Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തലവരിപണം തിരികെ നൽകിയില്ലെങ്കിൽ മാനേജ്മെന്റിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ; കമ്മീഷൻ തീരുമാനം പകുതി പണം വീതം രക്ഷിതാക്കൾക്ക് നൽകാമെന്ന ഉറപ്പ് ലംഘിച്ചതിനാൽ; കേസിൽ ഹാജരാകാത്ത അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് ശക്തമായ താക്കീദ്

തലവരിപണം തിരികെ നൽകിയില്ലെങ്കിൽ മാനേജ്മെന്റിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ; കമ്മീഷൻ തീരുമാനം പകുതി പണം വീതം രക്ഷിതാക്കൾക്ക് നൽകാമെന്ന ഉറപ്പ് ലംഘിച്ചതിനാൽ; കേസിൽ ഹാജരാകാത്ത അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന് ശക്തമായ താക്കീദ്

രഞ്ജിത്ത് ബാബു

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് മാനേജ്മെന്റ് പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർത്ഥികളുടെ തലവരി പണം ഓഗസ്റ്റ് 8 ന് തിരിച്ചു നൽകിയില്ലെങ്കിൽ മാനേജ്മെന്റിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഈടാക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ. ഇന്ന് എറണാകുളം റസ്റ്റ് ഹൗസിൽ വെച്ച് തലവരി പണത്തിന്റെ പകുതി വീതം രക്ഷിതാക്കൾക്ക് നൽകാമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിലാണ് കമ്മീഷന്റെ ഈ താക്കീത്. കമ്മീഷൻ മുമ്പാകെ നിരവധി തവണ തലവരി പണം തിരിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഓരോ തവണയും മാനേജ്മെന്റ് വഞ്ചിക്കുകയായിരുന്നു. കഴിഞ്ഞ മാസം 27 ാം തീയ്യതിയും ഒട്ടേറെ രക്ഷിതാക്കൾ പണം പ്രതീക്ഷിച്ച് എത്തിയിരുന്നു. ഇന്നും 80 ഓളം പേർ കമ്മീഷൻ മുമ്പാകെ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ എത്തിയിരുന്നു. എന്നാൽ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് അവരുടെ വക്കീൽ മാത്രമാണ് ഹാജരായത്.

വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ കേസിൽ ഓരോ തവണയും മാറ്റി വെപ്പിച്ചും ഹാജരാവാതേയും മുങ്ങുന്ന പതിവാണ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് ഇതുവരേയും സ്വീകരിച്ചു പോന്നത്. കഴിഞ്ഞ മാസം 10 ാം തീയ്യതി തിരുവനന്തപുരത്ത് വെച്ച് മൊത്തം തലവരി പണത്തിന്റെ പകുതി നൽകാമെന്നും മാനേജ്മെന്റ് സമ്മതിച്ചതായിരുന്നു. അതിൽ നിന്നും വ്യതിചലിച്ചതോടെയാണ് മേൽനോട്ട സമിതി 27 ാം തീയ്യതിഎറണാകുളം റസ്റ്റ് ഹൗസിൽ വെച്ച് പണം നൽകാൻ നിർദേശിച്ചത്. തലവരി പണം തിരിച്ച് നൽകാമെന്ന് പറഞ്ഞ് ാേരോ തവണയും രക്ഷിതാക്കളെ വഞ്ചിക്കുകയാണ് മാനേജ്മെന്റ് ചെയ്തതെന്ന് കോട്ടൂരിലെ മോഹനൻ പറഞ്ഞു.

2016-17 അദ്ധ്യയനവർഷം സർക്കാർ നിർദ്ദേശം മറികടന്നാണ് മെഡിക്കൽ കോളേജ് നേരിട്ട് പ്രവേശനം നടത്തിയത്. എന്നാൽ ഇത് റദ്ദാക്കപ്പെടുകയായിരുന്നു. റദ്ദാക്കൽ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാൻ വേണ്ടി സർക്കാർ ഓഡിനൻസ് പാസാക്കുകയും ചെയ്തു. എന്നാൽ സുപ്രീം കോടതിയുടെ കടുത്ത വിമർശനത്തെ തുടർന്ന് ബിൽ ഗവർണർ മടക്കുകയായിരുന്നു. സീറ്റ് നഷ്ടപ്പെട്ട വിദ്യാർത്ഥികൾ നേരത്തെ നൽകിയ തലവരി പണം തിരിച്ച് നൽകാൻ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൈമലർത്തുകയായിരുന്നു. അതോടെ മേൽനോട്ട സമിതിക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി നൽകി. പ്രവേശന സമയത്ത് പ്രോസ്പെക്ടസിൽ പറഞ്ഞതിന്റെ ഇരട്ടിയോളം തുക മാനേജ്മെന്റ് ഈടാക്കുകയും ചെയ്തിരുന്നു.

20 മുതൽ 50 വരെ ലക്ഷമായിരുന്നു ഇത്. പണം തിരികെ കിട്ടിയാൽ മാത്രമേ മറ്റ് കോളേജുകളിൽ പ്രവേശനം ലഭിക്കയുള്ളൂ എന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിൽ നിരവധി തവണ ഹിയറിങ് നടത്തിയിരുന്നു. ഓരോ കാരണവും പറഞ്ഞ് പണം നൽകുന്നതിൽ മാനേജ്മെന്റ് അലംഭാവം കാട്ടുകയായിരുന്നു. മെഡിക്കൽ മാനേജുമെന്റിനെതിരെ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് സ്വദേശിയായ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ പരാതി നിലനിൽക്കുന്നുണ്ട്.

തലവരി പണം തിരിച്ച് നൽകിയാലും വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പഠനം നഷ്ടപ്പെട്ടതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു കേസും നൽകാൻ നീക്കം നടക്കുന്നുണ്ട്. രക്ഷാ കർത്താക്കൾ കൊടുത്ത കേസും ഗവൺമെന്റ് നൽകിയ കേസും ഉൾപ്പെടെ കേസുകളുടെ നൂലാമാലകൾ മാനേജുമെന്റിനെ തിരിഞ്ഞ് കുത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP