Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യ ജാഗ്രത 2020: കർമ്മ പദ്ധതിക്ക് അന്തിമ രൂപം: മന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആവിഷ്‌ക്കരിച്ച 'ആരോഗ്യ ജാഗ്രത'യുടെ ഈ വർഷത്തെ കർമ്മ പദ്ധതിക്ക് അന്തിമ രൂപം നൽകി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ മന്ത്രിമാരുടേയും വകുപ്പ് തലവന്മാരുടേയും യോഗത്തിലാണ് ആരോഗ്യ ജാഗ്രത 2020ന് അന്തിമ രൂപമായത്.

2018, 2019 വർഷങ്ങളിൽ ഊർജിതമായി നടപ്പിലാക്കിയ ആരോഗ്യ ജാഗ്രത കൂടുതൽ ജനപങ്കാളിത്തത്തോടെയാണ് ഈ വർഷം നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൃത്യമായ പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളെ നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും, ഏജൻസികളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഈ പരിപാടി നടപ്പാക്കുന്നത്. താഴെത്തട്ടിൽ വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ആരോഗ്യ സേന, ഗൃഹ, സ്ഥാപനതല സന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും കാമ്പയിനുകളും നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ചവ്യാധി പ്രതിരോധത്തിന് ഓടകളുടെ അറ്റകുറ്റ പണികൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

പരിസര ശുചീകരണത്തോടൊപ്പം തന്നെ പ്രാധാന്യമാണ് കഴിക്കുന്ന ഭക്ഷണവുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കി. തെറ്റായ ഭക്ഷണ ശീലവും ജീവിതരീതിയും മാറ്റേണ്ടതാണ്. ഇതിനും ആരോഗ്യ ജാഗ്രതയ്ക്കും വിദ്യാഭ്യാസ വകുപ്പ് ബോധവത്ക്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു.

നല്ല ആരോഗ്യത്തിനായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽ കുമാർ പറഞ്ഞു. എലി നശീകരണത്തിനായി വെയർ ഹൗസിങ് കോർപറേഷന്റെ ജൈവ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ്. കൃഷിക്കാർക്കും ആവശ്യമായ ആരോഗ്യ ജാഗ്രത നിർദ്ദേശങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ത്രിതല ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും ഫീൽഡ്തല ആരോഗ്യ പ്രോഗ്രാമുകൾ വിപുലപ്പെടുത്തിയും ആർദ്രം മിഷൻ സംസ്ഥാനത്ത് ഫലപ്രദമായി മുന്നേറുന്നത് പശ്ചാത്തലത്തിലാണ് 2020-ലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നവകേരള കർമ്മ പദ്ധതിയിലെ ഹരിതകേരളം മിഷന്റെ ഭാഗമായുള്ള മാലിന്യമുക്ത കേരളവും, ജല സംരക്ഷണവും, കൃഷി വ്യാപനവുമൊക്കെ കൂടുതൽ ശക്തിപ്പെടുത്തി വരുന്ന സാഹചര്യവും ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് ഏറെ ശക്തി പകരുന്നതാണ്. വിവിധ തലങ്ങളിൽ ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ചാണ് ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നത്.

2019 നവംമ്പറിൽ സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ച ആർദ്രം ജനകീയ കാമ്പയിനിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വർഷത്തെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വിവിധ തലങ്ങളിൽ വിപുലമായ ജന പങ്കാളിത്തത്തോടെ ക്യാമ്പെയിൻ പ്രവർത്തനങ്ങൾ മുന്നേറുകയാണ്. ആർദ്രം ക്യാമ്പെയിനിന്റെ അഞ്ചു ഘടകങ്ങളിൽ ഒന്നാണ് 'ശുചിത്വവും മാലിന്യ നിർമ്മാർജ്ജനവും'. വ്യക്തിതലത്തിലും, കുടുംബതലത്തിലും, തൊഴിലിടങ്ങളിലും, പൊതുസ്ഥലങ്ങളിലും വാർഡ്തല ആരോഗ്യ ശുചിത്വസമിതികളുടെ നേതൃത്വത്തിലുമെല്ലാം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതോടെ ഈ വർഷത്തെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ കുറെകൂടി ഫലപ്രദമാക്കാൻ കഴിയും. 2020 ജനുവരി 1-ഓടെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കൂടി നടപ്പാക്കിയതോടെ എല്ലാ അർത്ഥത്തിലും ഏറ്റവും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

മഴക്കാലപൂർവ്വ ശുചീകരണം, കൊതുകിന്റെ ഉറവിട നശീകരണം, ക്ലോറിനേഷൻ, രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, കൊതുകുനിരീക്ഷണം, കൊതുകുനിയന്ത്രണം, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് കാര്യകാരണ വിശകലനം നടത്തി ഊർജ്ജിത നിയന്ത്രണം, ബോധവത്ക്കരണം, രോഗ പ്രതിരോധത്തിനും ബോധവത്ക്കരണത്തിനുമായുള്ള കാമ്പയിനുകൾ, പൊതുജനാരോഗ്യ നിയമം അനുസരിച്ചുള്ള പരിശോധനകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പിക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. സിങ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശാരദ, എസ്.സി., എസ്.ടി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, ശുചിത്വ മിഷൻ എക്സി. ഡയറക്ടർ മീർ അലി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഹോമിയോപ്പതി ഡയറക്ടർ ഡോ. കെ. ജമുന, ഐ.എസ്.എം. ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യ ജാഗ്രത 2020ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP