വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ച് ചട്ടക്കൂട് തകർന്നു; അപകടകരമായ കേടുപാട് സംഭവിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നത് മൂന്ന് മണിക്കൂറോളം
October 12, 2018 | 03:52 PM IST | Permalink

സ്വന്തം ലേഖകൻ
മുംബൈ: വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ച് കേടുപാട് സംഭവിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മൂന്ന് മണിക്കൂറോളം വീണ്ടും പറന്നത് അപകടകരമായ അവസ്ഥയിൽ. യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധം ചട്ടക്കൂട് തകർന്നിട്ടും എയർ ഇന്ത്യാ വിമാനംകേടുപാടുകൾ പറ്റിയതറിയാതെ വീണ്ടും പറക്കുക ആയിരുന്നു.
ട്രിച്ചി വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ച് വെള്ളിയാഴ്ച്ച പുലർച്ചെ 1.20 ഓടെയായിരുന്നു ദുബായിലേക്ക് പറന്ന വിമാനത്തിന് കേടുപാടുകൾ പറ്റിയത്. അപകടത്തിൽപെട്ട വിമാനത്തിന്റെ രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ചെന്ന് മാത്രമായിരുന്നു ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ പിന്നീട് സുരക്ഷാ പരിശോധനയ്ക്കായി മുംബൈയിൽ ഇറക്കിയപ്പോഴാണ് വിമാന്തതിന് കേടുപാടുകൾ പറ്റിയതായി കണ്ടെത്തിയത്. വിമാനത്തിന്റെ ചട്ടക്കൂട് ഏറെക്കുറെ കഷണങ്ങളായി വിട്ടുപോയിരുന്നു. വിമാനം ഇനി ഉപയോഗിക്കാനാവാത്ത വിധം നശിച്ചുപോയ അവസ്ഥയിലായിരുന്നു.
മതിലിടിച്ചു തകർത്ത വിമാനം തുടർന്നും പറപ്പിച്ച പൈലറ്റുമാർ നൽകിയ റിപ്പോർട്ട് സംവിധാനങ്ങളെല്ലാം സ്വാഭാവികമാണ് എന്നും വിമാനത്തിന്റെ പ്രവർത്തനത്തിന് തകരാറുകളില്ല എന്നുമായിരുന്നു. എന്നിട്ടും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ മാത്രം വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. ചൈന്നൈയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമായിരുന്നു അത്.
വെള്ളിയാഴ്ച്ച പുലർച്ചെ 1.20 ഓടെയായിരുന്നു ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനം അപകടത്തിൽ പെട്ടത്. തുടർന്ന് പറന്നുയർന്ന വിമാനം പുലർച്ചെ 5.35 ഓടെ മുംബൈയിൽ ഇറക്കുകയായിരുന്നു. ഗുരുതരുമായ തകരാറുകൾ സംഭവിച്ച വിമാനത്തിന്റെ ആന്റിന ട്രിച്ചി വിമാനത്താവളത്തിൽ കണ്ടെത്തിയിരുന്നു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായതെന്ന് വിമാനം പരിശോധിച്ച വിദഗ്ദ്ധർ വിലയിരുത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
