Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിക്കാഹ് ഹലാലയുടേയും ബഹുഭാര്യാത്വത്തിന്റേയും ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി; നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും നിയമ കമ്മിഷനും നോട്ടീസ്; മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന ചരിത്ര വിധിക്കു പിന്നാലെ കൂടുതൽ ഇടപെടലുകളുമായി പരമോന്നത നീതിപീഠം; മുസ്‌ളീം മതത്തിലെ ആചാര രീതികളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടുന്നത് നിരവധി ഹർജികൾ പരിഗണിച്ച്

നിക്കാഹ് ഹലാലയുടേയും ബഹുഭാര്യാത്വത്തിന്റേയും ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി; നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും നിയമ കമ്മിഷനും നോട്ടീസ്; മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന ചരിത്ര വിധിക്കു പിന്നാലെ കൂടുതൽ ഇടപെടലുകളുമായി പരമോന്നത നീതിപീഠം; മുസ്‌ളീം മതത്തിലെ ആചാര രീതികളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടുന്നത് നിരവധി ഹർജികൾ പരിഗണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്‌ളീം സമുദായത്തിൽ നിലനിന്നിരുന്ന മുത്തലാഖിന് എതിരെ കഴിഞ്ഞവർഷം ശക്തമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബഹുഭാര്യാത്വ വിഷയത്തിലും 'നിക്കാഹ് ഹലാല' വിഷയത്തിലും ലഭിച്ച പരാതികൾ പരിഗണിച്ച് അവയുടെ സാധുത പരിശോധിക്കാൻ തീരുമാനിച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രവിധി കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഈയൊരു വിധി പുറപ്പെടുവിച്ചത്. കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് മുത്തലാഖ് ക്രിമിനിൽകുറ്റമായി വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്രസർക്കാർ പാസാക്കുകയും ചെയ്തിരുന്നു.

ഇപ്പോ്ൾ സമാനമായ രീതിയിൽ കോടതിക്കുമുന്നിലെത്തിയ നിരവധി പരാതികൾ പരിഗണിച്ചാണ് മുസ്‌ളീം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വത്തിന്റെയും 'നിക്കാഹ് ഹലാല'യുടെയും ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയും കഴിഞ്ഞ ഓഗസ്റ്റിൽ വിധി പറയുകയും ചെയ്ത അഞ്ചംഗ ബെഞ്ച് ബഹുഭാര്യാത്വ, നിക്കാഹ് ഹലാല വിഷയങ്ങളും വിശദ പരിശോധനയ്ക്കു തുറന്നിട്ടിരുന്നു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അന്ന് മുത്തലാഖ് വിഷയത്തിൽ മാത്രമാണ് കേന്ദ്രസർക്കാരിന്റെയും മറ്റും അഭിപ്രായം തേടിയ ശേഷം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. മറ്റു വിഷയങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് അന്ന് വിധിപ്രസ്താവ വേളയിൽ കോടതി വ്യക്തമാക്കുകയും ചെയ്തു.

ബഹുഭാര്യാത്വം ഭരണഘടനാ വിരുദ്ധമാണെന്നും മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്. മുസ്ലിം പുരുഷന് ആ മതം ഒന്നിൽ കൂടുതൽ ഭാര്യമാരെ അനുവദിക്കുന്നുവെന്നും എന്നാൽ ഒരു മുസ്‌ളീം സ്ത്രീക്ക് അത്തരത്തിൽ ഒന്നിൽകൂടുതൽ ഭർത്താക്കന്മാരെ സ്വീകരിക്കാൻ അനുവാദം നൽകുന്നില്ലെന്നും അതിനാൽ ആ മതനിയമം മുസ്‌ളീം വനിതകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടക്കാട്ടിയായിരുന്നു ഹർജി. ഡൽഹിയിൽ നിന്നുള്ള ഒരു വനിതയുടെ പരാതിയും കോടതി പരിഗണിച്ചു. ഈ രീതി ഇന്ത്യൻ പീനൽ കോഡിലെ 494-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പുരുഷന് ദ്വിഭാര്യാത്വം അനുവദിക്കുന്ന മതനിയമം സ്ത്രീക്ക് ദ്വിഭർതൃത്വം അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

ഇതോടൊപ്പം 'നിക്കാഹ് ഹലാലയ്ക്ക് എതിരെയും ഹർജികൾ കോടതിക്ക് മുന്നിലെത്തി. മുസ്‌ളീം പുരുഷൻ ഒരിക്കൽ വിവാഹബന്ധം വേർപെടുത്തിയ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യണമെങ്കിൽ അവരെ മറ്റൊരാൾ വിവാഹംചെയ്ത് മൊഴിചൊല്ലണമെന്നാണ് മതനിയമം അനുശാസിക്കുന്നത്. ഈ മതശാസനവും കോടതിയിൽ ചോദ്യംചെയ്യപ്പെടുന്നു. ഇത്തരത്തിൽ എത്തിയ ഒരു കൂട്ടം ഹർജികളിലാണു സുപ്രീംകോടതി തിങ്കളാഴ്ച നിലപാട് വ്യക്തമാക്കിയതും അതിൽ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും നിയമ കമ്മിഷനും നോട്ടീസ് അയച്ചതും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച ചരിത്രവിധിയിലൂടെയാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. ആറുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ രണ്ടുപേർ മുത്തലാഖ് നിരോധിക്കുന്നതിനെ എതിർത്തപ്പോൾ മൂന്നുപേരാണ് അനുകൂലിച്ചത്. അന്ന് ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവർ മുത്തലാഖ് മുസ്‌ളീം മതവിശ്വാസികളുടെ മൗലികാവകാശമാണെന്ന നിലപാട് സ്വീകരിച്ചപ്പോൾ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ എഫ്. നരിമാൻ, യു യു ലളിത് എന്നിവർ മുസ്‌ളിം വനിതകളുടെ മൗലികാവകാശത്തിന്റെ ലംഘനമാണ് ട്രിപ്പിൾ തലാഖ് എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു വിധിപ്രസ്താവത്തിൽ.

ഇതേത്തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയാൽ മൂന്ന് വർഷംവരെ തടവും പിഴയും ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. അന്ന് മുസ്ലിം ലീഗ് ബില്ലിനെ എതിർത്ത് സഭയിൽ നിന്നിറങ്ങിപ്പോയി. കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ബി.ജെ.ഡി., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പ്രതിപക്ഷപാർട്ടികൾ ബിൽ അവതരണരീതിയെയും ബില്ലിലെ ചില വ്യവസ്ഥകളെയും എതിർത്തു. ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് മുത്തലാഖ് ബിൽ (മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ ബിൽ) അവതരിപ്പിച്ചത്. ബിൽ ചരിത്രപരമാണെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് മുസ്ലിം സ്ത്രീകൾ ആഗ്രഹിക്കുന്ന ബില്ലാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധിച്ച സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവരുന്നത്. ബില്ലിനെ രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സുപ്രീംകോടതിയുടെ വിധിക്കുശേഷവും മുത്തലാഖ് നടക്കുന്ന കാര്യവും അന്ന് പാർലമെന്റിൽ ചർച്ചയായിരുന്നു. 2017-ൽ മുന്നൂറോളം മുത്തലാഖ് കേസുകൾ രാജ്യത്തുണ്ടായിയെന്നും മന്ത്രി ചൂണ്ടിക്കാട്ടുകയും ഇതിൽ നൂറെണ്ണം കോടതിവിധിയുണ്ടായ ശേഷമാണ് നടന്നതെന്ന് വ്യക്തമാക്കുകയും ചെയ്തതും ചർച്ചയായിരുന്നു.

ബില്ലിനെ പൊതുവേ അനുകൂലിക്കുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് കൊണ്ടുവന്ന രീതിയോട് വിയോജിപ്പുണ്ടെന്ന് ആണ് കോൺഗ്രസിന്റെ നിലപാടായി മല്ലികാർജുൻ ഖാർഗെ അന്ന് സഭയിൽ വ്യക്തമാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന വ്യവസ്ഥയെയും ബില്ലിലെ ജയിൽശിക്ഷാ വ്യവസ്ഥയെയും ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ എതിർത്ത് ഭേദഗതികൾ അവതരിപ്പിച്ചെങ്കിലും അവ തള്ളിയാണ് കേന്ദ്രസർക്കാർ മുത്തലാഖ് ബിൽ പാസാക്കിയത്. ഇപ്പോൾ വീണ്ടും മുസ്‌ളീം മതനിയമത്തിലെ മറ്റ് രണ്ട് വിഷയങ്ങളിൽ മുത്തലാഖിന്റേതിന് സമാനമായ രീതിയിൽ കേന്ദ്രസർക്കാരിന്റേയും നിയമ കമ്മിഷന്റേയും അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീം കോടതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP