Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സരിതയുമായി രണ്ടു തവണയേ സംസാരിച്ചിട്ടുള്ളൂ എന്ന് അടൂർപ്രകാശ്; 96 തവണ സംസാരിച്ചതിന്റെ ബില്ലുമായി കമ്മീഷൻ; മുഖത്ത് നോക്കി കള്ളം അവതരിപ്പിച്ച് മുന്മന്ത്രി; ഇന്നലെ സോളാർ കമ്മീഷനിൽ സംഭവിച്ചത്

സരിതയുമായി രണ്ടു തവണയേ സംസാരിച്ചിട്ടുള്ളൂ എന്ന് അടൂർപ്രകാശ്; 96 തവണ സംസാരിച്ചതിന്റെ ബില്ലുമായി കമ്മീഷൻ; മുഖത്ത് നോക്കി കള്ളം അവതരിപ്പിച്ച് മുന്മന്ത്രി; ഇന്നലെ സോളാർ കമ്മീഷനിൽ സംഭവിച്ചത്

കൊച്ചി: മുൻ റവന്യു മന്ത്രി അടൂർ പ്രകാശും സോളാർ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ്. നായരും തമ്മിൽ 26 തവണ ഫോണിൽ സംസാരിച്ചിരുന്നതായി ഫോൺകോൾ രേഖകൾ. അതേസമയം, ഇതേക്കുറിച്ച് അറിയില്ലെന്നും സരിതയുമായി രണ്ടു തവണ മാത്രമേ ഫോണിൽ സംസാരിച്ചിട്ടൂള്ളൂ എന്നുമായിരുന്നു അടൂർ പ്രകാശിന്റെ മൊഴി. സോളാർ തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുമ്പാകെ അടൂർ പ്രകാശിനെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് കമ്മിഷന്റെ അഭിഭാഷകൻ അഡ്വ. സി. ഹരികുമാർ 26 തവണ ഫോൺ ചെയ്ത കാര്യം വെളിപ്പെടുത്തിയത്.

സരിതയുമായി ബന്ധപ്പെട്ട് തനിക്കെതിരേ മാദ്ധ്യമങ്ങളിൽ വന്ന അപമാനകരമായ വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന അടൂർ പ്രകാശിന്റെ മൊഴി കമ്മിഷനെ അമ്പരപ്പിച്ചു. സരിതയ്ക്കു നൽകാനായി സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ ഏൽപ്പിക്കാൻ അഡ്വ. ഉണ്ണിത്താന് 30 ലക്ഷം രൂപ നൽകിയെന്നും ഇതിൽ അഞ്ച് ലക്ഷം എടുത്തതിനുശേഷം ഉണ്ണിത്താൻ 25 ലക്ഷം രൂപയാണു നൽകിയതെന്നുമുള്ള ടീം സോളാർ ജനറൽ മാനേജർ രാജശേഖരന്റെ മൊഴിയും അടൂർ പ്രകാശ് നിഷേധിച്ചു. സരിതയ്ക്കു നൽകാനായി താൻ ആരുടെ കൈവശവും പണം നൽകിയിട്ടില്ലെന്നും അടൂർ പ്രകാശ് കമ്മിഷനിൽ മൊഴി നൽകി.

അടൂർ പ്രകാശിന്റെ മൂന്നു പഴ്‌സണൽ നമ്പറുകളിൽ നിന്നാണ് സരിതയുടെ വിവിധ നമ്പറുകളിലേക്ക് ഇത്രയും കോളുകൾ വിളിച്ചത്. കോൾ ഡീറ്റെയിൽ റെക്കോഡിൽ (സി.ഡി.ആർ) ഇതിന്റെ വിശദാംശങ്ങളുണ്ട്. അടൂർ പ്രകാശിന്റെ സ്റ്റാഫായ അജിത്തിന്റെ നമ്പറിൽ നിന്ന് അടൂർ പ്രകാശ് തന്നെ വിളിച്ചിരുന്നു എന്ന് രഹസ്യകത്തിൽ സരിത രേഖപ്പെടുത്തിയ ഭാഗം കമ്മിഷൻ കാട്ടിക്കൊടുത്തെങ്കിലും അദ്ദേഹം അക്കാര്യം നിഷേധിച്ചു. അജിത്തിന്റെ 9061133333 എന്ന നമ്പറിൽ നിന്ന് അടൂർ പ്രകാശ് സരിതയുടെ രണ്ടു നമ്പറുകളിലേക്കായി 70 തവണ വിളിച്ചതിന്റെ രേഖകൾ കമ്മിഷൻ അഭിഭാഷകൻ ഹാജരാക്കിയപ്പോൾ, തനിക്ക് ഇങ്ങനെയൊരു നമ്പറില്ലെന്ന വാദത്തിൽ മുന്മന്ത്രി ഉറച്ചുനിന്നു.

സ്മാർട്ട് ഫോണിലെ ട്രൂ കോളർ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ഈ നമ്പർ അടൂർ പ്രകാശിന്റേതാണെന്നു കാണാമെന്ന് കമ്മിഷനിൽ കക്ഷിചേർന്ന ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ അഭിഭാഷകൻ അഡ്വ. ബി. രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. സരിതയെ ഒരു തവണ കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിലെ പ്രമാടത്ത് ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ സ്‌റ്റേഡിയത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനത്തിനു വന്നപ്പോഴാണ് സരിതയെ കണ്ടത്. അവിടെ സോളാർ സ്ഥാപിക്കുന്നതിന് പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. സാധ്യത പരിശോധിക്കാൻ സരിത എത്തിയപ്പോൾ അവരെപ്പറ്റിയോ ടീം സോളാറിനെപ്പറ്റിയോ കൂടുതൽ അന്വേഷിച്ചിരുന്നില്ലെന്നും അടൂർ പ്രകാശ് കമ്മിഷന്റെ ചോദ്യത്തിന് മറുപടി നൽകി.

കോന്നിയിലെ റിട്ടയേർഡ് അദ്ധ്യാപിക മറിയാമ്മ തന്നോടു പറഞ്ഞ പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ രണ്ടുതവണ വിളിച്ചത്. മറിയാമ്മയുടെ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞ് സരിത പണം വാങ്ങിയെങ്കിലും പാനൽ സ്ഥാപിച്ചില്ലെന്നായിരുന്നു പരാതി. താൻ അവരുടെ കൈയിൽ നിന്ന് സരിതയുടെ നമ്പർ വാങ്ങി വിളിക്കുകയും പാനൽ സ്ഥാപിക്കുകയോ അല്ലെങ്കിൽ തുക തിരികെ കൊടുക്കുകയോ ചെയ്യാൻ പറഞ്ഞു. സരിത നൽകിയ ചെക്ക് മടങ്ങിയതായി മറിയാമ്മ പിന്നീട് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാമതും സരിതയെ വിളിച്ചു. പണം ഉടനടി തിരിച്ചുനൽകാൻ കർശന നിർദ്ദേശം നൽകിയെന്നും അടൂർ പ്രകാശ് മൊഴി നൽകി.

കോന്നി സ്വദേശിയും മെറ്റൽ ക്രഷർ ഉടമയുമായ മല്ലേലിൽ ശ്രീധരൻ നായരെ അറിയാം. മെറ്റൽ ക്രഷർ യൂണിറ്റുകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രീധരൻ നായർ നൽകിയ പരാതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ, എന്ത് ഉത്തരവാണ് ഇറക്കിയതെന്ന് ഓർക്കുന്നില്ല. സരിതയുമായി ചേർന്ന് സോളാർ ഇടപാടിൽ ഏർപ്പെട്ട കാര്യം ശ്രീധരൻ നായർ തന്നോടു പറഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP