Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്; അറിവില്ലാത്ത കാര്യങ്ങൾ അറിയാവുന്നവരോട് ചോദിച്ചു പഠിക്കട്ടേ: ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്; അറിവില്ലാത്ത കാര്യങ്ങൾ അറിയാവുന്നവരോട് ചോദിച്ചു പഠിക്കട്ടേ: ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

കൊല്ലം: കേരളാ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിനിമാതാരം സുരേഷ് ഗോപി രംഗത്തെത്തി. കൊല്ലത്തെ ഒരു സ്വകാര്യ യോഗത്തിൽ പങ്കെടുക്കവേയാണ് മുഖ്യമന്ത്രിയെ സുരേഷ് ഗോപി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ആറൻമുള വിമാനത്താവള വിഷയത്തിലാണ മുഖ്യമന്ത്രിയെ താരം വിമർശിച്ചത്.

പ്രകൃതിയെ സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കിൽ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. അറിയില്ലാത്ത കാര്യങ്ങൾ അറിയാവുന്നവരോട് ചോദിച്ചു പഠിക്കട്ടേയെന്നും സുരേഷ് ഗോപി ഉമ്മൻചാണ്ടിയെ ഉപദേശിച്ചു.

പരിസ്ഥിതി സൗഹൃദ വിമാനത്താവളം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടുത്തിടെ പറഞ്ഞിരുന്നു. ഇക്കാര്യം ഓർമ്മപ്പെടുത്തിയാണ് സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രംഗത്തെത്തിയത്. ആറൻമുള വിമാനത്താവള വിരുദ്ധ സമരത്തിലും സുരേഷ് ഗോപി നേരത്തെ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിവരമില്ലെന്ന തരത്തിലുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. അടുത്തകാലത്തായി ബിജെപിയോട് വ്യക്തമായ അടുപ്പം പുലർത്തുന്ന താരം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

മോദിയിലാണ് ഇന്ത്യയുടെ ഭാവിയെന്ന തരത്തിലുള്ള പ്രസ്താവനയും നേരത്തെ സുരേഷ് ഗോപി നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയെ അഹമ്മദാബാദിൽ പോയി കണ്ടാണ് സുരേഷ് ഗോപി ബിജെപിയുമായി അടുക്കുന്നത്. സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ പങ്കെടുത്തു. അന്ന് ഇതിന്റെ പേരിൽ സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ് വിമർശനം കേൾക്കേണ്ടി വന്നപ്പോൾ സുരേഷ് ഗോപി പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പത്തനംതിട്ടയിൽ മത്സരിക്കുമെന്ന പ്രചരണം ഉണ്ടായെങ്കിലും അതും നടക്കാതെ പോകുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മോദിക്ക് വേണ്ടി കസവു മുണ്ടുമായി ഡൽഹിക്ക് പോയ സുരേഷ് ഗോപിയുടെ ഉമ്മൻചാണ്ടി വിരുദ്ധ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസും രംഗത്തെത്തിയേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP