Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്ത് രണ്ടിടങ്ങളിൽ വാഹനാപകടം; ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; ഏറ്റുമാനൂരിൽ ദിശ തെറ്റി വന്ന കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു

കോട്ടയത്ത് രണ്ടിടങ്ങളിൽ വാഹനാപകടം; ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; ഏറ്റുമാനൂരിൽ ദിശ തെറ്റി വന്ന കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു

സ്വന്തം ലേഖകൻ

ചങ്ങനാശേരി/ഏറ്റുമാനൂർ: റോഡ് വീണ്ടും കുരുതിക്കളമായി. കോട്ടയത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും ആണ് അപകടം ഉണ്ടായത്. രണ്ട് അപകടങ്ങളും രാത്രിയിലാണ് സംഭവിച്ചത്. ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാടപ്പള്ളി താഴത്ത് വല്യനാൽ ജേക്കബ് ജോസഫ് (ചാക്കോച്ചൻ - 32) ആണു മരിച്ചത്. രാത്രി 9 നു പൂവത്തുംമൂട് - എൻഇഎസ് ബ്ലോക്ക് റോഡിൽ കല്ലുവെട്ടം ഭാഗത്താണ് അപകടം ഉണ്ടായത്.

മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മരിച്ച ജേക്കബ് ജോസഫ്. ഇന്നു നടക്കേണ്ടിയിരുന്ന ബാങ്ക് ശതാബ്ദി ആഘോഷത്തിനായി കൊടികൾ കെട്ടിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ.മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ പി.സി.ജോസഫിന്റെയും (ഔസേപ്പച്ചൻ) ആലീസിന്റെയും മകനാണ്. സഹോദരി: അനു.

രണ്ടാമത്തെ അപകടം ഉണ്ടായത് രാത്രി 11.20ന് എംസി റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിനു സമീപമാണ്. കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വയനാട് ഇരുളം പേപ്പതിയിൽ മാധവന്റെ മകൻ ഷിബു (45) ആണ് മരിച്ചത്. സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണു ഷിബു. ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ വാടകയ്ക്കു താമസിക്കുകയാണ്. കെഎസ്ആർടിസി ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചത്. തിരുവനന്തപുരത്തുനിന്നു ബത്തേരിക്കുള്ള ബസാണ് ഏറ്റുമാനൂരിൽ അപകടം വരുത്തിയത്.

ഇറക്കം ഇറങ്ങി അമിതവേഗത്തിലെത്തിയ ബസ് തവളക്കുഴി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ക്ഷേത്രഭാഗത്തേക്കു വന്ന ബൈക്കിൽ ദിശ തെറ്റി ഇടിക്കുകയായിരുന്നു. യാത്രികൻ തെറിച്ചു ബസിന്റെ മുൻവശത്തെ ചില്ലിൽ ഇടിച്ചശേഷം റോഡിലേക്കു വീണു. അടിയിൽപെട്ട ബൈക്കുമായി ബസ് 60 മീറ്ററോളം ഓടിയശേഷമാണ് നിന്നത്. ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP