Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച യോഗി ആദിത്യനാഥിന് കനത്ത പ്രഹരമായി സുപ്രീംകോടതി വിധി; മുഖ്യമന്ത്രി യോഗിക്കെതിരായ യുവതിയുടെ വെളിപ്പെടുത്തൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിൽ യുപി പൊലീസ് ജയിലിൽ അടച്ച പ്രശാന്ത് ജഗ്ദീഷ് കനോജിയ അടക്കമുള്ള മൂന്ന് മാധ്യമ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവ്; മാധ്യമ പ്രവർത്തകൻ കൊലക്കുറ്റം ചെയ്തില്ലല്ലോ എന്നു ചോദിച്ചു കോടതി; മതത്തിനും ദൈവത്തിനും എതിരെ പ്രശാന്ത് ട്വീറ്റ് ചെയ്തെന്ന സർക്കാർ അഭിഭാഷകന്റെ വാദവും പൊളിച്ചടുക്കി

മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച യോഗി ആദിത്യനാഥിന് കനത്ത പ്രഹരമായി സുപ്രീംകോടതി വിധി; മുഖ്യമന്ത്രി യോഗിക്കെതിരായ യുവതിയുടെ വെളിപ്പെടുത്തൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിൽ യുപി പൊലീസ് ജയിലിൽ അടച്ച പ്രശാന്ത് ജഗ്ദീഷ് കനോജിയ അടക്കമുള്ള മൂന്ന് മാധ്യമ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവ്; മാധ്യമ പ്രവർത്തകൻ കൊലക്കുറ്റം ചെയ്തില്ലല്ലോ എന്നു ചോദിച്ചു കോടതി; മതത്തിനും ദൈവത്തിനും എതിരെ പ്രശാന്ത് ട്വീറ്റ് ചെയ്തെന്ന സർക്കാർ അഭിഭാഷകന്റെ വാദവും പൊളിച്ചടുക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ യുവതിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിന്റെ പേരിൽ യുപി പൊലീസ് അറസ്റ്റു ചെയ്ത ഫ്രീലാന്റ് ജേണലിസ്റ്റ് പ്രശാന്ത് ജഗ്ദീഷ് കനോജിയ അടക്കമുള്ള മൂന്ന് മാധ്യമപ്രവർത്തകരെ ഉടൻ റിലീസ് ചെയ്യണമെന്ന സുപ്രീംകോടതി. കനോജിയയെ കൂടാതെ നാഷൻലൈവ് ചാനൽ തലവൻ ഇഷിക സിങ്, എഡിറ്റർ അനുഡ് ശുക്ല എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മാധ്യമ പ്രവർത്തകരുടെ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി ഈ വിഷയത്തിൽ യുപി പൊലീസിനെ നിശിദമായി വിമർശിച്ചു കൊണ്ട് രംഗത്തുവന്നത്.

കനോജിയ കൊലയാളി അല്ലല്ലോ എന്ന ചോദ്യമാണ് സുപ്രീംകോടതി ചെയ്തത്. സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പേരിൽ അറസ്റ്റു ചെയ്ത് റിമാൻഡു ചെയ്ത നടപടി തെറ്റാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കീഴ്ക്കോടതിക്ക് തെറ്റുപറ്റിയെന്നും കനോജിയയുടെ ഭാര്യ സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. കനോജിയയെ ഉടൻ ജാമ്യത്തിൽ വിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം സർക്കാർ അഭിഭാഷകൻ കനോജിയയെ വിമർശിച്ചു കൊണ്ടു ജാമ്യം നൽകരുതെന്നാണ് കോടതി മുമ്പാകെ വാദിച്ചത്. കനോജിയ സ്ഥിരം ക്രിമിനലാണെന്ന സർക്കാർ അഭിഭാഷകന്റെ വാദത്തെ കോടതി തള്ളിക്കളഞ്ഞു. മതത്തിനും ദൈവവത്തിനും എതിരെ പ്രശാന്ത് ജഗ്ദീഷ് കനോജിയ ട്വീറ്റ് ചെയ്തെന്ന അഭിഭാഷകന്റെ വാദം കോടതി വിമർശിച്ചു കൊണ്ടു തള്ളിക്കളയുകയായിരുന്നു.

എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് യോഗി സർക്കാരിനെതിരെ നടത്തിയത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ''ഇത്തരം ട്വീറ്റുകളുടെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ, ഈ ട്വീറ്റിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണ്'' എന്ന് സുപ്രീംകോടതി ചോദിച്ചു. ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകൾ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാൽ ഐപിസി 505-ാം വകുപ്പ് കൂടി ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും എഎസ്ജി കോടതിയിൽ സമർപ്പിച്ചു.

എന്നാൽ ഈ ട്വീറ്റുകളുടെ പേരിൽ കനോജിയയെ അറസ്റ്റ് ചെയ്തതിൽ ജസ്റ്റിസ് ഇന്ദിരാ ബാനർജി തൃപ്തി രേഖപ്പെടുത്തിയില്ല. മാത്രമല്ല, കേസിൽ 22-ാം തീയതി വരെ കനോജിയയെ റിമാൻഡിൽ വിട്ട മജിസ്‌ട്രേറ്റിന്റെ തീരുമാനം ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ ജാമ്യഹർജിയിൽ വാദം നടക്കേണ്ടത് കീഴ്‌കോടതിയിലാണെന്ന് എഎസ്ജി കോടതിയിൽ പറഞ്ഞു. രൂക്ഷവിമർശനമാണ് ഇതിനെതിരെ സുപ്രീംകോടതി ഉന്നയിച്ചത്. 'നിയമവിരുദ്ധമായ ഒരു കാര്യം കണ്ടാൽ കൈയും കെട്ടിയിരുന്ന് കീഴ്‌കോടതിയിലേക്ക് പോകൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ല'', എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി പറഞ്ഞു.

ഹേബിയസ് കോർപസ് ഹർജി കൊണ്ട് റിമാൻഡ് ഉത്തരവിനെ എതിർക്കുന്നതെങ്ങനെയെന്ന് എഎസ്ജി ചോദിച്ചു. ഈ കേസിൽ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാൻഡും എന്തിനെന്ന് ജസ്റ്റിസ് രസ്‌തോഗി തിരിച്ചു ചോദിച്ചു. ''കനോജിയയെന്താ കൊലക്കേസ് പ്രതിയാണോ? എന്തടിസ്ഥാനത്തിലാണിത്?'', കോടതി ചോദിച്ചു. തുടർന്ന് വ്യക്തിസ്വാതന്ത്ര്യത്തിൽ ഇത്തരം ഇടപെടലുണ്ടായാൽ അതിൽ സുപ്രീംകോടതിക്ക് ഇടപെടാമെന്നും അതിൽ കീഴ്‌വഴക്കത്തിന്റെ പ്രശ്‌നമില്ലെന്നും നിരീക്ഷിച്ച സുപ്രീംകോടതി, മാധ്യമപ്രവർത്തകനെ ഉടനടി ജാമ്യത്തിൽ വിടാൻ ഉത്തരവിടുകയായിരുന്നു.

നേരത്തെ അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകരെ കോടതിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ ഒരു യുവതി എത്തി മാധ്യമങ്ങളെ കണ്ടിരുന്നു. യോഗിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നുമായിരുന്നു ആവശ്യം. ജൂൺ ആറിന് ഏതാനും മാധ്യമങ്ങൾ നൽകിയ യുവതിയുടെ വാർത്ത ഇവർ ട്വീറ്റ് ചെയ്തിരുന്നു. പ്രശാന്ത് കനോജിയയെ ഉത്തർപ്രദേശ് പൊലീസ് ഡൽഹിയിലെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി ലഖ്നൗവിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മാധ്യമപ്രവർത്തകർക്കെതിരായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. യോഗി ആദിത്യനാഥുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ടെത്തിയ യുവതിയുടെ വാർത്ത പോസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. പത്രപ്രവർത്തകൻ ചെയ്ത ചെയ്തത് അദ്ദേഹത്തിന്റെ ജോലിയാണ്. എന്നിട്ടും ഇക്കാര്യത്തിൽ യുപി പൊലീസിന്റെത് അമിതാധികാര പ്രവണത ആണെന്ന വിമർശനം ശക്തമായിരുന്നു. സംഭവത്തെ അപലപിച്ച് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

മാധ്യമപ്രവർത്തകരെ അടിച്ചമർത്താനുള്ള യോഗി സർക്കാരിന്റെ നീക്കങ്ങളോടുള്ള പ്രതിഷേധമാണിത്, സഹപ്രവർത്തകന് നീതി ലഭിക്കാനുള്ള പോരാട്ടത്തിന് ഡൽഹിയിലെ ചുട്ടുപ്പൊള്ളുന്ന വെയിലിനേക്കാൾ തീക്ഷണതയുണ്ട്. അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ പാർലമെന്റ് മാർച്ചിൽ നൂറ് കണക്കിന് മാധ്യമപ്രവർത്തകർ പങ്കെടുത്തു. യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചുവെന്നാണ് പ്രശാന്തിനെതിരെയുള്ള കുറ്റം. ഐപിസി 500ാം വകുപ്പ് പ്രകാരം മാനഹാനി വരുത്തിയെന്നും ഐടി നിയമത്തിലെ 67ാം വകുപ്പ് പ്രകാരം ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീലവിവരങ്ങൾ പങ്കുവച്ചുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച രണ്ട് പേരെയും വീഡിയോ സംപ്രേഷണം ചെയ്ത ഒരു പ്രാദേശികചാനലിന്റെ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP