Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിമുക്ത ഭടന്റെ കാർ കെഎസ്ആർടിസി ഇടിച്ച് തകർത്തു; ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുക്കാൻ വിസമ്മതിച്ച് തൊടുപുഴ പൊലീസ്; റോഡിൽ കാർ പാർക്ക് ചെയ്തതിന് വിമുക്ത ഭടന്റെ പേരിൽ കേസ് എടുക്കുമെന്ന് പൊലീസിന്റെ ഭീഷണി; പാക്കിസ്ഥാൻ സൈന്യത്തേക്കാൾ ക്രൂരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന പരാതിയുമായി വിമുക്തഭടൻ

വിമുക്ത ഭടന്റെ കാർ കെഎസ്ആർടിസി ഇടിച്ച് തകർത്തു; ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുക്കാൻ വിസമ്മതിച്ച് തൊടുപുഴ പൊലീസ്; റോഡിൽ കാർ പാർക്ക് ചെയ്തതിന് വിമുക്ത ഭടന്റെ പേരിൽ കേസ് എടുക്കുമെന്ന് പൊലീസിന്റെ ഭീഷണി; പാക്കിസ്ഥാൻ സൈന്യത്തേക്കാൾ ക്രൂരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന പരാതിയുമായി വിമുക്തഭടൻ

തൊടുപുഴ : പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യക്കുവേണ്ടി പത്ത് വർഷത്തോളം തോക്കേന്തിയ വിമുക്ത ഭടൻ, തൊടുപുഴയിൽ തന്റെ വാഹനം ഇടിച്ച് തകർത്ത കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്കെതിരെ കേസ് എടുക്കണമെന്ന് തൊടുപുഴ പൊലീസിനോട് ആവശ്യപ്പെട്ടപ്പോൾ, പാക്കിസ്ഥാൻ സൈന്യത്തേക്കാൾ ക്രൂരമായ പെരുമാറ്റം അനുഭവിച്ച് അറിഞ്ഞു. വാർത്തയിൽ പേര് വെളിപ്പെടുത്തിയാൽ സിഐടി.യു. യൂണിയൻകാരനായ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കുവേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ശുപാർശ ചെയ്ത് തന്നെ അകത്തിടുമോയെന്നാണ് രാജ്യസുരക്ഷയ്ക്ക് കാൽനൂറ്റാണ്ട് പ്രവർത്തിച്ച വിമുക്ത ഭടന്റെ ഭയം.

സംഭവം ഇങ്ങനെ :- 2018 ജനുവരി 25 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി സമയം, തൊടുപുഴയ്ക്ക് സമീപം താമസിക്കുന്ന വിമുക്ത ഭടൻ തന്റെ ഫോർഡ് ഫിഗോ കാർ ഇടുക്കി റോഡിൽ ജോസ്‌കോ ജൂവലറിയോട് ചേർന്ന് അരിക് തീർന്ന് പാർക്ക് ചെയ്ത ശേഷം എതിർവശത്തുള്ള തയ്യൽ സ്ഥാപനത്തിൽ തുണി വാങ്ങുന്നതിനായി പോയി. തയ്യൽ കടയിൽ നിൽക്കുമ്പോൾ പാലായിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി. ബസ് അമിതവേഗത്തിൽ കാറിന്റെ ഒരുവശം ഇടിച്ച് ചളുക്കി മുന്നോട്ട് കയറ്റി നിർത്തി. ബസ് ഡ്രൈവറുമായി സംസാരിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ പോയി സംസാരിക്കാമെന്നായി. എന്തായാലും അവിടെയെത്തിയ പൊലീസ് വിമുക്ത ഭടനോട് കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുവാൻ നിർദ്ദേശിച്ചു.

സ്റ്റേഷനിൽ എത്തിയതോടെ പൊലീസിന്റെ തനിനിറം പുറത്തായി. ഭരണകക്ഷി യൂണിയൻ അംഗമായ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് വേണ്ടിയായിരുന്നു ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരം. ജി.ഡി. എൻട്രി രേഖപ്പെടുത്തി സ്ഥലം വിട്ടുകൊള്ളാനായിരുന്നു നിർദ്ദേശം. എന്നാൽ നിർത്തിയിട്ടിരുന്ന കാറിൽ അശ്രദ്ധമായി ബസിടിപ്പിച്ച ഡ്രൈവർക്കെതിരെ കേസെടുക്കണമെന്ന് വിമുക്ത ഭടൻ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് തനിസ്വഭാവം കാണിച്ചു. റോഡരികിൽ നിയമം ലംഘിച്ച് കാർ പാർക്ക് ചെയ്തതിന് വിമുക്ത ഭടന്റെ പേരിൽ കേസെടുക്കുമെന്നായി. കൂടാതെ വിമുക്ത ഭടന്മാരുടെ ക്വാട്ടയിൽ അപേക്ഷിച്ചിരിക്കുന്ന ജോലി കിട്ടാതെയിരിക്കുന്നതിനും തങ്ങളാൽ ആകുന്ന പണി നൽകുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി.

സിഐടി.യു. യൂണിയൻ നേതാക്കൾ നൽകുന്ന ആജ്ഞ അതേപടി പൊലീസ് അനുസരിക്കുകയായിരുന്നു. വർഷങ്ങളോളം പാക്കിസ്ഥാൻ അതിർത്തിയിൽ ജോലി ചെയ്തപ്പോൾ പാക്ക് പട്ടാളക്കാർ പെരുമാറിയതിലും കഷ്ടമായി തൊടുപുഴ പൊലീസ് പെരുമാറിയത് വിമുക്ത ഭടനെ കടുത്ത മാനസിക സമ്മർദ്ദത്തിലുമാക്കി. ഒരു ലക്ഷത്തോളം രൂപ കാർ നന്നാക്കുവാൻ ചെലവാകും. കൂടാതെ മനക്ലേശവും. കേരളത്തിൽ നിയമത്തിന് ഒരു വിലയും ഇല്ലേയെന്നാണ് രാജ്യം കാക്കാൻ കാൽനൂറ്റാണ്ട് അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്ത ഇദ്ദേഹത്തിന്റെ ചോദ്യം.

എന്തായാലും ഇൻഷുറൻസ് പോലും ഇല്ലാതെ കേരളത്തിന്റെ വീഥികളിലൂടെ പായുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ നാടിന് തന്നെ ശാപവും ശല്യവുമായി മാറിയിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. പൊലീസും കെ.എസ്.ആർ.ടി.സി.ക്കാരും കാക്കിക്കാരായതാണോ തന്നോട് ഇങ്ങനെ പെരുമാറാൻ കാരണമെന്നാണ് വിമുക്ത ഭടന്റെ സംശയം. രാജ്യസേവനത്തിന് ശേഷം ലഭിക്കുന്ന ജോലി തട്ടിക്കളയുമെന്ന് പറയുന്ന പൊലീസിന്റെ ഭീഷണിയെ തുടർന്ന് പേര് വെളിപ്പെടുത്തുവാൻ വിമുക്ത ഭടൻ തയ്യാറായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP