Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ കൈ പിടിച്ചുയർത്താൻ സുസജ്ജമായി സേനകൾ; സഹായിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും മത്സരിച്ച് കര-വ്യോമസേനാ വിഭാഗങ്ങൾ; ഏത് കുത്തൊഴുക്കിൽ നിന്നും ആളുകളെ രക്ഷിക്കാൻ പരിശീലനം നേടിയ ഗരുഢ് കമാന്റോകളും രംഗത്ത്;

കേരളത്തെ കൈ പിടിച്ചുയർത്താൻ സുസജ്ജമായി സേനകൾ; സഹായിക്കാനും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും മത്സരിച്ച് കര-വ്യോമസേനാ വിഭാഗങ്ങൾ; ഏത് കുത്തൊഴുക്കിൽ നിന്നും ആളുകളെ രക്ഷിക്കാൻ പരിശീലനം നേടിയ ഗരുഢ് കമാന്റോകളും രംഗത്ത്;

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: പ്രളയത്തിൽ തകർന്ന കേരളത്തെ കൈ പിടിച്ചുയർത്താൻ യുദ്ധമുഖത്തെന്നപോലെ തീവ്രമായ രക്ഷാദൗത്യത്തിലേർപ്പെട്ട് സേനകൾ. ഒറ്റപ്പെട്ട സഥലങ്ങളിലെത്തി് ആളുകളെ സഹായിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും കരസേനയും ദേശീയ ദുരന്തനിവാരണ സേനയുമാണ് ആദ്യമെത്തിയത്. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ സുരക്ഷാ സേനകളെല്ലാം തന്നെ സുസജ്ജരായിരുന്നു. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. കുടുങ്ങിപ്പോയവരെ എയർലിഫ്റ്റിംഗിലൂടെ രക്ഷപ്പെടുത്താൻ റെസ്‌ക്യൂ ബാസ്‌കറ്റുകൾ ഘടിപ്പിച്ച നാല് എം.ഐ-17വി5 ഹെലികോപ്ടറുകൾ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. ഇവയിൽ ഒരേസമയം നാല് പേരെ എയർലിഫ്റ്റ് നടത്താം. കുത്തൊഴുക്കിൽ നിന്നും ആളുകളെ രക്ഷിക്കാൻ പരിശീലനം നേടിയ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും എത്തിയിട്ടുണ്ട്.

ഉരുൾപൊട്ടലിൽ തികച്ചും ദാരുണമായ അവസ്ഥയിലുള്ള വയനാട്ടിലെ പുത്തുമലയിൽ ഇന്നലെ രാവിലെ 8ന് സൈന്യം രക്ഷാദൗത്യം ഏറ്റെടുത്തിരുന്നു. ലഫ്.കേണൽ തീർത്ഥാങ്കറിന്റെ നേതൃത്വത്തിലുള്ള കരസേനാസംഘം ,കുടുങ്ങിപ്പോയ 150 നാട്ടുകാരെ രക്ഷിച്ചു. കനത്ത ഉരുൾപൊട്ടലിൽ നിരവധി പേരാണ് പല സ്ഥലങ്ങളിലായി കുടുങ്ങി കിടന്നത്. ഇപ്പോഴും നിരവധി പേർ ഇത്തരത്തിൽ പെട്ടു പോയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒറ്റപ്പെട്ട് പോയ സ്ഥലത്ത് കുടുങ്ങി കിടന്ന ഒമ്പതു മാസം ഗർഭിണി ആയ യുവതിയെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് സേന രക്ഷിച്ചത്. 250പേരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നാല് മൃതശരീരങ്ങൾ ഈ മേഖലയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പുത്തുമലയിലേക്കുള്ള റോഡുകളെല്ലാം തന്നെ ഉരുൾപൊട്ടലിൽ തകർന്നിരുന്നു. ഇത് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് സേന ഇപ്പോൾ. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പുത്തുമലയിലെ ചെറിയ ഗ്രാമത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവർക്ക് സൈന്യം ഭക്ഷണമെത്തിച്ചെങ്കിലും വെള്ളം കുത്തിയൊഴുകുന്നതിനാൽ രക്ഷിക്കാനായില്ല. ജലനിരപ്പ് താണാൽ ഇന്ന് തന്നെ രക്ഷിക്കുമെന്നാണ് പറയുന്നത്.

കനത്തമഴയും മണ്ണിടിച്ചിലും തുടരുന്ന, വയനാട്ടിൽ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോപ്‌സാണ് രക്ഷാദൗത്യം നടത്തുന്നത്. കണ്ണൂരിലെ ഇരിട്ടിയിലും കോഴിക്കോട്ടും താമരശേരിയിലും വയനാട്ടിലെ കൽപ്പറ്റയിലും മേപ്പാടിയിലും സൈനികരെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂരിലെ ലഫ്.കേണൽ അരുൺ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടകിലെ വിരാജ്പേട്ടിലും രക്ഷാപ്രവർത്തനം നടത്തുന്നത്. തിരുവനന്തപുരം പാങ്ങോട് കരസേനാസ്റ്റേഷനിൽ നിന്ന് 62സൈനികർ വീതമുള്ള മൂന്നുകോളം സൈന്യത്തെ രക്ഷാദൗത്യത്തിനയച്ചു. ലഫ്.കേണലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആലപ്പുഴയിലേക്കും മേജർമാരുടെ നേതൃത്വത്തിലുള്ള ഓരോ സംഘങ്ങളെ പത്തനംതിട്ടയിലേക്കും എറണാകുളത്തേക്കുമാണ് അയച്ചത്. ഭോപ്പാൽ, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്ന് എൻജിനിയറിങ് ടാസ്‌ക് ഫോഴ്‌സ് പ്രത്യേകവിമാനത്തിൽ കോഴിക്കോട്ടെത്തി. പ്രളയത്തിൽ തകർന്ന പാലങ്ങളും റോഡുകളും പുനർനിർമ്മിച്ച്, രക്ഷാദൗത്യത്തിന് പിന്തുണ നൽകുകയാണ് ചുമതല. വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.

കോയമ്പത്തൂരിലെ സുളൂർ വ്യോമസേനാ കേന്ദ്രത്തിൽ 12 ഹെലികോപ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും പറക്കാവുന്ന എം.ഐ-17വി5, എ.എൽ.എച്ച് ഹെലികോപ്ടറുകളുമുണ്ട്. വ്യോമസേനയുടെ മെഡിക്കൽ സംഘങ്ങളെയും സജ്ജരാക്കി നിർത്തിയിട്ടുണ്ട്. കോസ്റ്റ്ഗാർഡിന്റെ 16 സംഘങ്ങൾ രക്ഷാദൗത്യത്തിനുണ്ട്. കോഴിക്കോട്ടെ കാരശേരി, മലപ്പുറത്തെ വാഴക്കാട് എന്നിവിടങ്ങളിൽ പ്രളയത്തിൽ കുടുങ്ങിയ 570പേരെ കോസ്റ്റ്ഗാർഡ് രക്ഷിച്ചു. ബേപ്പൂരിൽ കുടുങ്ങിപ്പോയ 550പേരെ കോസ്റ്റ്ഗാർഡ് കരയ്‌ക്കെത്തിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP