Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജഡ്ജിമാരുടെ നിയമനത്തിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ ആഗ്രഹം അവസാനിക്കുന്നില്ല; കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ വെട്ടാൻ സർക്കാറിന് അനുമതി വേണമെന്ന വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി: സർക്കാറും കോടതിയും വീണ്ടും നേർക്കുനേർ

ജഡ്ജിമാരുടെ നിയമനത്തിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ ആഗ്രഹം അവസാനിക്കുന്നില്ല; കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ വെട്ടാൻ സർക്കാറിന് അനുമതി വേണമെന്ന വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി: സർക്കാറും കോടതിയും വീണ്ടും നേർക്കുനേർ

ന്യൂഡൽഹി: ഭരിക്കുന്ന സർക്കാറുകൾ കോടതികളെ തങ്ങളുടെ ഇംഗിതത്തിന് കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് എന്നത് നഗ്നമായ ഒരു സത്യമാണ്. സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് അനുസൃതമായി ജുഡീഷ്യറിയിൽ നിന്നും തീരുമാനങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് ഇത്തരം നീക്കങ്ങൾ. അത്തരത്തിൽ സുപ്രീംകോടതിയിൽ ഇഷ്ടക്കാരെ തിരുകി കയറ്റും വിധത്തിൽ ഇടപെടൽ നടത്താൻ ഉതകുന്ന വിധത്തിലുള്ള ഇടപെടലാണ് മോദി സർക്കാർ ഇപ്പോൾ നടത്തുന്നത്. ജഡ്ജി നിയമനത്തിൽ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാറിന്റെ നീക്കങ്ങൾ. ഇതിനെതിരെ സുപ്രീംകോടതി കൊളീജിയം രംഗത്തെത്തി.

'ദേശതാൽപര്യം മുൻനിർത്തി' കൊളീജിയത്തിന്റെ നിയമന ശുപാർശ നിരാകരിക്കാനുള്ള അധികാരം കേന്ദ്രസർക്കാറിന് വേണമെന്ന വ്യവസ്ഥയ്‌ക്കെതിരെയാണ് സുപ്രീംകോടതി കൊളീജിയം രംഗത്തെത്തിയത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടു പരിഷ്‌കരിച്ച നടപടിക്രമങ്ങളിലാണ് സർക്കാർ ദേശതാൽപര്യ വ്യവസ്ഥ ഉൾപ്പെടുത്തിയത്. സർക്കാറിന്റെ ഈ വ്യവസ്ഥ കൊളീജിയത്തിന്റെ താൽപ്പര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണെന്ന നിഗമനത്തിലാണ് സുപ്രീംകോടതി. ഇതോടെ ജുഡീഷ്യറിയിൽ പിടിമുറുക്കാൻ കേന്ദ്രവും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ ജുഡീഷ്യറിയും നിലനിൽക്കുകയാണ്.

ജഡ്ജി നിയമനത്തിൽ നിയന്ത്രണം തേടി രാഷ്ട്രീയ നേതൃത്വം നടത്തുന്ന ശ്രമം ജുഡീഷ്യറിയുമായി ഏറ്റുമുട്ടലിനു വഴിവയ്ക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. നേരത്തെ ജുഡീഷ്യൽ നിയമന കമ്മിഷൻ കൊണ്ടുവരാനുള്ള ശ്രമവും കോടതിയുടെ എതിർപ്പിനെത്തുടർന്നു മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൊളീജിയം നിർദ്ദേശിക്കുന്ന പേരുകൾ വെട്ടാനുള്ള അധികാരം വേണമെന്ന കേന്ദ്രത്തിന്റെ അഭിപ്രായവും ഭിന്നതകൾക്ക് കാരണമാകുന്നത്.

കൊളീജിയം കൂടുതൽ സുതാര്യമാക്കാൻ ധാരണയായതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ നടപടിക്രമങ്ങളെക്കുറിച്ചാണ് അഭിപ്രായഭിന്നതയുള്ളത്. പരിഷ്‌കരിച്ച നടപടിക്രമങ്ങളിലെ രണ്ടു വ്യവസ്ഥകളോടെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന് എതിർപ്പുണ്ട്. ദേശതാൽപര്യ വ്യവസ്ഥതന്നെ ആദ്യത്തേത്. ഇതനുസരിച്ചു സർക്കാർ ഒരിക്കൽ നിരാകരിച്ചാൽ ശുപാർശ ആവർത്തിക്കാൻ കൊളീജിയത്തിന് അവകാശമുണ്ടാവില്ല. സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജി നിയമനങ്ങളിൽ, കേന്ദ്രത്തിൽ അറ്റോർണി ജനറലിനും സംസ്ഥാനങ്ങളിൽ അഡ്വക്കറ്റ് ജനറൽമാർക്കും പങ്കുണ്ടാവുമെന്നതാണു രണ്ടാമത്തേത്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കു ജഡ്ജി നിയമനങ്ങളിൽ പരോക്ഷ പങ്കാളിത്തം ഉറപ്പാക്കുന്ന വ്യവസ്ഥയാണിതും. നിയമമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു പരിഷ്‌കരിച്ച കരടു നടപടിക്രമങ്ങൾ കൊളീജിയത്തിനു സമർപ്പിച്ചത്. വിവാദവ്യവസ്ഥകളോടുള്ള എതിർപ്പ്, കൊളീജിയം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇരുപതിലേറെ വർഷമായി നിലവിലുള്ള കൊളീജിയം സംവിധാനത്തിനു പകരമായി പാർലമെന്റ് പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) നിയമം, നിയമം പ്രാബല്യത്തിലാക്കിയ ഭരണഘടനാ ഭേദഗതി എന്നിവ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. കൊളീജിയം സംവിധാനം അവസാനിച്ചെന്നു സർക്കാർ പ്രഖ്യാപിച്ചതിനുശേഷമായിരുന്നു ഇത്.

അതേസമയം സർക്കാറും സുപ്രീംകോടതിയും തമ്മിലുള്ള ഭിന്നതയാണ് രാജ്യത്തെ കോടതികളിലെ നിയമനങ്ങൾ വൈകുന്നതിന് പിന്നിലെന്നും സൂചനയുണ്ട്. രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കണമെങ്കിൽ ഇനിയും 70,000ൽ അധികം ജഡ്ജിമാരെ പുതിയതായി നിയമിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ കഴിഞ്ഞ ദിവസം കൂടി ആവർത്തിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ വികാരാധീനനായി ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കേണ്ടി വന്നത് കേന്ദ്രവുമായുള്ള ഭിന്നതയുടെ ഫലമായാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജഡ്ജിമാരെ അടിയന്തിരമായി നിയമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വീണ്ടും വ്യക്തമാക്കിയത്.

രാജ്യത്തെ ജനസംഖ്യയും ജഡ്ജിമാരുടെ എണ്ണവും തമ്മിലുള്ള കുറഞ്ഞ അനുപാദം ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഠാക്കൂർ, നീതിയെന്നത് ഭരണഘടന ജനങ്ങൾക്ക് ഉറപ്പു നൽകുന്ന മൗലികാവകാശമാണെന്നും അത് നിഷേധിക്കാൻ സർക്കാരിന് അവകാശമില്ലെന്നും വ്യക്തമാക്കി. ജുഡീഷ്യറിയുടെ ജോലിഭാരത്തിലും കേസുകൾ കെട്ടിക്കിടക്കുന്നതിൽ കോടതികളെ കുറ്റപ്പെടുത്തുന്നതിലും മനംനൊന്ത് ജസ്റ്റിസ് ഠാക്കൂർ കഴിഞ്ഞ ദിവസം വികാരാധീനനായിരുന്നു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണു ചീഫ് ജസ്റ്റിസ് വികാരാധീനനായത്. ഈ സംഭവത്തിന് പിന്നാലെയാണ് ജഡ്ജിമാരുടെ എണ്ണത്തിലുള്ള കുറവ് ചൂണ്ടിക്കാട്ടി നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം അദ്ദേഹം വീണ്ടും ഉയർത്തിക്കാട്ടിയത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജഡ്ജിമാരെ സമയാസമയങ്ങളിൽ നിയമിക്കുന്ന കാര്യത്തിൽ ബദ്ധശ്രദ്ധ പുലർത്തുമ്പോഴും ഇതിൽ നടപടി സ്വീകരിക്കേണ്ട സർക്കാർ സംവിധാനങ്ങൾക്ക് മെല്ലെപ്പോക്ക് നയമാണെന്നും ജസ്റ്റിസ് ഠാക്കൂർ കുറ്റപ്പെടുത്തി. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 170 നിർദ്ദേശങ്ങൾ ഇപ്പോൾത്തന്നെ സർക്കാരിന്റെ അനുമതിയും കാത്തു കെട്ടിക്കിടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രവുമായുള്ള സുപ്രീംകോടതിയുടെ ഭിന്നത മൂർച്ഛിക്കുന്ന സൂചനയായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വാക്കുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP