം എന്നതിനാൽ തന്നെ ശക്തമായ നടപടികൾ ഉണ്ടാവുമെന്നാണ് സൂചന. ഇക്കാര്യത്തിൽ കോടതി നിർദ്ദേശം ഉള്ളതിനാൽ തന്നെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്് ഇനി റവന്യൂ അധികൃതർക്ക് തടസ്സവുമില്ല. ഇതോടെ തോമസ് ചാണ്ടിയുടെ റിസോർട്ടിന്റെ മറവിൽ ഉണ്ടായ കയ്യേറ്റം ഉൾപ്പെടെ ഒഴിപ്പിച്ച് കായൽ നിലം വീണ്ടെടുക്കാൻ റവന്യൂ അധികൃതർക്ക് കഴിയുമെന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മാർത്താണ്ഡം കായലിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവയ്പിക്കാനാണ് സ്്‌റ്റോപ്പ് മെമോ നൽകിയിട്ടുള്ളത്.

അതേസമയം, മന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങൾ കുറച്ചുദിവസമായി ഉയർന്നിട്ടും ശക്തമായ നടപടിയെടുക്കാൻ സർക്കാർ മടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കോടതി തന്നെ കയ്യേറ്റത്തിനെതിരെ നിലപാട് വ്യക്തമാക്കിയതോടെ മന്ത്രിക്കെതിരെ സർക്കാരിനും നീങ്ങേണ്ടിവരും. വേങ്ങര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രിയെ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കോടതി നിർദ്ദേശവും മന്ത്രിയുടെ കയ്യേറ്റത്തിന്മേൽ കലക്ടർ നൽകുന്ന റിപ്പോർട്ടും തോമസ് ചാണ്ടിയുടെ കാര്യത്തിൽ ഏറെ നിർണായകം ആവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP