Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടി പി ചന്ദ്രശേഖരൻ വധ ഗൂഢാലോചന കേസ് വിചാരണയ്ക്ക് മുമ്പേ കോടതി തള്ളി; തെളിവുകളുടെ അഭാവത്തിൽ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതേ വിട്ടു; കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവുമായി കെ കെ രമ

ടി പി ചന്ദ്രശേഖരൻ വധ ഗൂഢാലോചന കേസ് വിചാരണയ്ക്ക് മുമ്പേ കോടതി തള്ളി; തെളിവുകളുടെ അഭാവത്തിൽ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതേ വിട്ടു; കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവുമായി കെ കെ രമ

കോഴിക്കോട്: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ 2009 ൽ ഗൂഢാലോചന നടത്തിയെന്ന കേസ് വിചാരണയ്ക്ക് മുൻപ് തന്നെ കോടതി തള്ളി. 14 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. ചോമ്പാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്. 2009 ൽ ടി പിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആർ എം പി എറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ്. അതേസമയം കേസ് സിബിഐയ്ക്ക് വിടണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. പ്രോസിക്യൂട്ടറുമായി ആലോചിച്ച് തുടർന് നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

2009 ആഗസ്റ്റിൽ ഗൂഢാലോചനയും തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പലതവണ വധശ്രമവും നടന്നുവെന്നാണ് കേസ്. കൊലയാളി സംഘാംഗം സിജിത്ത് എന്ന അണ്ണൻ മെയ്‌ 23ന് അറസ്റ്റിലായതോടെയാണ് ചന്ദ്രശേഖരനെ വധിക്കാൻ മുമ്പും ശ്രമം നടന്ന വിവരം പൊലീസിന് ലഭിച്ചത്. തുടൻന്നാണ് ഇതിൽ അന്വേഷണം നടന്നതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.

സിപിഐ(എം) തലശ്ശേരി ഏരിയ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണൻ, ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകൻ, ഏരിയ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണൻ, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗവും പ്രധാന സൂത്രധാരനുമായ കെ.സി. രാമചന്ദ്രൻ, കിർമാണി മനോജ്, എം.സി. അനൂപ്, ടി.കെ. രജീഷ്, സിജിത് എന്ന അണ്ണൻ, കജൂർ അജേഷ്, ജന്മിന്റവിട ബിജു, ചെട്ടി ഷാജി, പോണ്ടി ഷാജി എന്നിവരായിരുന്നു പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്. അന്തരിച്ചതിനെ തുടർന്ന് സിഎച്ച് അശോകനെ പിന്നീട് ഒഴിവാക്കിയിരുന്നു.

കെ.സി. രാമചന്ദ്രൻ മുന്നിട്ടിറങ്ങി, നേതാക്കളുടെ അറിവോടും സമ്മതത്തോടും ചന്ദ്രശേഖരനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ചുവന്ന മാരുതി ഓമ്‌നി വാനിലും ജീപ്പിലുമായാണ് പലപ്പോഴായി ഇവർ ആയുധങ്ങളും ബോംബുകളുമായി ഇറങ്ങിയത്. പി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ കിർമാണി മനോജ്, ടി.കെ. രജീഷ്, എം.സി. അനൂപ്, സിജിത്, കജൂർ അജേഷ്, ചെട്ടി ഷാജി, പോണ്ടി ഷാജി, ജന്മിന്റവിട ബിജു എന്നിവരാണ് വാഹനങ്ങളിൽ ഒഞ്ചിയത്ത് എത്തിയത്. സിപിഐ(എം) ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന ഗൂഢാലോചനയിൽ പി.പി. രാമകൃഷ്ണൻ, സി.എച്ച്. അശോകൻ, കെ.കെ. കൃഷ്ണൻ, കെ.സി. രാമചന്ദ്രൻ, കിർമാണി മനോജ്, സിജിത് എന്നിവർ പങ്കെടുത്തു.

ഗൂഢാലോചനക്കൊടുവിൽ വഴികാട്ടിയായി കെ.സി. രാമചന്ദ്രനെ നിയോഗിച്ചു. രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഘം കുന്നുമ്മക്കരക്കടുത്ത പ്രാദേശിക ക്‌ളബിന്റെ പരിസരത്ത് കുറേ നേരം കാത്തുനിന്നു. അന്നു രാത്രി 10 വരെ ചന്ദ്രശേഖരനെ പിന്തുടർന്നെങ്കിലും എല്ലായിടത്തും ജനസാന്നിധ്യമുണ്ടായിരുന്നതിനാൽ പദ്ധതി നടപ്പായില്ല. അഞ്ചു ദിവസം കൂടി വടകര മേഖലയിൽ തങ്ങിയെങ്കിലും ശ്രമം വിജയിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചെന്നാണ് കേസ്. ഇതിനു ശേഷമാണ് കൊടി സുനിയെ ദൗത്യം ഏൽപിച്ചതും കൊലപ്പെടുത്തിയതെന്നുമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP