Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂർ, കരുണാ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി; നിയമസഭ ഏകകണ്‌ഠേന പാസാക്കിയ ബിൽ കോടതി റദ്ദാക്കിയത് ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന്; സർക്കാർ ശ്രമിച്ചത് കോടതികളുടെ അധികാരത്തിൽ ഇടപെടാൻ; കണ്ണൂർ, കരുണാ ഓർഡിനൻസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി: കേരള സർക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

കണ്ണൂർ, കരുണാ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി; നിയമസഭ ഏകകണ്‌ഠേന പാസാക്കിയ ബിൽ കോടതി റദ്ദാക്കിയത് ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന്; സർക്കാർ ശ്രമിച്ചത് കോടതികളുടെ അധികാരത്തിൽ ഇടപെടാൻ; കണ്ണൂർ, കരുണാ ഓർഡിനൻസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി: കേരള സർക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: കണ്ണൂർ, കരുണാ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. കണ്ണൂർ, കരുണാ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയത്. കണ്ണൂർ കരുണാ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി പ്രത്യേക ഓർഡിനൻസ് തയ്യാറാക്കിയ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. കോടതികളുടെ അധികാരത്തിൽ ഇടപെടാനാണ് സർക്കാർ ശ്രമിച്ചതെന്നും കോടതി വിധിന്യായത്തിൽ കുറ്റപ്പെടുത്തി. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുന്നതിനാണ് ഓർഡിനൻസ് പുറത്തിറക്കിയത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

വിദ്യാർത്ഥികളെ അയോഗ്യരാക്കാനുള്ള പ്രവേശന മേൽനോട്ട സമിതിയുടെ തീരുമാനം സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. അതിനുശേഷം സർക്കാർ ഓർഡിനൻസ് ഇറക്കി. പിന്നീട് നിയമസഭ നിയമവും പാസാക്കി. എന്നാൽ, ബില്ലിന് അംഗീകാരം നൽകാൻ ഗവർണർ വിസമ്മതിച്ചു. ഓർഡിൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. എന്നാൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് സ്റ്റേ നൽകിയ സുപ്രിം കോടതി ഈ കോളേജുകളിൽ പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കാൻ ഉത്തരവിട്ടിരുന്നു.

കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷയിലെ യോഗ്യത നോക്കാതെ തന്നെ കണ്ണൂർ മെഡിക്കൽ കോളജിലെയും കരുണയിലെയും വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താൻ പ്രവേശന മേൽനോട്ടസമിതി അംഗം കൂടിയായ ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.

അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക് പട്ടിക തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രവേശന മേൽനോട്ട സമിതി (ജസ്റ്റിസ് ജെയിംസ് കമ്മിറ്റി) ഈ കോളജുകളിലെ പ്രവേശനം റദ്ദാക്കിയത്. എന്നാൽ, ഈ വിദ്യാർത്ഥികളുമായി കോളജുകൾ അധ്യയനം തുടർന്നു. കോളജുകൾ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ജെയിംസ് കമ്മിറ്റി നടപടി ശരിവെക്കുകയായിരുന്നു. ആരോഗ്യ സർവകലാശാല ഈ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ അനുവദിച്ചതുമില്ല. സുപ്രീംകോടതി വിധി എതിരായതോടെയാണ് പ്രവേശനം ക്രമപ്പെടുത്താൻ മാനേജ്മന്റെുകളും രക്ഷിതാക്കളും സർക്കാറിനെ സമീപിച്ചത്.

കണ്ണൂർ മെഡിക്കൽ കോളജിലെ 137 വിദ്യാർത്ഥികളുടെയും കരുണയിലെ 31 വിദ്യാർത്ഥികളുടെയും തിരുവനന്തപുരം എസ്.യു.ടിയിലെ ഒരു വിദ്യാർത്ഥിയുടെയും പ്രവേശനമാണ് മേൽനോട്ടസമിതി റദ്ദാക്കിയിരുന്നത്. ഓർഡിനൻസിനെ തുടർന്ന് ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസിനെ വിദ്യാർത്ഥികളുടെ മെറിറ്റ് പരിശോധനക്കായി നിയോഗിച്ചിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിലെ 44ഉം കരുണയിലെ 25ഉം വിദ്യാർത്ഥികൾക്ക് മാത്രമേ മെറിറ്റ് പ്രകാരം പ്രവേശനം ക്രമപ്പെടുത്തി നൽകാനാവൂവെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി.

അവശേഷിച്ച വിദ്യാർത്ഥികൾ വീണ്ടും രംഗത്തുവന്നതോടെ മുഴുവൻ വിദ്യാർത്ഥികളുടെയും പ്രവേശനം ക്രമവത്കരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. നിയമനിർമ്മാണത്തിലൂടെ പ്രവേശനം ക്രമവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മെഡിക്കൽ കൗൺസിൽ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഓർഡിനൻസ് റദ്ദ് ചെയ്യുമെന്ന് സർക്കാറിന് മുന്നറിയിപ്പ് നൽകിയതിനിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ഈ ഓർഡിനൻസ് നിയമസഭ പാസാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP