Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി സർക്കാരിനെ വിമർശിച്ച് ആനന്ദ്; വിമർശിക്കുന്നവരെ മാത്രമല്ല, കൂടെ പോകാതിരുന്നവരെയും വഴിയേ പോകുന്ന ഇഷ്ടമില്ലാത്ത വരെയും സർക്കാർ നേരിടുന്നു; തലസ്ഥാന നഗരിയിൽ നടന്നത് കാപട്യവും ലജ്ജയില്ലായ്മയും

പിണറായി സർക്കാരിനെ വിമർശിച്ച് ആനന്ദ്; വിമർശിക്കുന്നവരെ മാത്രമല്ല, കൂടെ പോകാതിരുന്നവരെയും വഴിയേ പോകുന്ന ഇഷ്ടമില്ലാത്ത വരെയും സർക്കാർ നേരിടുന്നു; തലസ്ഥാന നഗരിയിൽ നടന്നത് കാപട്യവും ലജ്ജയില്ലായ്മയും

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് മാതാവ് മഹിജയെയും ബന്ധുക്കളെയും പൊലീസ് നേരിട്ടതിനെയും അതേത്തുടർന്നുണ്ടായ അറസ്റ്റുകളുടെയും പശ്ചാത്തലത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ആനന്ദിന്റെ ലേഖനം.

ഖലീൽ ജിബ്രാന്റെ 'പിറ്റി ദ നേഷൻ' എന്ന കവിതയെ ഓർമ്മിപ്പിക്കുംവിധമുള്ള സംഭവങ്ങൾക്കാണ് കേരളത്തിന്റെ തലസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് ആനന്ദ് വ്യക്തമാക്കുന്നു. മലയാള മനോരമയുടെ എഡിറ്റ് പേജിൽ എഴുതിയ ജിഷ്ണു സംഭവം എത്തിയതെവിടെ എന്ന ലേഖനത്തിലാണ് ആനന്ദ് സർക്കാരിനെ കടന്നാക്രമിക്കുന്നത്.


ലേഖനത്തിന്റെ പൂർണരൂപം


കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കേരള തലസ്ഥാന നഗരി സാക്ഷ്യം വഹിച്ച ചില സംഭവങ്ങൾ ഖലീൽ ജിബ്രാന്റെ പിറ്റി ദ നേഷൻ എന്നു തുടങ്ങുന്ന കവിതയെ ഓർമിപ്പിക്കും വിധം, നമ്മുടെ സമൂഹത്തിന്റെ അധഃപതനവും കാപട്യവും അവസരോചിത മുതലെടുപ്പുകളും ലജ്ജയില്ലായ്മയും പ്രദർശിപ്പിക്കുന്ന ഒരു പരിച്ഛേദമായിരിക്കുന്നു.

നൈതികവും മാനുഷികവുമായ ചോദ്യങ്ങൾ ഋജുവായി ഉയർത്തുന്ന ജിഷ്ണു സംഭവം ഇപ്പോൾ എവിടെ എത്തിച്ചേർന്നിരിക്കുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നാണ് അത് ഉടലെടുത്തതെന്നതു കൂടുതൽ ശ്രദ്ധേയമായിരിക്കുന്നു (ജെഎൻയു, ഹൈദരാബാദ് സർവകലാശാല... ഇങ്ങനെ വഴിമുട്ടിയ കഥകളും ഈ കാലത്തിന്റേതാണല്ലോ). ഗവൺമെന്റ്, ഭരണത്തിലുള്ളവരും പുറത്തുള്ളവരുമായ നേതൃവൃന്ദം, എല്ലാവിധ 'ജനകീയ' സംഘടനകളും, പൊലീസ് ഡിപ്പാർട്ട്മെന്റ്, മാധ്യമങ്ങൾ എല്ലാവരും മൂലപ്രശ്നത്തെ കൈവെടിഞ്ഞ് അതിനെ ക്രൂരവും കപടവുമായ ഒരു ആഘോഷമാക്കിയിരിക്കുന്നു.

സ്വന്തം രുചിക്കനുസരിച്ച് ഉപയോഗിക്കാനും ആസ്വദിക്കാനുമുള്ള ഒരു സദ്യ. പ്രസ്താവനകൾ, സഹതാപം കാണിക്കൽ, പ്രസ്താവനകൾ ഇറക്കിയതിനും സഹതാപം കാണിച്ചതിനും മാപ്പുചോദിക്കൽ, പ്രകടനങ്ങൾ, ഉപദേശങ്ങൾ, ഏറ്റുപറച്ചിലുകൾ, തിരുതകൃതി... അവസാനം കാണുന്നത് ഭരണപക്ഷം അതിനെ വിമർശിക്കുന്നവരെ മാത്രമല്ല, കൂടെ പോകാതിരുന്നവരെയും, എന്തിന് വഴിയേ പോകുന്ന ഇഷ്ടമില്ലാത്ത മുഖമുള്ളവരെയും നേരിടുവാനുള്ള അവസരമാക്കിയിരിക്കുന്നു അതിനെ എന്നതാണ്. സ്വപക്ഷത്തുനിന്നു മാറുന്നവരെ (റെനിഗേഡുകൾ) ഇല്ലാതാക്കുകയും പ്രയോജനകരമാണെങ്കിൽ കൈവെട്ടുന്നവർക്കു പകരം കൈ നഷ്ടപ്പെടുന്നവരുടെ നേരെ രോഷം തിരിച്ചുവിടുകയും ചെയ്യുന്ന പഴയ ശീലങ്ങൾ.
ഇതെല്ലാം നടക്കുന്നതു ഭയാനകമായ ഒരു ചുഴലിക്കാറ്റ് രാജ്യത്തെങ്ങും പരന്നുകൊണ്ടിരിക്കുന്ന സമയത്താണെന്ന് ഓർക്കുക. വിശ്വാസത്തിന്റെ പേരിലും, വിശ്വാസമില്ലാത്തതിന്റെ പേരിലും, പ്രേമിക്കുന്നതിന്റെ പേരിലും, തമ്മിൽ സംസാരിക്കുന്നതിന്റെ പേരിലും, വിലക്കപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരിലും, വസ്ത്രം ധരിച്ചതിന്റെ പേരിലും ആളുകളെ ചുഴന്നുപിടിക്കുന്ന ഒരു ചുഴലിക്കാറ്റ്. അതിന്റെ അനുകരണങ്ങൾ കക്ഷിഭേദമെന്യേ ഓരോ സംസ്ഥാനത്തിലും പ്രകടമാകുന്നതു കൂടുതൽ ഭീതിദമാകുന്നു.

നൂറുകൊല്ലം മുൻപു ഗാന്ധിജി സത്യഗ്രഹ പ്രസ്ഥാനം എന്ന സംഗതി ചമ്പാരനിൽ ആരംഭിച്ച ദിവസമാണ് ഇന്ന് എന്നതു യാദൃച്ഛികം. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നവർക്ക്, പക്ഷേ, ഈ അവസരത്തിൽ പറയുവാനുള്ളത് ഈ വരികളായിരിക്കുന്നു:

നമ്മൾ ഒരാളോട് നമ്മടെ വേവലാതികൾ പറയുമ്പോ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്നു കടന്നുപോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോടു പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും (സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിൽ നിന്ന്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP