Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജഡ്ജിമാരുടെ എണ്ണം കൂട്ടാതെ കുന്നുകൂടി കിടക്കുന്ന കേസുകൾ തീർപ്പാക്കാനാകില്ല; പ്രധാനമന്ത്രിക്കു മുമ്പിൽ കണ്ണീർവാർത്തു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജഡ്ജിമാരുടെ എണ്ണം കൂട്ടാതെ കുന്നുകൂടി കിടക്കുന്ന കേസുകൾ തീർപ്പാക്കാനാകില്ല; പ്രധാനമന്ത്രിക്കു മുമ്പിൽ കണ്ണീർവാർത്തു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ വികാരാധീനനായി കണ്ണീർ വാർത്തു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ. ജഡ്ജിമാരുടെ എണ്ണം കൂട്ടാതെ കുന്നുകൂടി കിടക്കുന്ന കേസുകൾ തീർപ്പാക്കാനാകില്ലെന്നും ഇക്കാര്യത്തിൽ ജുഡിഷ്യറിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജി വിതുമ്പിയത്.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിമാരുടെ എണ്ണം കൂട്ടാതെ നീതിന്യായ വ്യവസ്ഥയെ കുറ്റപ്പെടുത്തിയതിനെത്തുടർന്നായിരുന്നു പ്രധാനമന്ത്രിക്കു മുന്നിൽ ചീഫ് ജസ്റ്റിസ് കണ്ണീർ വാർത്തത്. സംസ്ഥാന മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗത്തിൽ പങ്കെടുക്കവെയാണു താക്കൂർ വികരാധീനനായത്.

കേസുകൾ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യറിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. 21,000 ജഡ്ജിമാരാണ് ഇപ്പോൾ ആകെയുള്ളത്. അത് 40,000 എങ്കിലും ആക്കാതെ കുന്നകൂടി കിടക്കുന്ന കേസുകൾ തീർപ്പാക്കാനാവില്ല. ജഡ്ജിമാരുടെ എണ്ണം കൂട്ടാതെയാണു കേസുകളുടെ മുഴുവൻ ഭാരവും ജുഡിഷ്യറിയുടെ തോളിൽ വയ്ക്കുന്നത്. ജഡ്ജിമാരുടെ ഒഴിവു നികത്തുന്നതിൽ സർക്കാർ കാര്യക്ഷമമല്ലെന്നും താക്കൂർ കുറ്റപ്പെടുത്തി.

നിയമകമ്മിഷൻ 1987ൽ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. 10 ലക്ഷം ആളുകൾക്ക് പത്തു ജഡ്ജിമാർ എന്ന കണക്ക് 50 എന്നാക്കാനായിരുന്നു ശുപാർശ. എന്നാലത് സർക്കാരിന്റെ അനാസ്ഥ കൊണ്ട് നടപ്പായില്ല. നിയമ കമ്മിഷന്റെ ശുപാർശയെ 2002ൽ സുപ്രീംകോടതിയും പിന്തുണച്ചു. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖർജി അദ്ധ്യക്ഷനായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും ജഡ്ജിമാരുടെ എണ്ണം 50 ആക്കി ഉയർത്താൻ ശുപാർശ ചെയ്തിരുന്നു. നിലവിൽ 10 ലക്ഷം പേർക്ക് 15 ജഡ്ജിമാർ എന്നതാണ് ഇന്ത്യയിലെ കണക്ക്. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൺ, കാനഡ എന്നിവിടങ്ങളിലേതിനെക്കാൾ കുറവാണ്.

40,000 ജഡ്ജിമാരെ 1987ൽ വേണമായിരുന്നു. 1987 മുതൽ ഇന്നു വരെ ജനസംഖ്യയിൽ 25 കോടിയുടെ വർദ്ധന ഉണ്ടായി. സാമ്പത്തിക രംഗത്തും ഇന്ത്യ അതിവേഗം വളർന്നു കൊണ്ടിരിക്കുന്നു. വിദേശ നിക്ഷേപം ആകർഷിക്കുന്നു. ഇങ്ങനെ ആകൃഷ്ടരായി ഇന്ത്യയിൽ എത്തുന്നവർ, കേസുകളുടെ കാര്യത്തിൽ ഇവിടത്തെ നീതിന്യായ വ്യവസ്ഥയുടെ പരിമിതികളെ ഓർത്ത് ആശങ്കപ്പെടുകയാണ്. കോടതികളുടെ കാര്യക്ഷമത രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും താക്കൂർ ചൂണ്ടിക്കാട്ടി. കോടതികളിൽ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഉറപ്പു നൽകിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP