Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സുന്ദരിയമ്മയെ കൊന്നത് ജബ്ബാറല്ല; ഒരു വർഷം ജയിലിൽ കഴിഞ്ഞ നിരപരാധിയെ വെറുതെ വിട്ടു; തെളിവുകൾ കെട്ടിച്ചമച്ച സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് കോടതി; വെളിവാകുന്നത് ഞെട്ടിപ്പിക്കുന്ന നീതി നിഷേധത്തിന്റെ ദുരന്ത കഥ

സുന്ദരിയമ്മയെ കൊന്നത് ജബ്ബാറല്ല; ഒരു വർഷം ജയിലിൽ കഴിഞ്ഞ നിരപരാധിയെ വെറുതെ വിട്ടു; തെളിവുകൾ കെട്ടിച്ചമച്ച സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് കോടതി; വെളിവാകുന്നത് ഞെട്ടിപ്പിക്കുന്ന നീതി നിഷേധത്തിന്റെ ദുരന്ത കഥ

കോഴിക്കോട്: സുന്ദരിയമ്മ കൊലക്കേസിൽ പ്രതി ജബ്ബാറിനെ കോടതി വെറുതെവിട്ടു. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സി.ഐ പൃഥ്വിരാജ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രതിക്കു നൽകണമെന്നും വിധിച്ചു. കേസ് ആദ്യം അന്വേഷിച്ച മുൻ കസബ സി.ഐ പ്രമോദ് തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. ഇരുവർക്കുമെതിരെ വകുപ്പുതല നടപടിക്കും കോടതി ശുപാർശ ചെയ്തു.

ഒരു വർഷമായി ജയിലിൽ കഴിയുന്ന പ്രതി ജയേഷ് എന്ന ജബ്ബാർ (29) കോടതി വിധിയെ തുടർന്ന് ജയിൽ മോചിതനായി. കേസിലെ ഏകപ്രതിയാണ് ജബ്ബാർ. ഹോട്ടൽ ജീവനക്കാരനായിരുന്ന ജബ്ബാർ കൊലനടന്ന് പതിമൂന്നര മാസങ്ങൾക്കുശേഷമാണ് പിടിയിലാകുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കിയെന്നതാണ് കോടതിയുടെ കണ്ടെത്തൽ. സുന്ദരിയമ്മയെ വെട്ടാനുപയോഗിച്ച കത്തിയെന്ന നിലയിൽ പൊലീസ് കോടതിയിൽ ഹാജരാക്കിയ തൊണ്ടി മുതലിൽ രക്തത്തിന്റെ അംശം കണ്ടെത്താനായില്ലെന്നു കോടതി നിരീക്ഷിച്ചു.

പൊലീസിനെ രൂക്ഷമായി വിമർശിച്ചാണ് വിധി പുറപ്പെടുവിച്ചത്. അനാഥനായ വ്യക്തിക്കെതിരെ ബോധപൂർവ്വമായി കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ആരുമില്ലാത്ത ജബ്ബാറിനെ ഒരു വർഷത്തോളം കോടതിയിൽ അടച്ചതിന് നഷ്ടപരിഹാരമായി അന്വേഷണ ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി.

അതിനാൽ കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച ലോക്കൽ സിഐക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ച് സിഐക്കെതിരെ ഡിജിപി വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. സുന്ദരിയമ്മ കേസ് പുനരന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നും പൊലീസിന് കോടതി നിർദ്ദേശം നൽകി.

2012 ജൂലൈയിലാണ് കോഴിക്കോട് മീഞ്ചന്തയിൽ ഒറ്റക്കു താമിസിച്ചിരുന്ന സുന്ദരിയമ്മ എന്ന വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹോട്ടലുകളിലേക്ക് ഇഡ്ഡലിയുണ്ടാക്കി വിറ്റായിരുന്നു സുന്ദരിയമ്മ ഉപജീവനം നടത്തിയത്. ആദ്യം കസബ പൊലീസ് ആയിരുന്നു അന്വേഷിച്ചിരുന്നത്. കേസിൽ പുരോഗതിയില്ലെന്ന് കണ്ടെത്തിയതിനേത്തുടർന്ന് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടു.

സുന്ദരിയമ്മ പലഹാരങ്ങൾ എത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജബ്ബാർ. വിനോദയാത്രയ്ക്കു പോകാൻ പണം കണ്ടെത്തുന്നതിനായിരുന്നു കൊല എന്നാണ് പൊലീസ് കണ്ടെത്തൽ. രാത്രി ഓടിളക്കി അകത്തുകയറിയ കൊലയാളിയെ കണ്ടെത്താൻ പൊലീസ് നൂറിലേറെ പേരെ ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് ഹോട്ടൽ ജീവനക്കാരനായ ജയേഷ് എന്ന ജബ്ബാറിനെ പ്രതിയാക്കിയത്. ഇയാൾ അനാഥനാണ്. മീഞ്ചന്ത ബൈപാസിലുള്ള ഹോട്ടൽ സിറ്റിലൈറ്റിലെ ക്ലീനിങ് ജീവനക്കാരനായിരുന്നു ജബ്ബാർ.

ഇഡ്ഡലി വിറ്റ പണവും നോമ്പുകാലത്തെ സകാത് തുകയും സുന്ദരിയമ്മയുടെ കൈയിലുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കൊലപാതകമെന്നായിരുന്നു കുറ്റപത്രം. കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് വിനോദയാത്ര നടത്താനാണ് കൊല നടത്തിയതെന്ന് സമ്മതിച്ചെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം തലയിണയുടെ അടിയിലെ പഴ്‌സിൽനിന്ന് 1600 രൂപ മാത്രമേ പ്രതിക്ക് ലഭിച്ചുള്ളൂ. എന്നാൽ കിടപ്പുമുറിയിൽ മറ്റൊരിടത്ത് സൂക്ഷിച്ച വൻതുക പൊലീസ് കണ്ടെടുത്തെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.

സാഹചര്യതെളിവകളാണ് പ്രധാനമായും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഇവയെല്ലാം കോടതി തള്ളി. എന്നാൽ വിധിക്കെതിരെ അപ്പീൽ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. വിധിപകർപ്പ് പഠിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP