Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈറ്റാനിയം അഴിമതിക്കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുഖ്യപ്രതിയാക്കി കേസ് എടുക്കണമെന്ന് വിജിലൻസ് കോടതി; തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന വിജിലൻസിന്റെ ആവശ്യം തള്ളി; രമേശ് ചെന്നിത്തലയും വി കെ ഇബ്രാഹിംകുഞ്ഞും പ്രതികൾ

ടൈറ്റാനിയം അഴിമതിക്കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുഖ്യപ്രതിയാക്കി കേസ് എടുക്കണമെന്ന് വിജിലൻസ് കോടതി; തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന വിജിലൻസിന്റെ ആവശ്യം തള്ളി; രമേശ് ചെന്നിത്തലയും വി കെ ഇബ്രാഹിംകുഞ്ഞും പ്രതികൾ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മുഖ്യപ്രതിയാക്കി ടൈറ്റാനിയം അഴിമതിയാരോപണത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങണമെന്ന് വിജിലൻസ് കോടതി ഉത്തരവ്. കേസ് അവസാനിപ്പിക്കണമെന്ന വിജിലൻസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ്, ഉമ്മൻ ചാണ്ടി, വി കെ ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരടക്കം 12 പേരെ പ്രതിചേർത്ത് പുനരന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാല് മാസത്തിലൊരിക്കൽ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒന്നാം പ്രതിയും അന്നത്തെ കെപിസിസി പ്രസിഡന്റും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല അഞ്ചാം പ്രതിയും വി കെ ഇബ്രാഹിംകുഞ്ഞ് ആറാം പ്രതിയുമാണ്. ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയായിരുന്നു, വിജിലൻസ്, കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസിലെ നിർണ്ണായക സാക്ഷിയായ മുൻ മന്ത്രി കെ കെ രാമചന്ദ്രന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നുമില്ല.

2006ൽ ആണ് ഈ കേസിൽ ടൈറ്റാനിയത്തിലെ സിഐടിയു യൂണിയൻ നേതാവായ മണക്കാട് സ്വദേശി എസ് ജയന്റെ സ്വകാര്യ ഹർജിയെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന ന്യായത്തിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ നിരവധി തവണ സമയം നീട്ടി ആവശ്യപ്പെട്ടിരുന്നു.

ടൈറ്റാനിയം മാലിന്യനിർമ്മാർജന പദ്ധതിയിൽ 200 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ആരോപണം. പദ്ധതി നടത്തിപ്പിൽ അഴിമതിയില്ലെന്നും എന്നാൽ കെടുകാര്യസ്ഥത ഉണ്ടെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. ഇടപാടിൽ അഴിമതിയില്ല സാമ്പത്തിക നഷ്ടം മാത്രമേയുള്ളൂ എന്നാണ് വിജിലൻസ് കോടതിയിൽ ആവർത്തിച്ച് വാദിച്ചുപോന്നത്.

2006ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല കെപിസിസി പ്രസിഡണ്ടും ആയിരിക്കെയാണ് അഴിമതി ഉണ്ടായത്. കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ടൈറ്റാനിയം കേസ് ജനശ്രദ്ധയിൽ വന്നത്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് ഉമ്മൻ ചാണ്ടിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതുകൊണ്ടാണെന്നാണ് രാമചന്ദ്രന്മാസ്റ്റർ ആരോപിച്ചത്.

ടൈറ്റാനിയം കമ്പനിയിൽനിന്നും കടലിലേക്കൊഴുക്കുന്ന മലിനജലം സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ മുൻ എൽഡിഎഫ് സർക്കാർ 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. യുഡിഎഫ് ഗവൺമെന്റ് വന്നതോടെ പഴയ പ്രോജക്റ്റ് അട്ടിമറിച്ചു. പകരം 270 കോടി രൂപയുടെ പുതിയ മാലിന്യ സംസ്കരണ പ്രോജക്റ്റ് ആസൂത്രണം ചെയ്തു. മെ­ക്കോൺ കമ്പനിക്കായിരുന്നു കരാർ. നൂറ് കോടിയോളം രൂപയുടെ ആസ്തിയുള്ള കമ്പനി അതിന്റെ മൂന്നിരട്ടിയോളം രൂപയുടെ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിലെ തട്ടിപ്പ് മറച്ചുവെക്കാൻ കമ്പനിയിലെ ഉല്പാദനം പെരുപ്പിച്ച് കാണിക്കുന്ന കൃത്രിമംപോലും ഉണ്ടായതായി ആക്ഷേപം ഉയർന്നു. അഴിമതി നിറഞ്ഞതാണ് എന്ന് വ്യക്തമായതിനാൽ കരാർ ഒപ്പിടാൻ താൻ തയ്യാറായില്ല എന്നതിനാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് എന്നാണ് രാമചന്ദ്രൻ മാസ്റ്റർ പത്രസമ്മേളനത്തിൽ ആവർത്തിച്ചു പറഞ്ഞത്.

ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ അഴിമതി നീക്കം സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ടെന്ന് രാമചന്ദ്രൻ മാസ്റ്റർ വെളിപ്പെടുത്തുകയുണ്ടായി.

ചേർത്തുവായിക്കാൻ: 120 കോടിയുടെ വാർഷിക വിറ്റുവരവുള്ള കമ്പനിയിൽ 256 കോടിയുടെ മാലിന്യപദ്ധതി; നടപ്പിലായപ്പോൾ ചെലവ് 414 കോടി; ടൈറ്റാനിയം അഴിമതിക്കേസിലെ ഉമ്മൻ ചാണ്ടിയുടെ പങ്കെന്ത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP