Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോളിയോ നൽകാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധന: തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലിൽ രേഖപ്പെടുത്തി; സർവേയ്ക്കെത്തിയ ആശാ വർക്കർക്ക് ക്രൂരമർദനം; കൈവശമുണ്ടായിരുന്ന തുള്ളി മരുന്നു കുപ്പിയും നശിപ്പിച്ചു; ദമ്പതികൾക്കെതിരേ കേസ്

പോളിയോ നൽകാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധന: തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലിൽ രേഖപ്പെടുത്തി; സർവേയ്ക്കെത്തിയ ആശാ വർക്കർക്ക് ക്രൂരമർദനം; കൈവശമുണ്ടായിരുന്ന തുള്ളി മരുന്നു കുപ്പിയും നശിപ്പിച്ചു; ദമ്പതികൾക്കെതിരേ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പോളിയോ തുള്ളിമരുന്ന് വിതരണത്തെപ്പറ്റിയുള്ള വിവരം മതിലിൽ രേഖപ്പെടുത്തിയതിന്റെ പേരിൽ ആശാ വർക്കർക്ക് ക്രൂരമർദ്ദനം. കൊല്ലം ചിതറിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിവരങ്ങൾ മതിലിൽ രേഖപ്പെടുത്തിയ ആശ വർക്കറായ മഹേശ്വരിയമ്മയ്ക്കാണ് മർദ്ദനമേറ്റതായി പരാതി്. ആശ വർക്കറെ മർദ്ദിച്ച സംഭവത്തിൽ ഐരക്കുഴി സ്വദേശി സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരെ കടയ്ക്കൽ പൊലീസ് കേസെടുത്തു.

മടത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആശാ വർക്കറാണ് മഹേശ്വരിയമ്മ. പോളിയോ നൽകാത്ത കുട്ടികളെ കണ്ടെത്താനായിട്ടുള്ള പതിവ് പരിശോധനയുടെ ഭാഗമായി മഹേശ്വരിയമ്മ സൈനുലാബ്ദ്ദീന്റെ വീട്ടിലുമെത്തിയിരുന്നു. അംഗൻവാടി ജീവനക്കാരിയായ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു. അഞ്ചു വയസിൽ താഴയുള്ള കുട്ടികൾ ആരും അവിടെയില്ലെന്ന് വീട്ടുകാർ അറിയിച്ചു. തുടർന്ന് ആശാവർക്കർ ഭിത്തിയിൽ നമ്പർ രേഖപ്പെടുത്തി. ഇത് മായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബനാഥനായ സൈനുദ്ദീനും ഭാര്യ സജ്‌നയും ചേർന്ന് തന്നെ മർദ്ദിച്ചു എന്നാണ് മഹേശ്വരിയമ്മ പരാതിയിൽ പറയുന്നത്. ഇവരുടെ കയ്യിലുണ്ടായിരുന്ന പോളിയോ വാക്‌സിനുകളും നശിപ്പിച്ചു എന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സൈനുദ്ദീനും ഭാര്യക്കുമെതിരെ കേസെടുത്തത്. മർദ്ദനത്തിൽ പരിക്കേറ്റ മഹേശ്വരിയമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

പൗരത്വ നിയമ ഭേദഗതി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളിൽ സർവെയ്‌ക്കെത്തുന്നവരോട് പലരും മോശമായി പെരുമാറുന്നു എന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോഷൺ അഭിയാൻ സർവെയ്ക്ക് സെൻസസും എൻപിആറും തമ്മിൽ ഒരു ബന്ധവുമില്ലെന്നു കാട്ടി സംസ്ഥാന സർക്കാർ പരസ്യവും പുറത്തിറക്കിയിട്ടുണ്ട്. മഹേശ്വരിയമ്മ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് പൊതുമുതൽ നശിപ്പിച്ചതിനും ആശാവർക്കറുടെ ജോലി തടസപ്പെടുത്തിയതിനും സൈനുലാബ്ദ്ദീനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തതായി സൂചന.

സംഭവത്തിൽ പൊലീസ് കേസ് അന്വേഷണം ഊർജ്ജിതമാക്കി. അതേ സമയം, ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ എത്തിക്കാതിരുന്നതിനാൽ സംസ്ഥാനത്തെ 4,90,645 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനായില്ലെന്ന് റിപ്പോർട്ട് വന്നിരുന്നു. തുള്ളിമരുന്ന് വിതരണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ മലപ്പുറം ജില്ലയാണെന്നും റിപ്പോർട്ടിലുണ്ട്. ഇവിടത്തെ 46 ശതമാനം കുട്ടികൾക്കും പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി നടന്ന ജനുവരി 19-ന് പോളിയോ തുള്ളിമരുന്ന് നൽകിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

സംസ്ഥാനത്തെ 24,50,477 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 19,59,832 കുട്ടികൾക്ക് 19-ന് തുള്ളിമരുന്ന് നൽകി. ആകെ കുട്ടികളുടെ 80 ശതമാനമാണിത്. 20 ശതമാനം കുട്ടികൾ ഇപ്പോഴും വാക്‌സിനേഷന് പുറത്താണെന്നും സൂചനയുണ്ട്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഇവിടേക്ക് രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുവന്നില്ല.

മലപ്പുറവും കാസർകോടും പാലക്കാടും തുള്ളിമരുന്നിനോട് മുഖം തിരിച്ചപ്പോൾ ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകൾ 90 ശതമാനം കടന്നിരുന്നു. ചൊവ്വാഴ്ചവരെയാണ് വീടുകളിൽ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതർ തുള്ളിമരുന്ന് നൽകിയത്. എന്നാൽ, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ അതിൽ പലഭാഗത്തും വാകസിനെതിരെ മുഖം തിരിക്കുന്ന നടപടികൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP