Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂര്യ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് കാമുകൻ ആയുധം ഒളിപ്പിച്ച ബാഗുമായി എത്തിയെന്ന് സൂര്യയുടെ സഹോദര ഭാര്യയുടെ മൊഴി; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്‌സിന്റെ കൊലപാതകത്തിൽ കോടതിയിൽ എത്തിയത് നിരവധി തെളിവുകളും സാക്ഷി മൊഴികളും; പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുണ്ടെന്ന സർട്ടിഫിക്കറ്റും സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെ പേരുകൾ കുറിച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കി പ്രൊസിക്യൂഷൻ

സൂര്യ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് കാമുകൻ ആയുധം ഒളിപ്പിച്ച ബാഗുമായി എത്തിയെന്ന് സൂര്യയുടെ സഹോദര ഭാര്യയുടെ മൊഴി; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്‌സിന്റെ കൊലപാതകത്തിൽ കോടതിയിൽ എത്തിയത് നിരവധി തെളിവുകളും സാക്ഷി മൊഴികളും; പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുണ്ടെന്ന സർട്ടിഫിക്കറ്റും സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെ പേരുകൾ കുറിച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കി പ്രൊസിക്യൂഷൻ

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് പ്രതി ഷിജു ആയുധം ഒളിപ്പിച്ച കറുത്ത സ്‌കൈ ബാഗുമായി സൂര്യയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചതായി സൂര്യയുടെ സഹോദരന്റെ ഭാര്യ ഷൈനി കോടതിയിൽ മൊഴി നൽകി. പട്ടാപ്പകൽ ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച സൂര്യാ നേഴ്‌സ് കൊലക്കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിലാണ് ഷൈനി ഇപ്രകാരം സാക്ഷി മൊഴി നൽകിയത്. പ്രതി ഷിജുവിനെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞ് പ്രതിയെ ചൂണ്ടിക്കാട്ടി സെഷൻസ് ജഡ്ജി കെ.ബാബു മുമ്പാകെ മൊഴി നൽകുകയായിരുന്നു അവർ.

സൂര്യയെ കൊല്ലാൻ ഉപയോഗിച്ച ആയുധമായ തേങ്ങ അടക്കാൻ ഉപയോഗിക്കുന്ന വെട്ടുകത്തി ഒളിപ്പിച്ചു പ്രതി തോളിൽ തൂക്കിയിരുന്ന കറുത്ത സ്‌കൈ ബാഗ് , സംഭവ ദിവസം സൂര്യ ധരിച്ചിരുന്നതും കൊലക്ക് ശേഷം രക്തപങ്കിലവുമായ ചുരിദാർ ടോപ്പ്, ചുവന്ന പുള്ളികളുള്ള പാന്റ്‌സ്, ചുവന്ന കളറിലുള്ള ഷാൾ, സൂര്യയുടെ സ്‌ക്കൂട്ടറിന്റെ ചാവി , മൊബൈൽ ഫോൺ , പഴ്‌സ് , സ്റ്റീൽ വാച്ച്, ചെരുപ്പ്, സൂര്യ ഉപയോഗിച്ച കൊന്ത മാല എന്നിവ കേസിലെ തൊണ്ടി മുതലുകളായി പ്രോസിക്യൂഷൻ ഹാജരാക്കിയത് തിരിച്ചറിഞ്ഞ് ഷൈനി കോടതിയിൽ മൊഴി നൽകി. തൊണ്ടി മുതലുകൾ കോടതി പ്രോസിക്യൂഷൻ ഭാഗം 2 മുതൽ 5 വരെയും 8 മുതൽ 10 വരെയും ഉള്ള രേഖകളായി കോടതി പ്രോസിക്യൂഷൻ ഭാഗം രേഖകളായി അക്കമിട്ട് തെളിവിൽ സ്വീകരിച്ചു.

2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ് സൂര്യയെ കാമുകനായ പ്രതി വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി.

സൂര്യയുടെ വീട്ടിൽ സൂര്യ.എസ്.നായർ , താൻ , സൂര്യയുടെ സഹോദരനും തന്റെ ഭർത്താവുമായ സൂരജ് ,അംഗൻവാടി നഴ്സറി വിദ്യാർത്ഥിയായ മകൻ , സൂര്യയുടെ മാതാവ് സുശീല , പിതാവ് ശശിധരൻ നായർ എന്നിവരാണ് താമസം എന്ന് ഷൈനി കോടതിയിൽ മൊഴി നൽകി. സംഭവ ദിവസം രാവിലെ 7.30 ന് തന്റെ ഭർത്താവ് തിരുവനന്തപുരം സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയി. മാതാവ് സുശീല ഉച്ച ഭക്ഷണം തയ്യാറാക്കി സൂര്യക്ക് പൊതിഞ്ഞ് വെച്ച ശേഷം7.45 ന് ഹാപ്പി ലാന്റിൽ ജോലിക്ക് പോയി. സൂര്യ 8.15 മണിക്ക് വീട്ടിൽ നിന്നറങ്ങി. തനിക്ക് ഇന്ന് 11 മണിക്ക് ഡ്യൂട്ടിക്ക് കയറിയാൽ മതിയെന്നും എന്നാൽ ആശുപത്രി സൂപ്പർവൈസർ ലിസിയുടെ മകൾക്ക് പിറന്നാൾ സമ്മാനമായി ഡയമണ്ടിന്റെ മോതിരം വാങ്ങാനായി ആറ്റിങ്ങൽ പോകേണ്ടതുണ്ടെന്നും പറഞ്ഞാണ് സൂര്യ സ്വന്തം സ്‌ക്കൂട്ടറിൽ ഓടിച്ചു പോയത്.

സൂര്യയുടെ കഴുത്തിൽ കുരിശ് ലോക്കറ്റിലുള്ള സ്വർണ്ണമാലയും സ്വർണ്ണക്കമ്മലും സെക്കന്റ് സ്റ്റഡ് കമ്മലും ധരിച്ചിരുന്നു . സൂര്യ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് പ്രതി വീട്ടിലേക്കുള്ള ഇടവഴിയിൽ കറുത്ത ബാഗ് തോളിൽ തൂക്കി മൊബൈൽ ഫോൺ കൈയിൽ പിടിച്ച് നിൽക്കുന്നത് താൻ തുണി അലക്കവേ കണ്ടു. പരിചയമില്ലാത്ത ആളായതിനാൽ സൂര്യയുടെ പിതാവിനെയും കൂട്ടി ആരാണെന്നറിയാൻ അടുത്തുചെന്നു. കൂട്ടുകാരനെ കാണാൻ വന്നതാണെന്ന് മറുപടി പറഞ്ഞു. സൂര്യയുടെ ഫോണിലും സൂര്യയെ കിട്ടാതായാൽ തന്റെ ഫോണിലും പ്രതി വിളിക്കാറുള്ളതിനാൽ പരിചയമുള്ള ശബ്ദമായതിനാൽ തനിക്ക് സംശയം തോന്നി 'നീ നന്ദു എന്ന ഷിജു അല്ലേടാ' എന്ന് ചോദിച്ചപ്പോൾ അതേയെന്ന് പ്രതി മറുപടി പറഞ്ഞതായി ഷൈനി മൊഴി നൽകി. ' നീ ഇവിടെ നിൽക്കാതെ വീട്ടിൽ കേറി വാ ' എന്ന് പറഞ്ഞത് പ്രകാരം പ്രതി വീട്ടിൽ വന്നു.

സൂര്യയുമായി ഫോണിൽ സംസാരിക്കുന്നയാളെന്ന് പിതാവിന് താൻ പ്രതിയെ പരിചയപ്പെടുത്തി. താൻ ചായക്ക് വെള്ളം തിളപ്പിക്കാനായി അടുക്കളയിൽ ചെന്നു. പിതാവ് പ്രതിയുമായി സംസാരിച്ച ശേഷം പാൽ എടുക്കാനായി റോഡിലേക്കിറങ്ങി. താൻ അടുക്കളയിൽ നിൽക്കവേ സൂര്യ പ്രതിയോട് ' ഇറങ്ങിപ്പോടാ! ഇറങ്ങിപ്പോടാ ' എന്ന് പറയുന്നത് കേട്ടു. താൻ ചെന്ന് നോക്കിയപ്പോൾ പ്രതി സൂര്യയുടെ മുറിയുടെ വാതിൽ തള്ളിക്കൊണ്ടിരിക്കുകയായിരുന്നു. സൂര്യ അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടിരുന്നു. എന്തന്നാണ് റൂം തള്ളുന്നതെന്ന് ചോദിച്ചപ്പോൾ ആ മുറി കാണാൻ വേണ്ടിയാണെന്ന് പ്രതി മറുപടി പറഞ്ഞു. എന്നാൽ റൂം ഇപ്പോൾ കാണണ്ട വീട്ടുകാരെ വിളിച്ചോണ്ടു വരാൻ താൻ പറഞ്ഞു. എന്നിട്ട് താൻ അയാളോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. ബഹളം കേട്ട് പിതാവ് വന്നപ്പോൾ പിതാവും പ്രതിയെ വീട്ടിൽ കയറി പോകരുതെന്ന് വിലക്കി. തുടർന്ന് പ്രതി ഇറങ്ങിപ്പോയി.

സൂര്യ കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് 2015 ഡിസംബർ വരെ പ്രതിയും സൂര്യയും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. വീട്ടിൽ വന്ന് ബഹളമുണ്ടാക്കിയതിനെ തുടർന്ന് താനും സൂര്യയുടെ മാതാവും ചേർന്ന് പ്രതിയുടെ മാതാവിനെ സൂര്യയുടെ ഫോണിൽ വിളിച്ചപ്പോൾ മാതാവ് പ്രതിയുടെ സഹോദരന് ഫോൺ കൈമാറിയതായും ഇരുവരുടെയും വിവാഹക്കാര്യം സംസാരിച്ചതായും ഷൈനി കോടതിയിൽ മൊഴി നൽകി. ഇരുവരുടെയും അമ്മമാർ തമ്മിൽ ധാരണയിലായതായും കുടുംബത്തിലെ ആണുങ്ങളെയും കൂട്ടി വന്ന് വിവാഹം ആലോചിക്കാനും പറഞ്ഞതായും ഷൈനി മൊഴി നൽകി.

പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് മൂന്ന് ദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. ബംഗ്‌ളുരുവിൽക്രിസ്ത്യൻ മിഷനറി കോളേജിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്.

കൊലക്ക് തലേന്ന് ഇരുവരും തമ്മിൽ ഒരു മണിക്കൂർ 10 മിനിറ്റ് സംസാരിച്ചതിന്റെ കാൾ ഡീറ്റയിൽസ് റെക്കോർഡ് ( സി. ഡി . ആർ ) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുള്ളതായ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെയും മറ്റും പേരുകൾ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാൻ ഇയാൾ ആശുപത്രിയിൽ ചെല്ലുമ്പോൾ സൂര്യയുമായി സംസാരിച്ചു നിൽക്കുന്ന സോക്ടർമാരുടെയും മറ്റും പേരുകളാണ് ഇയാൾ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്. ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP