Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിൽ പ്രമുഖ നടന്റെ പങ്കിലേക്കു വിരൽ ചൂണ്ടി കൂടുതൽ പേർ; ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത് പി.സി. ജോർജ് എംഎൽഎയും കൈതപ്രം ദാമോദരനും; ബിനിഷ് കോടിയേരിയെ നേരിട്ടു ബന്ധപ്പെടുത്തി സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റി ബിജെപിയും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിൽ പ്രമുഖ നടന്റെ പങ്കിലേക്കു വിരൽ ചൂണ്ടി കൂടുതൽ പേർ; ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത് പി.സി. ജോർജ് എംഎൽഎയും കൈതപ്രം ദാമോദരനും; ബിനിഷ് കോടിയേരിയെ നേരിട്ടു ബന്ധപ്പെടുത്തി സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റി ബിജെപിയും

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രമുഖ നടന്റെ പങ്കിലേക്കു വിരൽചൂണ്ടി കൂടുതൽ പേർ എത്തുന്നു. വെള്ളിയാഴ്ച നടി ദാരുണമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു സൂപ്പർസ്റ്റാറിന്റെ പേര് നേരത്തേ തന്നെ ഉയർന്നു കേട്ടിരുന്നു. ഇത് ശരിവയ്ക്കുന്നതിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. ഇതോടൊപ്പം മലയാള സിനിമാ ലോകവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ക്വട്ടേഷൻ-മാഫിയ-മയക്കുമരുന്ന സംഘങ്ങളുടെയും കൂടുതൽ വിവരങ്ങളാണ് പുറംലോകത്തിനു ലഭിക്കുന്നത്. രാഷ്ട്രീയ മേഖലയിൽനിന്നും സിനിമാ രംഗത്തുനിന്നും കൂടുതൽ പേർ ആരോപണം രൂക്ഷമാക്കി രംഗത്തെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി എന്ന കുറ്റവാളിക്ക് സിനിമാ ലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ ഇതിനകം തന്നെ പുറത്തായിട്ടുണ്ട്. ഇയാൾ നടനും എംഎൽഎയുമായിരുന്ന മുകേഷിന്റെ ഡ്രൈവാറിയിരുന്നു മുമ്പ്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പങ്കുണ്ടെന്നു ആരോപിക്കപ്പെടുന്ന സൂപ്പർതാരത്തിനും പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സനിമാ മേഖലയിലുള്ളവർക്കു തന്നെ പങ്കുണ്ടെന്ന വ്യക്തമായ സൂചനയാണ് സിനിമാ മന്ത്രി എ.കെ. ബാലൻ ഇന്നു നല്കിയത്. അന്വേഷണം ക്വട്ടേഷൻ സംഘത്തിൽ മാത്രം ഒതുക്കില്ലെന്നാണ് മന്ത്രി ഇന്നു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെ ഒരു പ്രമുഖ നടന് സംഭവത്തിൽ പങ്കുണ്ടെന്ന വ്യക്തമായ ആരോപണം ഉന്നയിച്ച് പൂഞ്ഞാർ എംഎൽഎ പി.സി. ജോർജും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരനും രംഗത്തെത്തിയിട്ടുണ്ട്.

നടിക്ക് ആക്രമണമേറ്റ സംഭവത്തിൽ മലയാളത്തിലെ പ്രമുഖ നടന് ബന്ധമുണ്ടെന്നാണ് മനസിലാക്കുന്നതെന്നാണ് പി.സി.ജോർജ് പറഞ്ഞത്. നടന്റെ കുടുംബം തകർത്തതിൽ ആക്രമണത്തിനിരയായ നടിയുടെ പങ്കാളിത്തമുണ്ടെന്നാണ് കേൾക്കുന്നത്. ക്വട്ടേഷൻ സംഘമാണ് ആക്രമിച്ചതെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നും ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്വട്ടേഷൻ ആണെന്ന് നടി തന്നെ പറഞ്ഞു. ആരാണ് പിന്നിലെന്ന് നടിക്കു തന്നെ അറിയാം. അത് അവർ തന്നെ വെളിപ്പെടുത്തണം. സംഭവത്തിൽ പ്രമുഖ നടന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും പി.സി. ജോർജ് പറഞ്ഞു.

നടിക്കെതിരായ ആക്രമണത്തിൽ പ്രമുഖ നടനു ബന്ധമുണ്ടെന്നു മനസിലായെന്നാണ് കൈതപ്രം ദാമോദരനും വ്യക്തമാക്കിയത്. മലയാളത്തിലെ പ്രമുഖ നടൻ ഗുണ്ടകളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു കൈതപ്രം ആരോപണം ഉന്നയിച്ചത്. നമുക്ക് പ്രിയപ്പെട്ട പലരും ഈ അക്രമത്തിന് പിന്നിലുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇവർ ഗുണ്ടകളെ മുൻനിർത്തി പ്രവർത്തിക്കുന്നു. എത്ര വലിയവരായാലും അവരെ പിടിച്ച് കെട്ടണമെന്നും കൈതപ്രം ആവശ്യപ്പെട്ടു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിനെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ആക്രമണം. സംഭവത്തിനു പിന്നിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കു പങ്കുണ്ടെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചിരിക്കുന്നത്.

സംഭവത്തിനു പിന്നിൽ ഒരു സൂപ്പർസ്റ്റാറും പ്രമുഖനായ ഇടതുപക്ഷ നേതാവിന്റെ രണ്ടു മക്കളുമാണെന്ന് ദേശീയ ദിനപത്രമായ ഡിഎൻഎ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫോളോഅപ് വാർത്തകളൊന്നും തന്നെ പിന്നീട് പുറത്തുവന്നില്ല. ഇതിനിടെയാണ് ഇത്തരമൊരു ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മകനെ രക്ഷിക്കാനെന്നും എഎൻ രാധാകൃഷ്ണൻ ആരോപിച്ചു. കോടിയേരിയുടെ തണുപ്പൻ പ്രതികരണം മകനെ രക്ഷിക്കാനാണ്. തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിസഹായനായി നോക്കിനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരി ആണെന്നും നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലും ബിനീഷ് തന്നെയാണെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

കേസിലെ പ്രതികൾ റോഡ് മാർഗ്ഗം രക്ഷപ്പെട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാറും ആരോപിച്ചു. ഇത് ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ്. ദേശീയ പാതയിൽ പൊലീസ് പരിശോധന ഒഴിവാക്കാൻ ഉന്നത ഇടപെടൽ ഉണ്ടായെന്നും കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുമെന്ന പൊലീസ് വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. കൊച്ചി നഗരത്തിലെ ക്യാമറകൾ പ്രവർത്തിക്കാതായിട്ട് 7 മാസമായി. ആകെയുള്ള 99 ക്യാമറകളിൽ ചിലതുകൊച്ചി മെട്രോയുടെ പണിക്കായി മാറ്റിയിട്ടുണ്ട്. പണി കഴിഞ്ഞിട്ടും ഇത് തിരികെ ഫിറ്റ് ചെയ്തിട്ടില്ല. സർവ്വീസ് നടത്തേണ്ട കമ്പനിക്ക് പണം നൽകാത്തതിനാൽ അവർ അറ്റകുറ്റപ്പണി നടത്തുന്നുമില്ല. ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.

നടിക്കെതിരായ അതിക്രമം വെറും ഗുണ്ടാ അക്രമമാക്കി ചുരുക്കാനാണ് പൊലീസും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നത്. ഇതിലുള്ള ഉന്നത ഗൂഢാലോചന അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ആഭ്യന്തര വകുപ്പ് മറ്റ് ഘടക കക്ഷികളിൽ ആരെയെങ്കിലും ഏൽപ്പിക്കണമെന്നും എം എസ് കുമാർ ആവശ്യപ്പെട്ടു.

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നേരത്തേയുള്ള പ്രതികരണം. ഇത് സംബന്ധിച്ച് പരാതി ലഭിച്ചയുടൻ തന്നെ പ്രശ്നത്തിൽ പൊലീസ് ശക്തമായി ഇടപെട്ടു. മറ്റ് വസ്തുതയകളും യഥാർത്ഥമായി സംഭവത്തിലുൾപ്പെട്ടവരെയും കണ്ടെത്താൻ സഹായകമായ നിലയിലാണ് പൊലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു.

ഇതിനിടെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മയക്കുമരുന്നു മാഫിയാ ബന്ധങ്ങളുടെ വിവരങ്ങളുമായി നടനും എംഎൽഎയുമായ ഗണേശ് കുമാറും രംഗത്തെത്തിയിട്ടുണ്ട്. സിനിമാ മേഖലയിൽ ഗുണ്ടകൾ സജീവമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ സർക്കാർ ഇടപെടൽ ഉറപ്പാക്കുമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്.

കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ചില അനാശാസ്യ പ്രവണതകളെക്കുറിച്ചും മുൻ മന്ത്രി കൂടിയായ എംഎൽഎ എടുത്തുപറഞ്ഞു. കൊച്ചിയിൽ ഒരുപാട് നല്ല ആളുകളുമുണ്ടെന്നത് മറക്കുന്നില്ല. ഒരു അധോലോകത്തിന്റെ സ്വഭാവമാണ് കൊച്ചിയിലെ ചലച്ചിത്ര ലോകത്തിനുള്ളത്. മുൻപ് മുംബൈയിൽ ഇത്തരം അധോലോകം ഉണ്ടായിരുന്നു. കൊച്ചിയിൽനിന്നും ഇറങ്ങുന്ന സിനിമകൾ ശ്രദ്ധിച്ചാൽത്തന്നെ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ചില സിനിമകൾപോലും ഇത്തരം നിലവാരം കുറഞ്ഞവരുടേതാണ്. ഇത് കാണുമ്പോൾതന്നെ മനസിലാകും. താൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സിനിമാ പ്രവർത്തകർക്ക് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടു വിളിച്ചാൽ മതിയെന്നും ഗണേശ്കുമാർ എംഎൽഎ വ്യക്തമാക്കി. എല്ലാ അർത്ഥത്തിലും സിനിമയിലെ അനാവശ്യ പ്രവണതകൾക്കെതിരെ ആഞ്ഞടിക്കുകയാണ് ഗണേശ് കുമാർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP