Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്റ്റേറ്റ് മേൽനോട്ടക്കാരന്റെ ആത്മഹത്യക്കു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ-നോട്ടിരട്ടിപ്പു സംഘം; അഞ്ചു പേർ അറസ്റ്റിൽ; 19 ലക്ഷത്തിന്റെ 2000 രൂപയുടെ കറൻസിയും പിടിച്ചെടുത്തു

എസ്റ്റേറ്റ് മേൽനോട്ടക്കാരന്റെ ആത്മഹത്യക്കു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ-നോട്ടിരട്ടിപ്പു സംഘം; അഞ്ചു പേർ അറസ്റ്റിൽ; 19 ലക്ഷത്തിന്റെ 2000 രൂപയുടെ കറൻസിയും പിടിച്ചെടുത്തു

തിരുവനന്തപുരം: എസ്റ്റേറ്റു മേൽനോട്ടക്കാരന്റെ ആത്മഹത്യക്കു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ-നോട്ടിരട്ടിപ്പു സംഘം. നെടുമങ്ങാട് ഷീലാ എസ്റ്റേറ്റിലെ മേൽനോട്ടക്കാരൻ സുകുമാരൻ നാടാരാ(68)ണു ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പോസ്റ്റ് ഓഫീസിന് പുറകുവശം ഷാജി കോട്ടേജിൽ ഷാജിമോൻ (31), ബാലരാമപുരം ആർസി വാർഡ് തോട്ടുവിളാകത്ത് വീട്ടിൽ അൽഅമീൻ (28), ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറത്തലവിളാകം വാണികാർ സ്ട്രീറ്റിൽ അമീർ (41), വാണ്ടികാർ സ്ട്രീറ്റിൽ നിഷാദ് (28), അരുവിക്കര ഇരുമ്പ കുറുങ്ങോട് തടത്തരികത്തുവീട്ടിൽ ഷാജഹാൻ (34) എന്നിവരാണ് പിടിയിലായത്.

30ലക്ഷത്തിന്റെ പുതിയ കറൻസിക്ക് പകരമായി 60ലക്ഷത്തിന്റെ പഴയ നോട്ടുകൾ നൽകുന്ന ഈ സംഘവുമായുള്ള ഇടപാടാണ് ആത്മഹത്യയ്ക്ക് പിന്നിൽ. അറസ്റ്റിലായവർ ഗുണ്ടാസംഘാംഗങ്ങളാണ്. 19ലക്ഷത്തിന്റെ പുതിയ രണ്ടായിരത്തിന്റെ കറൻസിയും ഇവരിൽ നിന്നു പിടിച്ചെടുത്തു. 19ലക്ഷത്തിന്റെ പുതിയ കറൻസി പുറത്തുനൽകിയ ബാങ്ക് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കുന്നതായി റൂറൽ എസ്‌പി പി അശോക്കുമാർ പറഞ്ഞു.

ഭൂമിക്ക് അഡ്വാൻസ് നൽകാൻ കൊണ്ടുവന്ന 30ലക്ഷം ഒരുസംഘം തട്ടിയെടുത്തതായി ഇപ്പോൾ പിടിയിലായ ഷാജിമോൻ ബാലരാമപുരം എസ്.ഐയ്ക്ക് കഴിഞ്ഞ ഡിസംബർ 24ന് നൽകിയ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. സംഭവം നടന്നത് ശാന്തിഗിരി ആശുപത്രിക്കടുത്തായതിനാൽ കേസ് പോത്തൻകോട് പൊലീസിന് കൈമാറി. സുകുമാരൻ നാടാരുടെ മകൻ സുനിൽകുമാർ, പനക്കോട് സ്‌കൂളിന് സമീപം രതീഷ്, പൂവാർ സ്വദേശി ജോസഫ് എന്നിവരെ പൊലീസ് പിടികൂടി. പരാതിക്കാരനായ ഷാജിമോനും കൂട്ടാളികളും സുനിൽകുമാറിന്റെ വീട്ടിലെത്തി പണം തിരിച്ചെടുത്തു. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്നു വൈകിട്ടാണു സുകുമാരൻ നാടാർ ആത്മഹത്യ ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഷാജിമോനെയും സംഘത്തെയും പിടികൂടിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 30ലക്ഷത്തിന്റെ പുതിയ നോട്ട് നൽകിയാൽ 60ലക്ഷം രൂപയുടെ പഴയനോട്ട് നൽകാമെന്ന വാഗ്ദാനത്തെ തുടർന്നാണ് ഷാജിമോനും സംഘവും പോത്തൻകോടെത്തിയത്. ബാലരാമപുരം പഞ്ചായത്തിലെ ചന്ത ലേലത്തിൽ പിടിച്ചിരിക്കുന്ന ഷാജിമോന് പഴയ നോട്ട് മാറ്റുന്നതിന് ബുദ്ധിമുട്ടില്ലായിരുന്നു. 30 ലക്ഷത്തിന്റെ പുതിയ നോട്ടുമായി ഇടപാടിനെത്തിയ സുനിൽകുമാറിനൊപ്പമുണ്ടായിരുന്ന ഒരു ഗുണ്ടയ്ക്കു പണവുമായി മുങ്ങി. സുനിൽകുമാർ ജയിലിലായ ശേഷം ഗുണ്ടാത്തലവൻ സുകുമാരൻനായരുടെ പറമ്പിൽ 10ലക്ഷംരൂപ കുഴിച്ചിട്ടു. ഇത് സുനിൽ കുഴിച്ചിട്ടതാണെന്ന് വരുത്തിതീർത്തു. ഷാജിമോനെക്കൊണ്ട് ഈ പണം എടുപ്പിച്ചശേഷം സുനിലിന്റെ സുഹൃത്ത് നൽകിയതെന്ന് പറഞ്ഞ് അഞ്ചുലക്ഷവും സുനിലിന്റെ ഭാര്യാവീട്ടിൽ നിന്ന് കിട്ടിയതെന്ന് പറഞ്ഞ് നാലുലക്ഷവും നൽകി.

തട്ടിയെടുത്ത 30ലക്ഷത്തിൽ 19ലക്ഷം നൽകിയതോടെ ഗുണ്ടാത്തലവനെ ഒഴിവാക്കണമെന്നായിരുന്നു വ്യവസ്ഥ. സുനിലിനെ കാണാൻ ജയിലിലെത്തിയവരെ നിരീക്ഷിച്ചാണ് പൊലീസ് ഈ തട്ടിപ്പിന്റെ ചുരുളഴിച്ചത്. അറസ്റ്റിലായ ഷാജിമോൻ എസ്.ഡി.പി.ഐ നേതാവും ഷാജഹാൻ യൂത്ത് കോൺഗ്രസ്സ് അരുവിക്കര മണ്ഡലം ഭാരവാഹിയുമാണെന്ന് പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP