Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഡോസൾഫാൻ പുനരധിവാസ വില്ലേജ്: 4.9 കോടിയുടെ ഭരണാനുമതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസർഗോഡ് മൂളിയാൽ വില്ലേജിൽ സ്ഥാപിക്കുന്ന എൻഡോസൾഫാൻ പുനരധിവാസ വില്ലേജിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴിൽ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നത്. നിപ്മറിന്റെ സാങ്കേതിക സഹായത്തോടെയുള്ള ഈ പദ്ധതിക്ക് 58.75 കോടിയാണ് കണക്കാക്കുന്നത്. ഒന്നാം ഘട്ടത്തിൽ 4.9 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനാണ് ഭരണാനുമതി നൽകിയത്. എൻഡോസൾഫാൻ പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടൽ മാർച്ച് 14ന് നടക്കുന്നതാണ്. എത്രയും വേഗം നിർമ്മാണ പ്രവത്തനങ്ങൾ തുടങ്ങി പുനരധിവാസ വില്ലേജ് സാക്ഷാത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിത ബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകൾ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും അന്നുതന്നെ നടക്കും. ആദ്യഘട്ടത്തിൽ പ്രവർത്തനം പൂർത്തീകരിച്ച 4 സ്‌കൂളുകളാണ് സാമൂഹ്യ സുരക്ഷ മിഷൻ ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തുന്നത്. മൂളിയാർ, കയ്യൂർ ചീമേനി, കാറടുക്ക കുമ്പടാജെ എന്നീ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്റ്റാഫിന്റെ നിയമനം പൂർത്തിയാക്കുകയും അവർക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തിൽ നൽകി വരികയും ചെയ്യുന്നു. സ്‌കൂളുകൾക്ക് ആവശ്യമായ ഫർണിച്ചർ, സാങ്കേതിക ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിരവധി പദ്ധതികളാണ് ഈ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിത്ത്ത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടി രൂപ, ചികിത്സയ്ക്കായി 15 കോടി, പെൻഷനായി 25 കോടി, ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോളർഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിത്ത്തള്ളുന്നതിന് 6.83 കോടി ഉൾപ്പെടെ 221 കോടി രൂപയോളമാണ് ഇതിനകം എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം നൽകിയത്.

പൂർണമായും കിടപ്പിലായ രോഗികൾ, മാനസിക പരിമിതിയുള്ളവർ എന്നീ വിഭാഗത്തിൽപ്പെടുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെൻഷനും നൽകിവരുന്നുണ്ട്. കാൻസർ, ശാരീരിക പരിമിതി നേരിടുന്നവർ എന്നീ വിഭാഗത്തിൽ പെടുന്നവർക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെൻഷനും നൽകി വരുന്നുണ്ട്. മറ്റ് വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സയും പ്രതിമാസ പെൻഷനും നൽകി വരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളുടേയും കുടുംബങ്ങൾക്ക് സൗജന്യ റേഷനും വൈദ്യുത ബില്ലിൽ 50% ഇളവും നൽകി വരുന്നു.

എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും കേരളത്തിലേയും കർണാടകത്തിലേയും സ്പെഷ്യലൈസ് ചെയ്ത 17 ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി വരുന്നു. വിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് 511 കുട്ടികളുൾപ്പെടെ 516 പേരെക്കൂടി ഉൾപ്പെടുത്തി തുടർ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു. എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളിൽ നിന്നും പുറത്ത് പോയി താമസിപ്പിച്ചവരേയും കൂടി സ്പെഷ്യൽ മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിച്ച് വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയിലൂടെ രോഗം എൻഡോസൾഫാൻ മൂലമാണെന്ന് കണ്ടെത്തിയവരേയും ഉൾപ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP