Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇതെന്തേ ആദ്യം മരിച്ചയാളുടെ മൃതദ്ദേഹമല്ലേ ആദ്യം പരിശോധിക്കേണ്ടത്' ? ആദിവാസി വീട്ടമ്മയുടെ മൃതദ്ദേഹവുമായി മണിക്കൂറുകളോളം മോർച്ചറിക്ക് മുൻപിൽ കാത്തിരുന്നവർക്ക് മറുപടിയായി ലഭിച്ചത് അവഗണന മാത്രം; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും പുറത്ത് വരുന്നത് ആദിവാസികളോട് വരെ കാട്ടുന്ന വിവേചനത്തിന്റെ വാർത്ത

'ഇതെന്തേ ആദ്യം മരിച്ചയാളുടെ മൃതദ്ദേഹമല്ലേ ആദ്യം പരിശോധിക്കേണ്ടത്' ? ആദിവാസി വീട്ടമ്മയുടെ മൃതദ്ദേഹവുമായി മണിക്കൂറുകളോളം മോർച്ചറിക്ക് മുൻപിൽ കാത്തിരുന്നവർക്ക് മറുപടിയായി ലഭിച്ചത് അവഗണന മാത്രം; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും പുറത്ത് വരുന്നത് ആദിവാസികളോട് വരെ കാട്ടുന്ന വിവേചനത്തിന്റെ വാർത്ത

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്: മരണത്തിന് കീഴടങ്ങിയിട്ടും വിവേചനത്തിന് മുൻപിൽ തങ്ങൾ തോറ്റു പോവുകയാണെന്നാണ് ഈ ആദിവാസി സമൂഹത്തിന് പറയാനുള്ളത്. കൂട്ടത്തിൽ മരണപ്പെട്ട വീട്ടമ്മയുടെ മൃതദ്ദേഹം ആശുപത്രിയിൽ കൊണ്ടുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ആശുപത്രി അധികൃതർ മുതിർന്നില്ല. ഇതിനിടയിൽ താമസിച്ചെത്തിയ മൃതദ്ദേഹങ്ങൾ വരെ പരിശോധിച്ചു. എന്നിട്ടും ആദ്യം മരിച്ചയാളുടെ മൃതദേഹമല്ലേ ആദ്യം പരിശോധിക്കേണ്ടതെന്ന് കൂട്ടത്തിലൊരാൾ ചോദിച്ചപ്പോൾ, ആശുപത്രി അധികൃതരിൽ നിന്നും അവഗണനയാണ് മറുപടിയായി ലഭിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ആദിവാസി കുടുംബത്തിന് വേദനാജനകമായ അനുഭവമുണ്ടായത്.

വെള്ളരിക്കുണ്ട് ജാതിമൂപ്പിലെ പാട്ടത്തിൽ കണ്ണന്റെ ഭാര്യ വെള്ളച്ചി(67)യെ ഞായറാഴ്ചയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ഞായറാഴ്ച വൈകുന്നേരം മൂന്നോടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്കുശേഷം വന്ന മൃതദേഹങ്ങളുടെ പരിശോധന പിറ്റേന്നാൾ രാവിലെയാണ് നടത്താറുള്ളത്. അതിനാൽ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് ഉറക്കമൊഴിഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ മൃതദേഹവുമായി വെള്ളരിക്കുണ്ടിലെത്തി ശവസംസ്‌കാരച്ചടങ്ങ് നടത്തുന്ന കാര്യവും തീരുമാനിച്ചു.

എന്നാൽ രാവിലെ ജില്ലാ ആശുപത്രിയിലെ മൃതദേഹ പരിശോധനാ മുറിയിലേക്ക് മറ്റൊരു മൃതദേഹമെത്തിക്കുന്നതാണ് ഇവർ കണ്ടത്. വെള്ളച്ചിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോൾ മോർച്ചറിയിൽ മൃതദേഹമൊന്നുമുണ്ടായിരുന്നില്ല. ഏതായാലും മുറിയിലേക്ക് കയറ്റിയതല്ലേ, പരിശോധന കഴിയട്ടെയെന്ന് സമാധാനിച്ച് വെള്ളച്ചിയുടെ ബന്ധുക്കൾ ക്ഷമിച്ചിരുന്നു. അതു കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരു മൃതദേഹമെത്തിച്ചു. സഹികെട്ട വെള്ളച്ചിയുടെ ബന്ധുക്കൾ കാഞ്ഞങ്ങാട്ട് അറിയാവുന്നവരെയെല്ലാം വിളിച്ച് സങ്കടം പറഞ്ഞു.

മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം കാര്യങ്ങൾ വിളിച്ച് ചോദിച്ചപ്പോഴാണ് സംഭവം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ഉടൻ ആശുപത്രി സൂപ്രണ്ടുൾപ്പെടെയുള്ളവരെ വിളിക്കുകയും ഉടൻ മൃതദേഹപരിശോധന നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. വിഷയം ജില്ലാ കളക്ടറുടെ മുമ്പിലുമെത്തി. പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം 3.30-ന് വെള്ളച്ചിയുടെ മൃതദേഹം പരിശോധിച്ചു.

വെള്ളച്ചിയുടെ മൃതദേഹം കിടത്താൻ വാങ്ങിയ പായ മറ്റൊരു മൃതദേഹം കിടത്താൻ എടുത്തുകൊണ്ടുപോയത് ഇതിനിടെ വാക്കുതർക്കത്തിനിടയാക്കി. പരിശോധന കഴിഞ്ഞപ്പോൾ നേരം ഏറെ വൈകി. സന്ധ്യയായതിനാൽ മൃതദേഹം ഉൾപ്രദേശത്തുള്ള വീട്ടിലെത്തിക്കാനും ബുദ്ധിമുട്ടി. ഈ സമയം കനത്ത മഴ പെയ്തതും ശവസംസ്‌കാരച്ചടങ്ങുകളെ ബാധിച്ചു.മോർച്ചറിയിൽ രണ്ട് മൃതദേഹങ്ങൾ നേരത്തേയുണ്ടായിരുന്നതിനാലാണ് വെള്ളച്ചിയുടെ മൃതദേഹപരിശോധന വൈകിയതെന്ന് ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP