Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടുതൽ കഞ്ചാവ് കേസ് റിപ്പോർട്ടു ചെയ്യാൻ പൊലീസ് വാങ്ങാൻ തീരുമാനിച്ചത് ഒന്നര കിലോ കഞ്ചാവ്; നർകോട്ടിക് സ്‌ക്വാഡിലെ എഎസ്‌ഐ വാങ്ങിയത് ആറരക്കിലോ കഞ്ചാവ്; കള്ളി പുറത്തായപ്പോൾ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി മുഖം രക്ഷിക്കാനൊരുങ്ങി കേരള പൊലീസ്; പുറത്തു വരുന്നത് പൊലീസിന്റെ 'ഉഡായിപ്പ്' കഞ്ചാവ് വേട്ടയുടെ കഥകൾ

കൂടുതൽ കഞ്ചാവ് കേസ് റിപ്പോർട്ടു ചെയ്യാൻ പൊലീസ് വാങ്ങാൻ തീരുമാനിച്ചത് ഒന്നര കിലോ കഞ്ചാവ്; നർകോട്ടിക് സ്‌ക്വാഡിലെ എഎസ്‌ഐ വാങ്ങിയത് ആറരക്കിലോ കഞ്ചാവ്; കള്ളി പുറത്തായപ്പോൾ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി മുഖം രക്ഷിക്കാനൊരുങ്ങി കേരള പൊലീസ്; പുറത്തു വരുന്നത് പൊലീസിന്റെ 'ഉഡായിപ്പ്' കഞ്ചാവ് വേട്ടയുടെ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർകോട്ടിക് സ്‌ക്വാഡിലെ എഎസ്‌ഐയുടെ സ്ഥലംമാറ്റത്തിനു പിന്നാലെ പൊലീസിന്റെ കഞ്ചാവ് വേട്ടയുടെ കാണാക്കഥകൾ പുറത്തുവരുന്നു. തമിഴ്‌നാട്ടിൽ നിന്നും പണം കൊടുത്ത് കഞ്ചാവ് വാങ്ങിയതിനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിരിക്കുന്നത്.

ലഹരിക്കെതിരെ നടപടി ശക്തമാക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കർശന നിർദ്ദേശം നടപ്പിലാക്കുന്ന കേരള പൊലീസിന്റെ കുറുക്കു വഴികളാണ് ഇപ്പോൾ പുറത്തു വരുന്നത്. പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം ജില്ലയിലും ആന്റി നർകോട്ടിക് സെൽ പ്രവർത്തനം ശക്തമാക്കി. കൂടുതൽ കഞ്ചാവു കേസുകൾ റിപ്പോർട്ടു ചെയ്യാനും കൂടുതൽ അളവു കഞ്ചാവു പിടിച്ചെടുത്തതായി കണക്കു നൽകാനും ഒന്നര കിലോ കഞ്ചാവു വാങ്ങാൻ പൊലീസ് രഹസ്യമായി തീരുമാനമെടുത്തു. ഒന്നര കിലോ കഞ്ചാവിന് പകരം ആറര കിലോ കഞ്ചാവ് വാങ്ങിയെന്നു മാത്രമല്ല, ഈ പൊലീസ് ഉദ്യോഗസ്ഥൻ അതു സ്വന്തമായി സൂക്ഷിക്കുകയും ചെയ്തു.

വിവരം പുറത്തായതോടെ മലയോര മേഖലയിലെ സ്റ്റേഷനിലേക്ക് എഎസ്ഐയെ മാറ്റി. കഞ്ചാവു വേട്ടയുടെ കണക്കൊപ്പിക്കാനായി തമിഴ്‌നാട്ടിൽ നിന്ന് മറ്റും പ്രതികളെ പിടികൂടിയ ശേഷം കോട്ടയം ജില്ലയിലെത്തിച്ച് ഇവിടെ നിന്നു പിടികൂടിയതാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നെന്ന ആരോപണവും പൊലീസിനെതിരെയുണ്ട്.

ചെറിയ അളവു കഞ്ചാവുമായി പിടികൂടുന്നവർക്കെതിരെ കേസ് ശക്തമാക്കാൻ തൊണ്ടി മുതലിന്റെ അളവു കൂട്ടാനും ഇത്തരം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്.ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർകോട്ടിക് സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥനാണ് സസ്പെൻഷൻ ലഭിച്ചത്.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കുന്നു എന്ന് അധികാരികൾ അഭിമാനത്തോടെ പറയുമ്പോഴും ലഹരിമാഫിയ കേരളം വാഴുന്നതിന്റെ പൊരുളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാർത്തകളിൽ ഇടംപിടിക്കാനും മോലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകാനും ഇത്തരത്തിൽ പണം കൊടുത്തു വാങ്ങി സൂക്ഷിക്കുന്ന കഞ്ചാവ് തൊണ്ടി മുതലാക്കി മാറ്റുന്നത് ഒറ്റപ്പെട്ട സംഭവമാണോ എന്നത് വരും ദിവസങ്ങളിലെ അറിയാൻ സാധിക്കു. ആവശ്യത്തിലധികം കഞ്ചാവ് കയ്യിലുള്ളതിനാൽ ആരെയും കഞ്ചാവ് കേസിൽ പ്രതിയാക്കാനും പൊലീസിന് സാധിക്കും എന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്.

കേരളത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ സജീവമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ ലഹരിമരുന്ന് റാക്കറ്റിലെ കണ്ണികളായുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉപയോഗിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്നതായും അടുത്തിടെ കണ്ടെത്തിയിരുന്നു. അതിനിടയിലാണ് ഇത്തരം കള്ളത്തരങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തുവന്നത്.

കഞ്ചാവും കടന്ന് ലഹരി മാഫിയ

കഞ്ചാവും കള്ളുമൊക്കെ ഇപ്പോൾ ലഹരി മാഫിയക്ക് ചീളുകേസുകളാണ്. സിന്തറ്റിക് ഡ്രഗ്ഗുകളോടാണ് മാഫിയക്കും കസ്റ്റമേഴ്‌സിനും പ്രിയം. സിന്തറ്റിക് ഡ്രഗ്ഗുകളായ എൽ.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈഈതൈൽഅമേഡ്), എം.ഡി.എം.എ (മീതേൽഡയോക്‌സി മെത്താംഫിറ്റമീൻ) തുടങ്ങിയവ ഓൺലൈനിൽ സുലഭമാണ്. കർശന നിയന്ത്രണമുണ്ടെങ്കിലും ഇന്റർനെറ്റിന്റെ അധോലോകമായ 'ഡാർക്ക്‌നെറ്റിൽ' നടക്കുന്ന ഓൺലൈൻ ലഹരിവ്യാപാരം നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സർക്കാർ ഏജൻസികൾക്ക് കഴിയുന്നില്ല. എം.ഡി.എം.എ. ദക്ഷിണകേരളത്തിൽ ആദ്യമായി പിടിക്കപ്പെട്ടതും തലസ്ഥാനത്താണ്. ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ വെള്ളായണി സ്വദേശിയിൽനിന്നാണ് എക്‌സൈസ് എം.ഡി.എം.എ. പിടിച്ചെടുത്തത്. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപഭോക്താക്കൾ വർധിക്കുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.

ഉപയോഗിക്കുന്നവരെ എക്കാലത്തും അടിമകളാക്കുന്ന ഭീകരതയാണ് സിന്തറ്റിക് ഡ്രഗ്ഗുകൾക്കുള്ളത്. എൽ.എസ്.ഡി. ആദ്യം ദ്രവരൂപത്തിലായിരുന്നു ലഭ്യമായിരുന്നത്. ഇത് സ്റ്റാമ്പുകളിലേക്ക് മാറ്റാൻ കഴിഞ്ഞതോടെയാണ് മയക്കുമരുന്നു വിപണിയിലെ താരമായത്. സൗകര്യപ്രദമായി എവിടെയും എത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്.

ടങ്സ്റ്റൺ കാർബൺ പേപ്പറുകളിൽ പൊതിഞ്ഞാണ് എൽ.എസ്.ഡി. സ്റ്റാമ്പുകൾ എത്തുന്നത്. വിമാനത്താവളങ്ങളിലെ എക്സ്‌റേ പരിശോധനയിൽനിന്ന് രക്ഷപ്പെടാനാണ് ഈമാർഗ്ഗം. സംശയമുള്ള പാഴ്‌സലുകളാണ് പൊട്ടിച്ച് പരിശോധിക്കുന്നത്. സംസ്ഥാനത്ത് നേരിട്ട് വൻകിട കാർഗോകൾ എത്തുന്നില്ല. മുംബൈ, ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിലേക്കാണ് വൻകിട കാർഗോ പാഴ്‌സലുകൾ എത്തുന്നത്. ഇവിടത്തെ പരിശോധന കഴിഞ്ഞാൽ തടസ്സമൊന്നുമില്ലാതെ ഉപഭോക്താവിന് പാഴ്‌സൽ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP