Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ഡല-മകരവിളക്ക് കാലത്ത് എല്ലാം പൊലീസ് ചിട്ടയിൽ; ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധം; പാസ് വാങ്ങേണ്ടത് പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന്; നടപടി ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതോടെ

മണ്ഡല-മകരവിളക്ക് കാലത്ത് എല്ലാം പൊലീസ് ചിട്ടയിൽ; ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധം; പാസ് വാങ്ങേണ്ടത് പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന്; നടപടി ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്‌റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും. പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്നാണ് പാസ് കൈപ്പറ്റേണ്ടത്. കൂടാതെ ഇത് വാഹനത്തിന്റെ മുകളിൽ പതിപ്പിക്കുകയും വേണം.

ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

പ്രളയത്തെ തുടർന്ന് പാർക്കിങ് മുഴുവനായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു. പാസ് പതിപ്പിക്കാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിലും മറ്റു പ്രദേശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.തീർത്ഥാടന കാലത്ത് പ്രവർത്തിക്കുന്ന കടകളിലെയും മറ്റും എല്ലാ ജോലിക്കാർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

നിലയ്ക്കൽവരെ മാത്രമേ തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടൂ. പമ്പയിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുമെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. കൂടാതെ മണ്ഡലകാലത്ത് വിശ്വാസികൾ ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ ഇതുവരെ നാല് ലക്ഷത്തോളം പേർ ബുക്ക് ചെയ്തതായാണ് വിവരം. ദർശനത്തിനെത്തുന്ന ദിവസവും സമയവും ഓൺലൈനായി തിരഞ്ഞെടുക്കാം. കെ.എസ്.ആർ.ടി.സി. ടിക്കറ്റ് ബുക്കിങ്ങും ദർശനത്തിനുള്ള സമയം തിരഞ്ഞെടുക്കലും www.sabarimalaq.com എന്ന പോർട്ടലിലൂടെയാണ്. www.keralartc.com എന്ന വെബ്‌സൈറ്റിൽനിന്ന് നേരിട്ടും ബസ്ടിക്കറ്റുകൾ ബുക്കുചെയ്യാം. പത്തുപേർക്കുവരെ ഒറ്റടിക്കറ്റ് മതി.

സമയം അടിസ്ഥാനമാക്കി 48 മണിക്കൂർവരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലയ്ക്കൽ-പമ്പ-നിലയ്ക്കൽ) ലഭിക്കും. 48 മണിക്കൂറിനുള്ളിൽ മടക്കയാത്ര പൂർത്തിയാക്കണം. പമ്പാസ്‌നാനത്തിനുശേഷം തീർത്ഥാടകരെ പമ്പയിൽ തുടരാൻ അനുവദിക്കില്ല. നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുക്കാം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി തീർത്ഥാടകർക്ക് മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്റോഡുവഴി സന്നിധാനം നടപ്പന്തൽവരെയെത്താൻ അനുവാദം നൽകും. ഇതിനും www.sabarimalaq.com എന്ന വെബ് പോർട്ടൽ ഉപയോഗിക്കാം. ദർശനദിവസം പമ്പയിലെ പൊലീസ് പരിശോധനാകൗണ്ടറിൽ ബുക്കിങ് കൂപ്പൺ കാണിച്ചാൽ മതി. ഫോട്ടോയുള്ള തിരിച്ചറിൽ കാർഡ് പരിശോധനാകൗണ്ടറിൽ കാണിക്കണം. ഈ സൗകര്യം ഉപയോഗിക്കുന്ന തീർത്ഥാടകർ നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി. ബസ്ടിക്കറ്റ് പ്രത്യേകം എടുക്കണമെന്നും നിർദ്ദേശമുണ്ട്.

ദേവസ്വം ബോർഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജരാകും

ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പത്മകുമാർ. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ 13നു പരിഗണിക്കുമ്പോൾ ആര്യാമ സുന്ദരം ഹാജരായി ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കും.

വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂർണബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോർഡിനുണ്ട്. ഹർജികൾ പരിഗണിക്കുന്ന വേളയിൽ ദേവസ്വം ബോർഡിനു കോടതിയിൽ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാൽ മാത്രമായിരിക്കും നിലപാടു വ്യക്തമാക്കുകയെന്നും പത്മകുമാർ അറിയിച്ചു. ആര്യാമ സുന്ദരവുമായി ചർച്ച നടത്താനും ആവശ്യമായ വിവരങ്ങൾ കൈമാറാനും ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ ചുമതലപ്പെടത്തിയിട്ടുണ്ടെന്നും പത്മകുമാർ വാർത്താകുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP