Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയ പരാധീനതകൾ വകവയ്ക്കാതെ സ്‌കൂൾ കലോൽസവത്തിന് ഒരുങ്ങി ആലപ്പുഴ; പരാതിയും പരിഭവവുമില്ലാതെ ചിട്ടയോടെ സംഘടിപ്പിക്കാൻ സംഘാടകസമിതിയുടെ തീവ്രയത്‌നം; മത്സരയിനങ്ങളും വേദികളും വിശദമാക്കി കലോത്സവ കലണ്ടറിന്റെ പ്രകാശനം; മേളയ്ക്ക് മൂന്നുനാൾ ശേഷിക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

പ്രളയ പരാധീനതകൾ വകവയ്ക്കാതെ സ്‌കൂൾ കലോൽസവത്തിന് ഒരുങ്ങി ആലപ്പുഴ; പരാതിയും പരിഭവവുമില്ലാതെ ചിട്ടയോടെ സംഘടിപ്പിക്കാൻ സംഘാടകസമിതിയുടെ തീവ്രയത്‌നം; മത്സരയിനങ്ങളും വേദികളും വിശദമാക്കി കലോത്സവ കലണ്ടറിന്റെ പ്രകാശനം; മേളയ്ക്ക് മൂന്നുനാൾ ശേഷിക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ആർ പീയൂഷ്

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് മൂന്നു ദിവസം ശേഷിക്കേ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. സംസ്ഥാന സ്‌കൂൾ കലോത്സവം പരാതിരഹിതമായി ചിട്ടയോട് സംഘടിപ്പിക്കാൻ സ്വാഗതസംഘം ചെയർമാൻ മന്ത്രി ജി.സുധാകരന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ തീരുമാനം. ആലപ്പുഴയുടെ തനിമയ്ക്കും സർക്കാരിന്റെ ഔന്നത്യത്തിനും യോജിക്കുംവിധം മേള സംഘടിപ്പിക്കാൻ ഏവരുടെയും സഹായസഹകരണമുണ്ടാവണമെന്നും താമസസ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മറ്റു ജില്ലകളിൽ നിന്ന് മേളയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഓർമ്മപ്പെടുത്തി. പ്രളയം സാമ്പത്തികമായി ആലപ്പുഴയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ പരാധീനത ബാധിക്കാതെ തന്നെ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സജ്ജീകരണം ഇവിടെ ഒരുക്കുന്നുണ്ട്. ചടങ്ങിൽ മൽസരയിനങ്ങളും വേദികളും പരാമർശിക്കുന്ന കലോൽസവ കലണ്ടറും അദ്ദേഹം പ്രകാശനം ചെയ്തു. 29 വേദികളിലായി പരമാവധി ചെലവു കുറഞ്ഞ രീതിയിൽ മികച്ച നിലയിലാണ് കലോൽസവം സംഘാടനം ചെയ്തിട്ടുള്ളതെന്ന് മേളയുടെ കോ-ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ചൂണ്ടിക്കാട്ടി. 12000 വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് മേളയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷ. ഇവർക്കാവശ്യമായ അത്യാവശ്യം സൗകര്യങ്ങളെല്ലാം ഒരുക്കി വരികയാണെന്നും ഇക്കാര്യത്തിൽ പരാതിക്കിട നൽകാത്ത വിധം പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

29 വേദികളുടെയും പെയിന്റിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്ന് പ്രോഗ്രാം കമ്മറ്റി അധ്യക്ഷനായ നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. വിവിധ വേദികളുടെ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപയാണ് നരസഭ ചെലവഴിക്കുന്നത്. കലോൽസവമാകെ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പാക്കാൻ നഗരസഭയുടെ മുഴുവൻ സംവിധാനവും ഉപയോഗിക്കും. നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരം മുഴുവൻ വൃത്തിയാക്കിയ മാതൃകയിൽ കലോൽസവ നാളുകളിലും നഗരസഭ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഒത്തൊരുമിച്ചു പ്രവർത്തിക്കും. രജിസ്‌ട്രേഷൻ ആറിന് തുടങ്ങും. മേളയിലേക്കുള്ള വിദ്യാർത്ഥികൾ ഈമാസം അഞ്ചോടെ ഇവിടെ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. ആറിന് രാവിലെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങും. ഇവർക്കും അദ്ധ്യാപകർക്കും സംഘാടകർക്കും ഉൾപ്പടെയുള്ളവർക്ക് നൽകാനുള്ള ബാഡ്ജുകൾ അഞ്ചിന് തയ്യാറാകും. 14 കേന്ദ്രങ്ങളിലായി 60 അദ്ധ്യാപകരാണ് രജിസ്‌ട്രേഷൻ കൗണ്ടറിലുണ്ടാവുക. കലോൽസവം നഗരത്തിലെ തന്നെ സ്‌കൂളുകൾ കേന്ദ്രീകരിച്ചായതിനാൽ അറവുകാട് മുതൽ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാർത്ഥികൾക്കുള്ള താമസസൗകര്യം ഒരുക്കുന്നത്. ഇവിടങ്ങളിൽ സഹായത്തിനായി പ്രാദേശികമായി ജനകീയ സമിതികളും 20 വിദ്യാർത്ഥികൾ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാകും. താമസകേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി പൊലീസ് സേവനവും ലഭ്യമാക്കും.

മൽസരാർഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുക ഇ.എം.എസ്. സ്റ്റേഡിയത്തിൽ ഒരുക്കുന്ന പ്രധാന കലവറയിലാകുമെങ്കിലും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നാലു കേന്ദ്രങ്ങൾ വഴിയാകും വിതരണം. ചെലവുചുരുക്കലിന്റെ ഭാഗമായാണിത്. പ്രത്യേക വാഹനങ്ങൽ ഭക്ഷണവും കുടിവെള്ളവും ഇവിടെ നിന്ന് നേരത്തെ എത്തിക്കുമെന്ന് ഭക്ഷണസമിതി അധ്യക്ഷനായ മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു. അഞ്ചുതരം കറിയും ചോറും പായസവും ഉൾപ്പെടുന്നതാകും ഉച്ചഭക്ഷണം. രാവിലെ ഇഡലി, ഉപ്പുമാവ് എന്നിവ മാറിമാറി നൽകും. സ്റ്റേഡിയത്തിൽ 10000 ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന പന്തൽ ഇതിനായി സജ്ജമാക്കും. എല്ലാകേന്ദ്രങ്ങളിലും ബുഫെ മാതൃകയിലാകും ഭക്ഷണവിതരണം. ആവശ്യത്തിന് സ്റ്റീൽ പാത്രങ്ങൾ ഇതിനായി സ്വരൂപിച്ചിട്ടുണ്ട്. കലോൽസവ ഭക്ഷണം തയ്യാറാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി ഇതിനകം രണ്ടുതവണയെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആറിനെത്തുന്ന കുട്ടികൾക്കു കൂടി ഭക്ഷണം കരുതണമെന്ന മന്ത്രിയുടെ നിർദ്ദേശം നടപ്പാക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. മേളയിൽ പങ്കെടുക്കുന്നവർക്കായി പ്രതിദിനം 30000 ലീറ്റർ കുടിവെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ജലഅഥോറിറ്റി, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ എത്തിക്കും.

ആറിന് മേളയിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് താമസകേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക. 18 സ്‌കൂൾ ബസുകൾ ഇതിനായി ക്രമീകരിക്കും. കെ.എസ്.ആർ.ടി.സി. സ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ പ്രത്യേക സഹായകേന്ദ്രങ്ങളും യാത്രാസൗകര്യവും ഏർപ്പെടുത്തും. കലോൽസവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകൾ സൗഹൃദയാത്രകൾ സംഘടിപ്പിക്കും. വേദികളെല്ലാം നഗരത്തിലാകയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസ് സേനയുടെ സഹായവും ലഭ്യമാക്കും. ഇതോടൊപ്പം നടക്കുന്ന സംസ്‌കൃതോൽസവത്തിനും അറബിക് കലോൽസവത്തിനും ആയിരത്തോളം വിദ്യാർത്ഥികളെത്തുമെന്നാണ് പ്രതീക്ഷ. സംസ്‌കൃതോൽസവം നാലുവേദികളിലായി 14 ഇനങ്ങളിലാണ് മൽസരം. 300 വിദ്യാർത്ഥികൾ പങ്കെടുക്കും. 19 ഇനങ്ങളിൽ നടക്കുന്ന അറബിക് കലോൽസവത്തിൽ 500 വിദ്യാർത്ഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ് സജ്ജമാക്കുക.

കലോൽസവത്തിനായി നഗരത്തിൽ എത്തിച്ചേരുന്ന ഒരു വിദ്യാർത്ഥിയും രക്ഷിതാവും വേദികളറിയാതെയും വേണ്ട സഹായം കിട്ടാതെയും അലഞ്ഞുതിരിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും ചെലവു കുറയ്ക്കലിന്റെ ഭാഗമായി സ്വീകരണ സമിതികൾ രൂപീകരിച്ചിട്ടില്ലെങ്കിലും അതിനായി പ്രത്യേകം സൗകര്യം ഒരുക്കണമെന്നും സംഘാടക സമിതി അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. മൂന്നു ദിവസവും ഭക്ഷണത്തോടൊപ്പം പായസം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സമാപന ദിനത്തിൽ അമ്പലപ്പുഴ പായസം നൽകാനും മന്ത്രി നിർദ്ദേശിച്ചു.

ഒരു സമയം 12000 പേർക്കുള്ള ഭക്ഷണം വിതരണം ചെയ്യുമ്പോൾ അത്രയും മാലിന്യവും ഉണ്ടാകുമെന്നതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യനിർമ്മാർജന സംവിധാനം ഈ ദിവസങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നുറപ്പാക്കണം. വിദ്യാർത്ഥികൾ വരുമ്പോഴും പോകുമ്പോഴും വാഹനസൗകര്യം സംബന്ധിച്ച കൃത്യമായ വിവരങ്ങളും ആവശ്യമായ സഹായവും നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കലോൽസവം ആസ്വദിക്കാൻ എത്തുന്നവർ ഉൾപ്പടെയുള്ള ജനങ്ങളെ നിയന്ത്രിക്കുന്നതിനും മറ്റുമായി ജില്ല പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതനനുസരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ എന്നിവരടങ്ങിയ പ്രത്യേക സമിതിക്കും യോഗം രൂപം നൽകി. ജില്ല കളക്ടർ ഉൾപ്പടെയുള്ള ജില്ല ഭരണകൂടത്തിന്റെ മുഴുവൻ സഹായവും സാന്നിധ്യവും കലോൽസവത്തിലുണ്ടാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു.

യോഗത്തിൽ പ്രതിഭ ഹരി എംഎ‍ൽഎ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി.മാത്യു, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജി.മനോജ്കുമാർ, അഡീഷണൽ ഡി.പി.ഐ.മാരായ ജെസി, ജിമ്മി കെ.ജോസ്, വിവിധ സമിതി ചെയർമാന്മാർ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP