Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ചൻകോവിലാറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയി മുങ്ങി മരിച്ചത് പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സന്റെ മകൻ; കാനഡയിൽ പഠിക്കുന്ന ആരോമൽ നാട്ടിലെത്തിയത് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ

അച്ചൻകോവിലാറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയി മുങ്ങി മരിച്ചത് പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സന്റെ മകൻ; കാനഡയിൽ പഠിക്കുന്ന ആരോമൽ നാട്ടിലെത്തിയത് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ

 പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത് പത്തനംതിട്ട നഗരസഭാ ചെയർപഴ്‌സൺ രജനി പ്രദീപിന്റെ മകൻ. സഹോദരി ആര്യയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് നാട്ടിലെത്തിയപ്പോഴാണ് കാനഡയിൽ വിദ്യാർത്ഥിയായ അഴൂർ കൊടുന്തറ ഇടിക്കാലിൽ വീട്ടിൽ ആരോമൽ പ്രദീപ് (20) ദുരന്തത്തിൽ അകപ്പെട്ടത്. പ്രൈം പീപ്പിൾസ് ലിമിറ്റഡ് ജനറൽ മാനേജർ ഇ.ബി. പ്രദീപ്കുമാറിന്റെ മകനായ ആരോമലിന്റെ സഹോദരിയുടെ വിവാഹം അടുത്തമാസം മൂന്നിനാണ് നിശ്ചയിച്ചിരുന്നത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ അഴൂർ വേലൻകടവിലുണ്ടായ ദുരന്തം നാടിനെയാകെ ദുഃഖക്കയത്തിലാഴ്‌ത്തി. രണ്ടു സുഹൃത്തുകൾക്കൊപ്പം കടവിലെത്തിയ ആരോമൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കളായ കുമ്പഴ സ്വദേശി ജിൻസ് (20), കരിമ്പനാക്കുഴി സ്വദേശി അലൻ (20) എന്നിവർക്കൊപ്പം പുഴയിലിറങ്ങുകയായിരുന്നു. പെട്ടെന്ന് സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാനായി നദിക്ക് കുറുകെ കെട്ടിയ തടയണയിൽ പാകിയിരുന്ന മണൽ ചാക്കുകെട്ടിലൂടെ പായുന്നതിനിടെ ആരോമൽ കാൽവഴുതി വീണു.

കടവിന് സമീപം ലോറിയിൽ തടി കയറ്റുകയായിരുന്ന തൊഴിലാളികൾ കയറിട്ട് നൽകി അലനെയും ജിൻസിനെയും രക്ഷപ്പെടുത്തിയെങ്കിലും ആരോമൽ കയത്തിൽ മുങ്ങിത്താണു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മുക്കാൽ മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അഴൂർ ഇടിക്കാലിക്കൽ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ഇന്നലെ വൈകിട്ട് മരിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് രജനി പ്രദീപിനെ കാണാൻ ആരോമൽ പത്തനംതിട്ട നഗരസഭയിൽ എത്തിയിരുന്നു. എന്നാൽ ഗതാഗത ഉപദേശക സമിതി യോഗം നടക്കുന്നതിനാൽ കാണാൻ കഴിഞ്ഞില്ല. വൈസ് ചെയർമാൻ പി.കെ. ജേക്കബ് അകത്തേയ്ക്ക് വിളിച്ചെങ്കിലും യോഗം നടക്കുന്നതിനാൽ കയറുന്നില്ലെന്നും പിന്നീട് വിളിച്ചോളാമെന്നും പറഞ്ഞ് ആരോമൽ മടങ്ങുകയായിരുന്നു.

തുടർന്ന് ഒന്നര മണിക്കൂറിനുള്ളിലാണ് ഒഴുക്കിൽപ്പെട്ട വിവരം നഗരസഭയിൽ അറിയുന്നത്. ഉടൻ രജനിയും മറ്റ് കൗൺസിലർമാരും സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞു. ഫയർഫോഴ്‌സും പൊലീസും എത്തിയെങ്കിലും മുങ്ങൽ വിദഗ്ദ്ധർ ഇല്ലാഞ്ഞതിനാൽ അവർ വെള്ളത്തിലിറങ്ങിയില്ല. നാട്ടുകാരാണ് മുക്കാൽ മണിക്കൂറോളം തെരച്ചിൽ നടത്തിയത് . അഴൂർ വെയർഹൗസ് ജീവനക്കാരൻ സഹദേവനാണ് ആരോമലിന്റെ മൃതദേഹം കണ്ടെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP