Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൃശ്ശൂർ കൊറ്റമ്പത്തൂരിൽ കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വെന്തുമരിച്ചത് മൂന്ന് വനം വകുപ്പ് വാച്ചർമാർ; വനം വകുപ്പ് ഉദ്യോഗസ്ഥറും നാട്ടുകാരും ചേർന്ന് അക്വേഷ്യാ കാടിന്റെ തീ അണയ്ക്കുന്നതിനിടയിൽ കാറ്റേറ്റു പൊലിഞ്ഞ മൂവരും പാവങ്ങളായ താൽക്കാലിക ജീവനക്കാർ; തീച്ചുഴിയിലൂടെ പുറത്തേക്ക് എടുത്ത് ചാടി ഫോറസ്റ്റ് ഓഫീസർ പൊള്ളലോടെ രക്ഷപ്പെട്ടു

തൃശ്ശൂർ കൊറ്റമ്പത്തൂരിൽ കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വെന്തുമരിച്ചത് മൂന്ന് വനം വകുപ്പ് വാച്ചർമാർ; വനം വകുപ്പ് ഉദ്യോഗസ്ഥറും നാട്ടുകാരും ചേർന്ന് അക്വേഷ്യാ കാടിന്റെ തീ അണയ്ക്കുന്നതിനിടയിൽ കാറ്റേറ്റു പൊലിഞ്ഞ മൂവരും പാവങ്ങളായ താൽക്കാലിക ജീവനക്കാർ; തീച്ചുഴിയിലൂടെ പുറത്തേക്ക് എടുത്ത് ചാടി ഫോറസ്റ്റ് ഓഫീസർ പൊള്ളലോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

ദേശമംഗലം: പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വെന്തുമരിച്ചത് മൂന്ന് വനം വകുപ്പ് വാച്ചർമാർ. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അക്വേഷ്യാ കാടിന്റെ തീ അണയ്ക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ കാറ്റിൽ തീ ആളി പടർന്നതോടെയാണ് മൂവരും മരിച്ചത്. വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബൽ വാച്ചറുമായ കെ.വി. ദിവാകരൻ(43), താത്കാലിക ഫയർ വാച്ചർ എരുമപ്പെട്ടി കുമരനെല്ലൂർ കൊടുമ്പ് എടവണ വളപ്പിൽവീട്ടിൽ എം.കെ. വേലായുധൻ(55) താത്കാലിക ഫയർ വാച്ചർ കുമരനെല്ലൂർ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ വി.എ. ശങ്കരൻ (46) എന്നിവരാണ് മരിച്ചത്.

ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരൻ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അതേസമയം ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.ആർ. രഞ്ജിത്ത്(37) കാട്ടുതീയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു. തീച്ചുഴിയിലൂടെ പുറത്തേക്ക് എടുത്ത് ചാടിയാണ് രഞ്ജിത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ. കേരളത്തിൽ ആദ്യമായാണ് കാട്ടുതീ മരണം.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് പ്രദേശത്ത് തീ പടർന്നത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുൻവർഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു. തീപടർന്നതായി അറിഞ്ഞതോടെ വനംവകുപ്പുദ്യോഗസ്ഥരും വാച്ചർമാരുമടക്കം 14 പേർ തീയണയ്ക്കാൻ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരുടെ സഹായത്തിനായി ഉണ്ടായിരുന്നു. നാലുമണിയോടെ തീ നിയന്ത്രണ വിധേയമായി. ഇതോടെ, നാട്ടുകാർ വനംവകുപ്പുകാർക്ക് കുടിവെള്ളം നൽകി തിരിച്ചുപോന്നു.

ഇതിനുശേഷമാണ് കൊലയാളിയുടെ രൂൂപുത്തിൽ കാറ്റ് എത്തിയത്. ശക്തമായ കാറ്റിൽ തീ പെട്ടെന്ന് തന്നെ ഉയരത്തിൽ പടർന്നുപിടിക്കുക ആയിരുന്നു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതിൽ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേർ ഓടിരക്ഷപ്പെട്ടു. എന്നാൽ, ദിവാകരൻ, വേലായുധൻ, ശങ്കരൻ, രഞ്ജിത്ത് തുടങ്ങിയവർ തീച്ചുഴിയിൽപ്പെടുകയായിരുന്നു. ഒന്നും കാണാനാവാത്തതിനാൽ എങ്ങോട്ട് ഓടണമെന്നറിയാത്ത അവസ്ഥയായിരുന്നു. വാച്ചർമാർ മൂന്ന് പേരും തീച്ചുഴിയിൽ പെട്ടു. ഇതിനിടെ രഞ്ജിത്ത് അത്ഭുതരകരമായി പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു.

ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരൻ ധ്യാൻ ഏക മകനാണ്. കാർത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: സുബീഷ്, അനിലൻ, സുബിത. മരുമക്കൾ: സ്മിജ, വിജയൻ. എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത്് മുൻ പ്രസിഡന്റ് എ.കെ. കണ്ണന്റെ സഹോദരനാണ് വേലായുധൻ. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കൾ ശരത്ത്, ശനത്ത്. 2018 മാർച്ചിൽ കേരള-തമിഴ്‌നാട് അതിർത്തിയായ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ട് 23 പേർ മരിച്ചശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള മരണം.

സാധ്യമായതെല്ലാം ചെയ്യും
പൊള്ളം കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ ദുരന്തം ദുഃഖകരമാണ്. പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ നൽകും. വനംമന്ത്രിയുമായും തുടർ നടപടികൾ ചർച്ചചെയ്തിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. -മന്ത്രി എ.സി. മൊയ്തീൻ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP