Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിന്റെ സമ്പദ്ഘടനയും ഭരണഘടനയും കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന മോദി സർക്കാരിനെ അധ്വാനിക്കുന്ന ജനവിഭാഗം തൂത്തെറിയുമെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ; സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

രാജ്യത്തിന്റെ സമ്പദ്ഘടനയും ഭരണഘടനയും കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന മോദി സർക്കാരിനെ അധ്വാനിക്കുന്ന ജനവിഭാഗം തൂത്തെറിയുമെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ; സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

രഞ്ജിത് ബാബു

കണ്ണൂർ: രാജ്യത്തിന്റെ സമ്പദ്ഘടനയെയും ഭരണഘടനയെയും ലോക മുതലാളിത്തത്തിനും കോർപ്പറേറ്റ് ശക്തികൾക്കും അടിയറവ് വെച്ചു കൊണ്ടിരിക്കുന്ന മോദി സർക്കാരിനെ 2019ൽ രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗം തൂത്തെറിയുമെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ. എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മോദി സർക്കാരിന്റെ സാമ്പത്തിക നയം കൊണ്ട് രാജ്യത്തെ കർഷകർക്കും, വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും, അദ്ധ്യാപകർക്കും, സാധാരണക്കാർക്കുമെല്ലാം ദുരിതങ്ങൾ മാത്രമാണ് സംഭവിക്കുന്നത്. അവർ അംബാനിയുടെയും അദാനിയുടെയും ലാഭത്തിനായി പ്രവർത്തിക്കുന്നു.

മോദി സർക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇടതുപക്ഷപാർട്ടികൾ നടത്തി കൊണ്ടിരിക്കുന്നതെന്നാണ് പലരും പറയുന്നത്. ശരിയാണ് ഞങ്ങൾ രാഷ്ട്രീയം കളിക്കുകയാണ്. നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാക്കി രാജ്യം ഭരിക്കുന്നവർ കുത്തക മുതലാളിമാർക്കും കോർപ്പറേറ്റ് ശക്തികൾക്കും വേണ്ടിയും സാധാരണക്കാരോട് രാഷ്ട്രീയം കളിക്കുമ്പോൾ ഇതിനെതിരെ തൊഴിലാളിവർഗ്ഗം മുന്നിട്ടിറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.

ഇക്കാര്യത്തിൽ നിങ്ങൾക്കെന്താണിത്ര ആത്മവിശ്വാസം എന്ന് പലരും ചോദിക്കുന്നു. ശരിയാണ് നമുക്ക് ആത്മവിശ്വാസമുണ്ട്. അത് തൊഴിലാളി വർഗ്ഗം പകർന്ന് തന്ന ആത്മവിശ്വാസമാണ്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സാമ്രാജിത്വത്തിന് വേണ്ടി പോരാടി വിജയം നേടിയവരാണ് തൊഴിലാളി വർഗ്ഗം. അവർക്ക് ജനാധിപത്യവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണാധികാരികളെ താഴെയിറക്കാൻ നിഷ്പ്രയാസം സാധിക്കുമെന്നത് ഉറപ്പാണ്.

ഇറ്റലിയോ ജർമനിയോ ഒന്നും അല്ല ഇന്ത്യ.വ്യത്യസ്ത ഭാഷയും സംസ്‌കാരവും കൂടി ചേർന്ന രാജ്യം ആണ്. അത് രാജ്യം ഭരിക്കുന്നവർക്ക് ഇതുവരെ മനസിലായില്ല. ഹിന്ദുത്വ രാഷ്ട്രീയം ആണ് അവർ ഇവിടെ നടപ്പിലാക്കുവാൻ നോക്കുന്നത്. എല്ലായിടങ്ങളിലും അവർ വർഗീയ വിഷം ചീറ്റുവാൻ നോക്കുന്നു. ഭരണകൂടത്തിനെതിരെ ചോദ്യമുയരുന്നത് തടയാൻ രണ്ട് നയങ്ങളുമായാണ് കേന്ദ്ര ഭരണാധികാരികൾ മുന്നോട്ട് പോകുന്നത്.

രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കി ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നതോടൊപ്പം ചില വിവാദവിഷയങ്ങളുയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുകയെന്നതാണ് അത്്, അത്തരത്തിലൊരു വിവാദമാണ് ശബരിമലയുടെ പേരിൽ കേരളത്തിൽ അവർ ഉയർത്തി കൊണ്ടുവന്നത്. ഉത്തരേന്ത്യയിൽ ശ്രീരാമന്റെ പേരിൽ നടത്തുന്നതും ഇതേ ശ്രദ്ധ തിരിക്കൽ തന്ത്രമാണ്. ശബരിമലയിൽ താത്പര്യമുള്ളവർ പോകുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ. എന്തിനാണ് ഡൽഹിയിലിരിക്കുന്നവർ ഇതിനെ കുറിച്ച് ചിന്തിക്കുന്നത്. രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥക്ക് മാത്രമല്ല രാജ്യത്തിന്റെ പൈതൃകത്തിനും പാരമ്പര്യത്തിനുമാണ് ഇവർ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

അധികാരത്തിലേറുന്നത് മുമ്പ് ഓരോ വർഷവും രണ്ടര കോടി തൊഴിൽ ഉണ്ടാക്കുമെന്നും കള്ളപണം ഇല്ലാതാക്കുമെന്നും അഴിമതിയെ തുടച്ചു നീക്കുമെന്നും എന്നൊക്കെ വീമ്പ് പറഞ്ഞതാണ് മോദി സർക്കാർ.എന്നാൽ ഇപ്പോൾ അഴിമതിയും തൊഴിലില്ലായ്മയും കള്ളപ്പണ്ണവും എല്ലാം ദിനം പ്രതി വർധിക്കുകയാണ് ചെയ്യുന്നത്.പ്രധാന മന്ത്രിയുടെ ഓഫീസിൽ വരെ വൻ അഴിമതി ഉണ്ടായിരിക്കുകയാണ്.സ്വാതന്ത്യത്തിന്റെ വില അറിയാത്തവരാണ് രാജ്യം ഭരിക്കുന്നത്. കാരണം രാജ്യത്തിന്റെ സ്വാത്രന്ത്ര്യലബ്ദിക്കായി അവർ ഒന്നും ചെയ്തില്ല.

ബ്രിട്ടീഷുകാരെ പിന്തുണച്ചവരായിരുന്നു അന്ന് അവർ. നമ്മുടെ ഭരണഘടനയെ തകർക്കുന്ന തരത്തിലുള്ള നടപടിയിലേക്ക് പോകുന്നവർക്ക് ഒരു രാഷ്ട്രീയപാർട്ടിയായി തുടരാൻ അവകാശമില്ലെന്ന് മാത്രമല്ല അവർക്ക് രാജ്യത്തെ ഭരിക്കാനുള്ള അധികാരവുമില്ലെന്നും അമർജിത്ത് കൗർ പറഞ്ഞു.

സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച സി ഐ ടി യു സംസ്ഥാനജനറൽ സെക്രട്ടറി എളമരം കരീം, ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവരും തൊഴിലാളി വിരുദ്ധ-ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP