Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിന് പുല്ലുവില; മന്ത്രിമാരുടെ വാഗ്ദാനങ്ങളും പാഴായി; ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി ആഘാത പഠനം നടക്കാൻ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രസർക്കാറിന്റെ അനുമതി

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പിന് പുല്ലുവില; മന്ത്രിമാരുടെ വാഗ്ദാനങ്ങളും പാഴായി; ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി ആഘാത പഠനം നടക്കാൻ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രസർക്കാറിന്റെ അനുമതി

ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് വീണ്ടും പരിസ്ഥിതി ആഘാത പഠനത്തിന അനുമതി നൽകി. കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അനുമതി നൽകിയത്. ബിജെപി സംസ്ഥാന ഘടകത്തിന് കനത്ത തിരിച്ചടിയാണ് ഈ നടപടി. കെജിഎസ് ഗ്രൂപ്പിന്റെ വാദങ്ങളെ ശരിവച്ചു കൊണ്ടാണ് നടപടിയുണ്ടായിരിക്കുന്നത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി ജൂൺ 24ന് ചേർന്ന യോഗത്തിലാണ് ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിതി ആഘാത പഠനം നടത്താൻ വീണ്ടും അനുമതി നൽകിയത്.

വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നൽകിയത് കഴിഞ്ഞ വർഷം മേയിൽ ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ ഈ വർഷം ഏപ്രിലിൽ കെ.ജി.എസ് വീണ്ടും കേന്ദ്രത്തിന് അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് ഇത് പരിഗണിച്ച വിദഗ്ദ്ധ സമിതി കെ.ജി.എസിന്റെ വിശദീകരണങ്ങൾ തൃപ്തികരമാണെന്ന് വിലയിരുത്തി അനുമതി നൽകുകയായിരുന്നു.

പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള ജനഹിത പരിശോധനയാവും കെ.ജി.എസ് ആദ്യം നടത്തുക. പദ്ധതി സംബന്ധിച്ച എതിർപ്പുകളും മറ്റും ജനങ്ങൾക്ക് ഈ പരിശോധനാ വേളയിൽ ഉന്നയിക്കാനാവും. റൺവേ നിർമ്മാണം സംബന്ധിച്ചായിരുന്നു നേരത്തെ വിവാദം ഉയർന്നത്. പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന കോഴിത്തോടിന്റെ ഒഴുക്കിനെ ബാധിക്കുമെന്നായിരുന്നു അന്ന് പരാതി ഉയർന്നത്. അതിനാൽ തന്നെ റൺവേ നിർമ്മാണം തോടിനെ ബാധിക്കരുതെന്ന് സമിതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വേണം പദ്ധതി പ്രദേശത്തെ പ്‌ളാൻ തയ്യാറാക്കേണ്ടതെന്നും സമിതി നിർദ്ദേശിച്ചു.

പദ്ധതിക്ക് കേരള സർക്കാർ നേരത്തെ എതിർപ്പില്ലാ രേഖ(എൻ.ഒ.സി) നൽകിയിരുന്നു. പദ്ധതി പ്രദേശത്ത് 490 ഏക്കറിൽ അന്പത് ഏക്കർ തരിശുഭൂമിയും 41 ഏക്കർ റബ്ബർ പ്ലാന്റേഷനുമാണ്. കൃഷിയോഗ്യമല്ലാത്ത 325 ഏക്കറും പദ്ധതി പ്രദേശത്ത് ഉൾപ്പെടും. സർക്കാർ ഭൂമിയും സ്വകാര്യ ഭൂമിയും ഉൾപ്പെട്ടതാണ് പദ്ധതി പ്രദേശം. ഇതിൽ 66 ശതമാനവും കൃഷിയോഗ്യമല്ലാത്തതാണ്. ഭൗമശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ പട്ടിക പ്രകാരം നിർദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന ആറന്മുള വില്ലേജിൽ ചതുപ്പുനിലം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കെ.ജി.എസ് അപേക്ഷയിൽ പറയുന്നു. പദ്ധതി പ്രദേശത്തു കൂടി കടന്നു പോകുന്ന കോഴിത്തോട് വൃത്തിയാക്കാതെ കിടക്കുന്നതിനാൽ ഒഴുക്ക് പ്പെട്ട് വെള്ളം കെട്ടിനിൽക്കുകയാണെന്നുമാണ് കെ.ജി.എസ് അപേക്ഷയിൽ പറയുന്നത്.

നേരത്തെ സുപ്രീം കോടതി പദ്ധതിക്കുള്ള അനുമതി റദ്ദാക്കിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നൽകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ അപേക്ഷ പരിഗണിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് കെജിഎസിനെതിരായ നിലപാടാണ് കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ചു വന്നത്. പ്രകാശ് ജാവദേദ്കർ അടക്കമുള്ള മന്ത്രിമാർ ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. കൂടാതെ കോടതികളിൽ നിന്നും വിമാനത്താവള ഗ്രൂപ്പിന് തിരിച്ചടിയേറ്റിരുന്നു.

ആറന്മുള വിമാനത്താവളത്തിനായി നികത്തിയ കരിമാരം തോടും ആറന്മുള ചാലും പൂർവസ്ഥിതിയിലാക്കണമെന്ന സിങ്ൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്തിടെ ശരിവച്ചിരുന്നു. സിങ്ൾ ബെഞ്ച് ഉത്തരവിനെതിരെ കെ.ജി.എസ് ആറന്മുള ഇന്റർനാഷനൽ എയർപോർട്‌സ് ലിമിറ്റഡ് നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് സുനിൽ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ആറന്മുള, മല്ലപ്പുഴശ്ശേരി വില്ലേജുകളിലായി 6.34 ഏക്കർ വരുന്ന തോട് നികത്തി റൺവേയുടെ ഭാഗമാക്കിയത് പുനഃസ്ഥാപിക്കാനായിരുന്നു സിങ്ൾ ബെഞ്ച് ഉത്തരവ്. സർക്കാർ തോടും ഭൂമിയും വിമാനത്താവളത്തിന്റെ പേരിൽ കൈയേറിയെന്ന കോഴഞ്ചേരി അസിസ്റ്റന്റ് തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവ പുനഃസ്ഥാപിക്കാൻ ലാൻഡ് റവന്യൂ കമീഷണർ 2012 സെപ്റ്റംബർ 10ന് ജില്ലാകലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇത് നടപ്പാക്കാത്തതിനെ തുടർന്ന് ആറന്മുള സ്വദേശിയായ കർഷകൻ വി.ജി. മോഹനൻ നൽകിയ ഹരജിയിലായിരുന്നു സിങ്ൾ ബെഞ്ച് ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP