Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂരജിനെ എല്ലാവരും കൈയൊഴിയുന്നു; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പൊതുമരാമത്ത് സെക്രട്ടറിയെ കുടുക്കിയത് റിലയൻസിനോടുള്ള താൽപ്പര്യം? ആക്ഷേപത്തെ തള്ളിക്കളയാതെ മന്ത്രി; എല്ലാം നിഷേധിച്ച് സൂരജും

സൂരജിനെ എല്ലാവരും കൈയൊഴിയുന്നു; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പൊതുമരാമത്ത് സെക്രട്ടറിയെ കുടുക്കിയത് റിലയൻസിനോടുള്ള താൽപ്പര്യം? ആക്ഷേപത്തെ തള്ളിക്കളയാതെ മന്ത്രി; എല്ലാം നിഷേധിച്ച് സൂരജും

പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉൾപ്പെട്ട പൊതുമരാമത്ത് വകുപ്പ് സെക്രട്ടരി ടി.ഒ. സൂരജിനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ആരോപണങ്ങളെല്ലാം സൂരജ് നിഷേധിച്ചു. വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഗുരുതരമായ അച്ചടക്ക ലംഘനമാണ് സൂരജ് നടത്തിയിരിക്കുന്നതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സൂരജിന്റെ ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും വിജിലൻസ് വിശദമായ പരിശോധന നടത്തും. 10 അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ബാക്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഇതിനുള്ള കത്ത് ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. റെയ്ഡിൽ കണ്ടെത്തിയ വസ്തുക്കളുടെ മൂല്യ നിർണ്ണയത്തിന് പ്രത്യേക സംഘത്തേയും വിജിലൻസ് നിയോഗിച്ചിട്ടുണ്ട്.

പൊതുമരാമത്ത് സെക്രട്ടറിയായ സൂരജുമായി ചുരുങ്ങിയ കാലത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും അയാളെ വ്യക്തിപരമായി അറിയില്ലെന്നും വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാൽ സൂരജിന്റെ സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണമായി വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഫോർജി കേബിൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡുകൾ വെട്ടിപ്പൊളിക്കാൻ റിലയൻസിന് നൽകിയ അനുമതിയുമായി ബന്ധപ്പെട്ട വാർത്തകൾ മന്ത്രി നിഷേധിച്ചിട്ടുമില്ല.

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കൾ കുറഞ്ഞ നിരക്കിലാണ് റിലയൻസിന് കരാർ നൽകിയിരിക്കുന്നത്. രണ്ടാംഘട്ട കരാറിന് റിലയൻസിന് അനുമതി നൽകാനുള്ള കരാർ ശ്രദ്ധയിൽപെട്ട മന്ത്രി ഇടപാട് റദ്ദാക്കുകയായിരുന്നു. ക്രമക്കേടിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു മന്ത്രിയുടെ നടപടി. മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ നിഷ്‌കളങ്കരായിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. സൂരജിനെതിരെ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നൂം മന്ത്രി അറിയിച്ചു.

എന്നാൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ അനധികൃതസ്വത്തു സമ്പാദനത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. അന്വേഷണം നടക്കട്ടെ, ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആഭ്യന്തരവകുപ്പിന്റെ നടപടി സ്വാഗതാർഹമാണെന്നും പൂർണ പിന്തുണയുണ്ടെന്നും വി എം. സുധീരൻ പറഞ്ഞു.

അതേസമയം പൊതുമരാമത്ത് സെക്രട്ടറി സൂരജ് അനധികൃത സ്വത്ത് സമ്പാദന ആരോപണം നിഷേധിച്ചു. തനിക്ക് കണക്കിൽ കവിഞ്ഞ സ്വത്തുക്കളില്ലെന്ന് സൂരജ് പറഞ്ഞു. സർക്കാരിന് കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്തത് സഹോദരിയുടെ സ്ഥലം വിറ്റ പണമാണ്. കേരളത്തിന് പുറത്ത് നിക്ഷേപമില്ലെന്നും റിലയൻസിൽ നിക്ഷേപമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ടി.ഒ. സൂരജ് പറഞ്ഞു.

തനിക്ക് റിലയൻസിൽ 17 ഓഹരികളുണ്ടെന്നും സൂരജ് സമ്മതിക്കുന്നു. വിജിലൻസ് പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെത്തിയ പണം സഹോദരിയുടേതാണെന്നും സഹോദരിയുടെ മകളുടെ വിവാഹാവശ്യങ്ങൾക്കുള്ള പണമായിരുന്നു പിടിച്ചെടുത്തതെന്നും ടി ഒ സൂരജ് പറഞ്ഞു. അനധികൃതമായ നിക്ഷേപങ്ങൾ തനിക്ക് ഇല്ലെന്നും ടി ഒ സൂരജ് വ്യക്തമാക്കി. എല്ലാ രേഖകളും വിജിലൻസ് ആവശ്യപ്പെട്ടാൽ ഹാജരാക്കുമെന്നും കോയമ്പത്തൂരിൽ തനിക്ക് ഫൽറ്റില്ലെന്നും സൂരജ് പ്രതികരിച്ചു.

കേരളത്തിന് പുറത്ത് വസ്തുക്കൾ ഇല്ല. കേരളത്തിൽ ഉള്ളത് തന്നെ ലോൺ എടുത്ത് വാങ്ങിയവയാണ് എന്നും സൂരജ് പറഞ്ഞു. അനധികൃത വിദേശ യാത്രകൾ നടത്തിയിട്ടില്ല. 1986 ൽ വാങ്ങിയ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്. തനിക്ക് റിലയൻസിൽ 17 ഓഹരികളുണ്ട്. റിലയൻസിന് കേബിൾ വലിക്കാനുള്ള ഫയൽ മന്ത്രി കാണാതെയാണ് തയ്യാറാക്കിയത്. മന്ത്രി ഇടപെട്ട് റിലയൻസിന്റെ ഫയൽ തടഞ്ഞു എന്നത് ശരിയാണ്. പക്ഷെ റിലയൻസ് ഇപ്പോഴും റോഡിലൂടെ കേബിൾ വലിക്കുന്നത് മറക്കരുതെന്നും ടി ഒ സൂരജ് പറഞ്ഞു.

അതിനിടെ സൂരജിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. കേസിൽപ്പെട്ട സൂരജിനെ സസ്‌പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടണം. രാഹുൽ ആർ നായർക്കെതിരായ നടപടി ടിഒ സൂരജിന്റെ കാര്യത്തിലും വേണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഭരണമുന്നണിയിലെ ഒരു പ്രമുഖ കക്ഷി സൂരജിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ ആരോപിച്ചു.

വിജിലൻസ് പരിശോധനയിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്‌പെന്റ് ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ ഓഫീസുകളിലടക്കം കൈക്കൂലി ഇടപാടുകൾ നടക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടെയാണ് ഒരു ഐ.എ.എസ് ഓഫീസറുടെ ഞെട്ടിക്കുന്ന അവിഹിത സ്വത്ത് ഇടപാടുകൾ പുറത്തു വന്നിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ സൂരജ് ഇരുപതു കോടിയുടെ അഴിമതി നടത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും ഈ അഴിമതിക്കു പിന്നിൽ പ്രവർത്തിച്ച കൂട്ടുപങ്കാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

സൂരജ് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തലിൽ നിന്ന് മുസ്‌ലിം ലീഗിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ആരോപണമുയർത്തി. മാണിക്ക് പിന്നാലെ കോണിയും അഴിമതി ആരോപണത്തിൽ വന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറിഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങിയതിൽ നിന്ന് മുസ്‌ലിം ലീഗിന് കൈകഴുകാൻ കഴിയില്ല. വർഷങ്ങളായി ലീഗ് മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിലാണ് സൂരജ് പ്രവർത്തിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

സർക്കാർ നടത്തുന്ന അഴിമതിയിൽ ഇടനിലക്കാരനാണ് പൊതുമരാമത്ത് സെക്രട്ടറി സൂരജെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പ്രതികരിച്ചു. പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാർക്കും അഴിമതിയിൽ പങ്കുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നടത്തുന്ന അഴിമതിക്ക് സൂരജിനും പണം സമ്മാനിക്കുന്നു. റിയലൻസുമായുള്ള ഇടപാടിൽ പണം നൽകുന്നതിനെ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയും, ടി.ഒ. സൂരജും തമ്മിൽ തർക്കമുണ്ടായിരുന്നു. ദേശീയപാതയിലെ എല്ലാ ജോലികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നു പറഞ്ഞതിലും അഴിമതിയുണ്ട്. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

സൂരജിനെ സസ്‌പെൻഡു ചെയ്ത് സ്വത്തുവകകൾ സർക്കാരിലേക്കു കണ്ടു കെട്ടണം. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നിലപാട് വ്യക്തമാക്കണം. മാറാട് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ സൂരജിനെക്കുറിച്ച് പരാമർശിച്ചതെല്ലാം ഇപ്പോൾ സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്. സൂരജിനെതിരെയുള്ള വിജിലൻസ് അന്വേഷണം ഗൗരവത്തോടെ മുന്നോട്ടു പോകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP