Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജകുടുംബം വ്യക്തിപരമായി ആക്രമിക്കുന്നതിൽ മനംനൊന്തു ഗോപാൽ സുബ്രഹ്മണ്യം; പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ അമിക്കസ് ക്യൂറിയെ പിന്തുണച്ചു സുപ്രീം കോടതി; സ്ഥാനമൊഴിയേണ്ടെന്നും നിർദ്ദേശം

രാജകുടുംബം വ്യക്തിപരമായി ആക്രമിക്കുന്നതിൽ മനംനൊന്തു ഗോപാൽ സുബ്രഹ്മണ്യം; പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ അമിക്കസ് ക്യൂറിയെ പിന്തുണച്ചു സുപ്രീം കോടതി; സ്ഥാനമൊഴിയേണ്ടെന്നും നിർദ്ദേശം

ന്യൂഡൽഹി: പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തെ പിന്തുണച്ചു സുപ്രീം കോടതി നിരീക്ഷണം. കേസ് പരിഗണിക്കവെ രാജകുടുംബത്തിനെതിരെ വിമർശനവും കോടതി ഉന്നയിച്ചു.

ക്ഷേത്രസുരക്ഷയ്ക്കു വേണ്ടിയാണോ അമിക്കസ് ക്യൂറിയെ പുറത്താക്കാനാണോ രാജകുടുംബം നിലകൊള്ളുന്നതെന്നാണ് കോടതി ആരാഞ്ഞത്. അതിനിടെ, വ്യക്തിപരമായി ആക്രമിക്കുന്നതിൽ മനംനൊന്തു സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ച അമിക്കസ് ക്യൂറിയോട് തൽസ്ഥാനത്തു തുടരാൻ കോടതി നിർദേശിച്ചു.

അമിക്കസ് ക്യൂറിക്കെതിരായ രാജകുടുംബത്തിന്റെ ആരോപണം ഗൗരവമുള്ളതല്ലെന്നു കോടതി നിരീക്ഷിച്ചു. നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ വിവാദമുണ്ടാക്കുമ്പോൾ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്മേൽ എതിർവാദം അറിയിക്കാൻ അവസരമുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.

കേസ് പരിഗണിക്കുന്നതിനിടെയാണു അമിക്കസ് ക്യൂറി സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്ന് ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞത്. വ്യക്തിപരമായി ആക്രമിക്കുകയാണെങ്കിൽ സ്ഥാനം ഒഴിയാൻ തയ്യാറാണ്. ആരോപണങ്ങൾ നാണക്കേടുണ്ടാക്കുന്നെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. എന്നാൽ, ആവശ്യം നിരസിച്ച കോടതി ഗോപാൽ സുബ്രഹ്മണ്യത്തോട് അമിക്കസ് ക്യൂറി സ്ഥാനത്തു തുടരാൻ നിർദേശിക്കുകയായിരുന്നു.

അമിക്കസ് ക്യൂറിയുടെ ആരോപണങ്ങൾക്കെതിരെ കോടതിയിൽ അഭിപ്രായമറിയിക്കാൻ കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉൾപ്പെടെ അഞ്ച് രാജകുടുംബാംഗങ്ങളാണ് ഹർജി നൽകിയത്. അപേക്ഷ പരിഗണിക്കവെയാണ് സുപ്രീം കോടതി അമിക്കസ് ക്യൂറിക്ക് പിന്തുണ അറിയിച്ചത്.

അമിക്കസ് ക്യൂറിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാജകുടുംബത്തെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ആരോപണം. തന്റെ നിലമറന്നാണ് അമിക്കസ് ക്യൂറി പ്രവർത്തിക്കുന്നതെന്നും ക്രൂരമായ ആരോപണങ്ങളാണ് അമിക്കസ്‌ക്യൂറി ഉന്നയിച്ചതെന്നും രാജകുടുംബം പറഞ്ഞിരുന്നു.

എന്നാൽ, രാജകുടുംബത്തെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന് അമിക്കസ് ക്യൂറി പറഞ്ഞിരുന്നു. രാജകുടുംബത്തോട് ആദരവുണ്ടെന്നും തന്റെ കൂറ് ശ്രീപത്മനാഭനോടാണെന്നും ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു. റിപ്പോർട്ടിനെ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രത്തിൽ നിന്നും സ്വർണം കടത്തുന്നതിന് സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുവെന്നും ക്ഷേത്രത്തിൽ സ്വർണം പൂശുന്ന യന്ത്രങ്ങൾ കണ്ടെത്തിയെന്നും അമിക്കസ് ക്യൂറി ആരോപിച്ചിരുന്നു. ക്ഷേത്രകാര്യങ്ങളിൽ രാജകുടുംബം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അവർക്കുള്ള അഭിപ്രായം രേഖാമൂലം അറിയിക്കാമെന്നുമാണ് ഗോപാൽ സുബ്രഹ്മണ്യം സുപ്രീംകോടതിയിൽ നിൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP