Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ സിഡി ദൗത്യം പരാജയപ്പെടുത്തിയതു മാദ്ധ്യമങ്ങളുടെ അത്യുത്സാഹം; തെളിവെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത് രഹസ്യമായി; ബിജു രാധാകൃഷ്ണനെയും കൊണ്ടുള്ള യാത്ര മാദ്ധ്യമങ്ങളും പൊലീസും ആഘോഷമാക്കി: വിമർശനവുമായി സോളാർ കമ്മീഷൻ രംഗത്ത്; സിഡി പുറത്തു വരാതിരിക്കാൻ മുഖ്യമന്ത്രി വേണ്ടതു ചെയ്തിരുന്നുവെന്നു പിണറായി

സോളാർ സിഡി ദൗത്യം പരാജയപ്പെടുത്തിയതു മാദ്ധ്യമങ്ങളുടെ അത്യുത്സാഹം; തെളിവെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത് രഹസ്യമായി; ബിജു രാധാകൃഷ്ണനെയും കൊണ്ടുള്ള യാത്ര മാദ്ധ്യമങ്ങളും പൊലീസും ആഘോഷമാക്കി: വിമർശനവുമായി സോളാർ കമ്മീഷൻ രംഗത്ത്; സിഡി പുറത്തു വരാതിരിക്കാൻ മുഖ്യമന്ത്രി വേണ്ടതു ചെയ്തിരുന്നുവെന്നു പിണറായി

കൊച്ചി: മാദ്ധ്യമങ്ങൾക്കും പൊലീസിനും രൂക്ഷ വിമർശനവുമായി സോളാർ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി ശിവരാജൻ. രഹസ്യമായാണ് തെളിവെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും ദൗത്യം പരാജയപ്പെടുത്തിയത് മാദ്ധ്യമങ്ങളുടെ അത്യുത്സാഹമാണെന്നും ജസ്റ്റിസ് ശിവരാജൻ കുറ്റപ്പെടുത്തി.

ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പ് മാദ്ധ്യമങ്ങളും പൊലീസും ആഘോഷമാക്കിയെന്നും രഹസ്യസ്വഭാവം പൊളിഞ്ഞത് തെളിവു കണ്ടെടുക്കുന്നതിനു വിഘാതം സൃഷ്ടിച്ചുവെന്നും ജസ്റ്റിസ് ശിവരാജൻ പറഞ്ഞു.

ബിജുവിനെ സമയത്ത് ഹാജരാക്കുന്നതിൽ ജയിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. നേരത്തെ ഹാജരാക്കിയിരുന്നെങ്കിൽ തെളിവുശേഖരണം വേഗത്തിലാകുമായിരുന്നുവെന്നും ജസ്റ്റിസ് ശിവരാജൻ പറഞ്ഞു. ബിജു രാധാകൃഷ്ണനെ ഇന്നു വീണ്ടും സോളാർ കമ്മീഷനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് ഈ വിമർശനം വന്നത്. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബിജു രാധാകൃഷ്ണൻ തെളിവു കൊണ്ടുവന്നാൽ സ്വീകരിക്കാമെന്നും സോളാർ കമ്മീഷൻ പറഞ്ഞു.

അതിനിടെ, സിഡിയുടെ കാര്യത്തിൽ താൻ പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞു. സിഡി വച്ച സ്ഥലത്തേക്കു തന്നെയാണ് താൻ കമ്മീഷൻ പ്രതിനിധികളുമായി പോയത്. എന്നെക്കാൾ ശക്തരായവരാണ് അധികാരികൾ. സിഡി മാറ്റിയത് ആരാണെന്ന് മാദ്ധ്യമങ്ങൾക്ക് ആലോചിച്ചാൽ മനസിലാകുന്നതേയുള്ളുവെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു.

സോളാർ കമ്മീഷൻ അനുവദിക്കുകയാണെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സിഡി കമ്മീഷന്റെ അടുത്ത സിറ്റിംഗിൽ ഹാജരാക്കാമെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു. സിഡി അപ്രത്യക്ഷമായതാണ്. തന്നേക്കാൾ വലിയ അധികാരമുള്ള ആളുകളുള്ളപ്പോൾ താൻ എന്ത് ചെയ്യുമെന്നും ബിജു പറഞ്ഞു.

സിഡി കോയമ്പത്തൂരിൽ ഉണ്ടെന്ന ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജുവുമായി പൊലീസ് സംഘം കോയമ്പത്തൂരിൽ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ സി.ഡി കണ്ടെത്തിയിരുന്നില്ല.

ഈ യാത്രയിലുടനീളം മാദ്ധ്യമങ്ങൾ വിടാതെ പൊലീസ് സംഘത്തെ പിന്തുടരുന്നുണ്ടായിരുന്നു. എല്ലാ ചാനലുകളും മത്സരിച്ച് ലൈവ് കവറേജും നൽകിയിരുന്നു. ഈ മത്സരമാണ് സോളാർ കമ്മീഷന്റെ കടുത്ത വിമർശനത്തിനും ഇടയാക്കിയത്.

അതിനിടെ, സർക്കാരിനെ വിമർശിച്ചു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. സോളാർ കേസിൽ സർക്കാരിനു തുടക്കം മുതലെ ഭയമെന്ന് പിണറായി പറഞ്ഞു. സിഡി പുറത്തുവരാതിരിക്കാൻ മുഖ്യമന്ത്രി വേണ്ടതു ചെയ്തിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ പറഞ്ഞ സിഡി കാണാതായത് അഴിമതിക്കേസുകൾ ഭരണസ്വാധീനം ഉപയോഗിച്ച് എങ്ങനെ അട്ടിമറിക്കുന്നതിനുള്ള തെളിവാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ സരിത എസ് നായർ എന്ന സ്ത്രീക്ക് നിയന്ത്രണവും സ്വാധീനവും ഉണ്ടാകുന്നു എന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി വഴിവിട്ട് സഞ്ചരിച്ചു എന്നതിനുള്ള തെളിവാണിത്. ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നുള്ളത് കക്ഷിഭേദമെന്യേയുള്ള കേരളത്തിന്റെ ആവശ്യമാണെന്നും പിണറായി പറഞ്ഞു.

സോളാർ കമ്മീഷന് മുന്നിൽ മാത്രമല്ല ബിജുരാധകൃഷ്ണൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. മുൻപും ഇത്തരം കാര്യങ്ങൾ ബിജു പറഞ്ഞിരുന്നു. എന്നാൽ അവയെല്ലാം അധികാരം ഉപയോഗിച്ച് അട്ടിമറിക്കാനുള്ള കുതന്ത്രമാണ് കേരളം കണ്ടത്. സരിത എസ് നായർ യുഡിഎഫ് മന്ത്രിസഭയിലെ ചിലരെകുറിച്ച് നേരത്തെ ചിലതെല്ലാം പറഞ്ഞിരുന്നു. അവർക്കും ബിജു പറഞ്ഞ തെളിവുകൾ ഇല്ലാതാക്കിയതിൽ പങ്കുണ്ടാകാം. ഒരു കോടി രൂപ കെപ്പറ്റിയതിന് മന്ത്രിസ്ഥാനം രാജിവച്ച മന്ത്രി കെ എം മാണിയുടെ അവസ്ഥയിലേക്ക് പത്ത് കോടി രൂപ കൈപ്പറ്റിയ മന്ത്രി ബാബുവും എത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP