Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈക്കുഞ്ഞായിരുന്നപ്പോൾ ആദ്യ ഹൃദയശസ്ത്രക്രിയ; രക്ഷകനായ ഡോക്ടറെ തേടി അവളെത്തിയത് 23 വർഷങ്ങൾക്ക് ശേഷം; പാക്കിസ്ഥാനിൽ നിന്നും തിരുവല്ലയിലേക്ക് 'ഹൃദയപൂർവ്വം ' അഫിയയുടെയും കുടുംബത്തിന്റെയും യാത്ര

കൈക്കുഞ്ഞായിരുന്നപ്പോൾ ആദ്യ ഹൃദയശസ്ത്രക്രിയ; രക്ഷകനായ ഡോക്ടറെ തേടി അവളെത്തിയത് 23 വർഷങ്ങൾക്ക് ശേഷം; പാക്കിസ്ഥാനിൽ നിന്നും  തിരുവല്ലയിലേക്ക് 'ഹൃദയപൂർവ്വം ' അഫിയയുടെയും കുടുംബത്തിന്റെയും യാത്ര

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: ആ ഹൃദയത്തിന് തുടിപ്പ് നൽകിയ കൈകളെ തേടി അവളെത്തി. മൂവായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ ദൂരത്തിൽ പാക്കിസ്ഥാനിൽ നിന്നും തിരുവല്ലയിലേക്ക് ഹൃദയപൂർവ്വം ഒരു യാത്ര. മലയാളിയും പീഡിയാട്രിക്ക് കാർഡിയോ തൊറാസിക്ക് സർജനുമായ ഡോ. ജോൺ വല്യത്തിനെ തേടിയാണ് പാക്കിസ്ഥാനിലെ കാരോറിൽ നിന്നും അഫിയയും കുടുംബവും എത്തിയത്. നാളുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ആ കുടുംബം ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളജ് ആശുപത്രിയുടെ വെബ്സൈറ്റിൽ നിന്നും ഡോക്ടറെ കണ്ടെത്തി. അഫിയ എന്ന ഇരുപത്തിമൂന്നുകാരിയുടെ സങ്കീർണ്ണ ഹൃദയ ശസ്ത്രക്രിയക്കായി ശത്രുക്കളായി തുടരുന്ന രണ്ടു രാജ്യങ്ങൾക്കിടയിലെ ദൂരമായിരുന്നു ആ കുടുംബം താണ്ടിയത്.ജനിച്ചപ്പോൾ തന്നെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു അഫിയയ്ക്ക്. ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കടുത്ത ശ്വാസംമുട്ടലും ശരീരത്തിൽ നീലനിറവും കണ്ടതിനെ തുടർന്ന് മസ്‌ക്കറ്റിലെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

റോയൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി അഫിയയുടെ ശസ്ത്രക്രിയ നടത്തുന്നതിൽ സംശയം പ്രകടിപ്പിച്ചപ്പോൾ അഞ്ചുമാസം പ്രായമുള്ള അഫിയയുടെ ശസ്ത്രക്രിയ നടത്താൻ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജനായിരുന്ന ഡോ. ജോൺ വല്യത്ത് തീരുമാനിച്ചു. 1998 ൽ നടന്ന ആ ശസ്ത്രക്രിയയും അഫിയയുടെ 13-ാം വയസിൽ നടന്ന രണ്ടാമത് ശസ്ത്രക്രിയയും വിജയംകണ്ടു. ശേഷം കുടുംബം പാക്കിസ്ഥാനിലേക്ക് മടങ്ങി. അഫിയ വളർന്നു.ബഹാവുദ്ദീൻ സക്കറിയാസ് സർവകലാശാലയിൽ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ അവൾക്ക് അടുത്ത ശസ്ത്രക്രിയ നടത്താനായി പാക്കിസ്ഥാനിലെ വമ്പൻ ആശുപത്രികളെയും വിദഗ്ദ്ധ ഡോക്ടർമാരെയും സന്ദർശിച്ചെങ്കിലും പാക്കിസ്ഥാൻ ആശുപത്രികളിലെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് 40 ശതമാനം വിജയ സാധ്യതയേ കൽപ്പിച്ചുള്ളൂ. മുൻപ് ശസ്ത്രക്രിയ നടത്തിയ ഡോ. ജോൺ വല്യത്തിന്റെ അർപ്പണ മനോഭാവത്തിലും വൈദഗ്ധ്യത്തിലും വിശ്വാസമുണ്ടായിരുന്ന ആ കുടുംബം അന്നു മുതൽ അദ്ദേഹത്തെ തിരയാൻ ആരംഭിച്ചു.

ഒട്ടേറെ മാസങ്ങൾ അന്വേഷിച്ച് നടന്നാണ് വല്യത്തിനെ അവർ കണ്ടുപിടിച്ചത്. ജൂലൈ ആദ്യവാരം ബിലീവേഴ്സ് ആശുപത്രിയിലെത്തിയ അഫിയ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയയായി. ഡോ. ജോൺ വല്ല്യത്തിനൊപ്പം ഡോ. കണ്ണൻ ആർ നായർ, അനസ്തെറ്റിസ്റ്റുകളായ ഡോ.സജിത്ത്സുലൈമാൻ, ഡോ.ബെൻസൺ ഏബ്രഹാം, ഹാർട്ട്ലങ് മെഷീൻ ടെക്നീഷ്യന്മാരായ സലിം, അനന്തിത, അനസ്തേഷ്യ ടെക്ക്നീഷ്യന്മാരായ സെന്തിൽ, ബിബിൻ കൂടാതെ ആറു പേരടങ്ങുന്ന നഴ്സിങ് സംഘം. ശസ്ത്രക്രിയയിൽ കൂടെയുണ്ടായിരുന്നു. ഐ.സി.യുവിലെ നാല് ദിവസങ്ങൾക്ക് ശേഷം അഫിയയെ മുറിയിലേക്ക് മാറ്റി. തുടർന്ന് പരിചരണങ്ങൾക്ക് ശേഷം ഈ മാസമാദ്യം അവർ പാക്കിസ്ഥാനിലേക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP