Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തണുപ്പന്മാരായ കോൺഗ്രസ് നേതാക്കൾക്ക് കണ്ണൂർ ഡിസിസി വക ചൂടൻ പണി; നീക്കം ഡിസിസിയുടേയും കെപിസിസിയുടേയും പുനഃസംഘടന വരാനിരിക്കേ; നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ വിലയിരുത്തി; അകാരണമായി പരിപാടികളിൽ പങ്കെടുക്കാതിരുന്നവരെ ഒഴിവാക്കുമെന്ന തീരുമാനത്തിലുറച്ച് നേതൃത്വം

തണുപ്പന്മാരായ കോൺഗ്രസ് നേതാക്കൾക്ക് കണ്ണൂർ ഡിസിസി വക ചൂടൻ പണി; നീക്കം ഡിസിസിയുടേയും കെപിസിസിയുടേയും പുനഃസംഘടന വരാനിരിക്കേ; നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ വിലയിരുത്തി; അകാരണമായി പരിപാടികളിൽ പങ്കെടുക്കാതിരുന്നവരെ ഒഴിവാക്കുമെന്ന തീരുമാനത്തിലുറച്ച് നേതൃത്വം

രഞ്ജിത് ബാബു

കണ്ണൂർ: സംഘടനാ പ്രവർത്തന രംഗത്ത് ഉഴപ്പിക്കളിക്കുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് പണി കൊടുക്കാൻ കണ്ണൂരിലെ ഡി.സി.സി. നേതൃത്വം ഒരുങ്ങുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ വിലയിരുത്തിയാണ് നേതാക്കൾക്കെതിരെ നടപടിയുണ്ടാവുക. ഡി.സി.സി.യുടേയും കെപിസിസി.യുടേയും പുനഃസംഘടന വരാനിരിക്കേ തണുപ്പന്മാരെ മാറ്റി നിർത്താനുള്ള നടപടിയുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് പ്രസിഡണ്ടുമാരുടേയും മണ്ഡലം പ്രസിഡണ്ടുമാരുടേയും യോഗത്തിലും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടി പരിപാടികളിൽ നിന്നും ഒഴിഞ്ഞു മാറുന്നവരെക്കുറിച്ച് നേരത്തെ തന്നെ ആക്ഷേപം നിലനിന്നിരുന്നു.

അതേ തുടർന്ന് ജില്ലാ തലത്തിൽ നടക്കുന്ന പരിപാടികളുടെ വീഡിയോ ദൃശ്യങ്ങൾ ഡി.സി.സി. എടുത്തു സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങളിലൂടെ ഏതെല്ലാം പരിപാടികളിൽ നേതാക്കളുടെ അഭാവമുണ്ടെന്ന കാര്യത്തിൽ വിശദമായി പരിശോധിക്കും. തുടർച്ചയായി കാരണമില്ലാതെ പരിപാടികളിൽ പങ്കെടുക്കാത്തവരെ ഒഴിവാക്കുക തന്നെ ചെയ്യും.സംഘടന നടത്തിയ സമരങ്ങളിൽ നേതാക്കളുടെ ഹാജർ കഴിഞ്ഞ ഒരു വർഷം മുമ്പ് തന്നെ രേഖപ്പെടുത്തി തുടങ്ങിയിരുന്നു. അതോടെ നേതൃരംഗത്തുള്ള പലരും അച്ചടക്കത്തോടെ സംഘടനാ പരിപാടികളിൽ സജീവമാവുകയും ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അവരുടെ പഴയ തണുപ്പൻ സമീപനം തുടരുകയായിരുന്നു.

പ്രാദേശിക ഘടകങ്ങൾ തന്നെ നേതാക്കളുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ബ്ലോക്ക് -ഡി.സി.സി. തലത്തിൽ പരാതിയുമായി എത്തിയിരുന്നു. ഇതെല്ലാം തന്നെ ഗൗരവമായ പരിശോധനക്ക് വിധേയമാക്കിയായിരിക്കും നടപടിയുണ്ടാവുക. കഴിഞ്ഞ ഒരു വർഷക്കാലത്തെ ബ്ലോക്ക് മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളുടെ പ്രവർത്തനങ്ങൾ ഡിസി.സി. റിപ്പോർട്ടാക്കി വച്ചിട്ടുണ്ടെന്നാണ് സൂചന. നിലവിൽ ഉഴപ്പൻ സമീപനം സ്വീകരിക്കുന്ന നേതാക്കൾ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലും പിന്നോക്കം പോയതെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ കെപിസിസി. യുടേയും അനുകൂല നിലപാടുണ്ടാകും.

സാമ്പത്തിക പരിമിതിയുണ്ടായിട്ടും കണ്ണൂർ ജില്ലയിൽപെട്ട ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ മുൻകാലങ്ങളില്ലാത്ത തരത്തിൽ സജീവമാകാൻ കഴിഞ്ഞതായി ബ്ലോക്ക് -മണ്ഡലം തലത്തിൽ നടന്ന യോഗങ്ങളിൽ വിലയിരുത്തപ്പെട്ടു. എന്നാൽ ഒറ്റപ്പെട്ട ചില നേതാക്കൾ സജീവമായ പ്രവർത്തന രംഗത്ത് ഉണ്ടായില്ലെന്നതും നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇവരുടെ ലിസ്റ്റ് നേതൃത്വത്തിന് സമർപ്പിക്കാൻ ബ്ലോക്ക് - മണ്ഡലം പ്രസിഡണ്ടുമാർക്ക് ഡി.സി.സി. നിർദ്ദേശം നൽകി കഴിഞ്ഞു. ബൂത്ത് ചുമതലയുണ്ടായിരുന്ന ചിലർ വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദർശിക്കാതിരുന്നതും നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇത് ഗുരുതരമായ വീഴ്ചയാണ്. തെരഞ്ഞെടുപ്പിനെ ഇത്തരക്കാർ ഗൗരവമായി കണ്ടില്ലെന്നും നേതൃത്വം വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞാൽ ഡി.സി.സി., കെപിസിസി. പുനഃസംഘടന നടക്കും. സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ നേതാക്കളെ പുനഃസംഘടനാ ലിസ്റ്റിൽ പരിഗണിക്കില്ലെന്ന നിലപാടിലാണ് ഡി.സി.സി. നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP