Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി പച്ചക്കൊടി കാട്ടിയതോടെ പദ്ധതിയുടെ രൂപരേഖയുമായി കെഎസ്ഇബി; 1000 കോടി മുടക്കി വെള്ളച്ചാട്ടത്തിന് ആറ് കിലോമീറ്റർ മുകളിൽ അണക്കെട്ട് പണിയും; വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷമുള്ള വെള്ളം വീണ്ടും പുഴയിൽ എത്തുന്നത് വെള്ളച്ചാട്ടം കഴിഞ്ഞ് ഏഴ് കിലോമീറ്റർ പിന്നിടുമ്പോൾ

പിണറായി പച്ചക്കൊടി കാട്ടിയതോടെ പദ്ധതിയുടെ രൂപരേഖയുമായി കെഎസ്ഇബി; 1000 കോടി മുടക്കി വെള്ളച്ചാട്ടത്തിന് ആറ് കിലോമീറ്റർ മുകളിൽ അണക്കെട്ട് പണിയും; വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷമുള്ള വെള്ളം വീണ്ടും പുഴയിൽ എത്തുന്നത് വെള്ളച്ചാട്ടം കഴിഞ്ഞ് ഏഴ് കിലോമീറ്റർ പിന്നിടുമ്പോൾ

തിരുവനന്തപുരം: എതിർപ്പുകൾ എത്ര ശക്തമാണെങ്കിലും അത് വകവെയ്ക്കാതെ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകാനാണ് എൽഡിഎഫ് സർക്കാറിന്റെ തീരുമാനമെന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ അതിരപ്പള്ളി പദ്ധതിയുടെ വിശദമായി വിവരങ്ങൾ തയ്യാറാക്കി കെഎസ്ഇബിയും രംഗത്തെത്തി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമ്മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോർഡ് തയാറാക്കിയിരിക്കുന്നത്. എതിർപ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ സൂചനയായി തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങളെ വിലയിരുത്തുന്നത്.

നിലവിലെ പദ്ദതി പ്രകാരമാണെങ്കിൽ അതിരപ്പള്ളി അണക്കെട്ടിന്റെ ഭംഗിയും ചാരുതയും നശിപ്പിക്കുന്ന വിധത്തിൽ തന്നെയാകും അതിരപ്പള്ളി പദ്ധതി നടപ്പിലാകുക എന്നാണ് വൈദ്യുതി ബോർഡിന്റെ പദ്ധതിരേഖ പരിശോധിച്ചാൽ വ്യക്തമാകുക. സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയാൽ ഏതു നിമിഷവും ടെൻഡർ നടപടി തുടങ്ങാൻ പാകത്തിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 936 കോടി രൂപയാണ് ആകെ ചെലവ്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിൽ നിന്നു 2.52 കിലോമീറ്റർ ദൂരെയാണു പുതിയ ഡാം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ വൈദ്യുതി ഉൽപാദിപ്പിച്ചു പുറത്തേക്കു വിടുന്ന വെള്ളമാണ് ഇപ്പോൾ ചാലക്കുടിപ്പുഴയിലൂടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി കടന്നുപോകുന്നത്. പുതിയ ഡാം നിർമ്മിക്കുന്നതോടെ ഈ വെള്ളം മുകളിൽ തടഞ്ഞുനിർത്തും. ഡാമിൽ നിന്നു മൂന്നര മീറ്റർ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റർ ദൂരെയുള്ള കണ്ണങ്കുഴിയിൽ എത്തിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുക. വൈദ്യുതി ഉൽപാദനത്തിനു ശേഷം ഡാമിൽ നിന്ന് 7.8 കിലോമീറ്റർ താഴെ ചാലക്കുടിപ്പുഴയിലേക്കു തന്നെ ഈ വെള്ളം ഒഴുക്കിവിടും. ഇതോടെ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി അപ്രത്യക്ഷമാകുമെന്ന കാര്യം ഉറപ്പാണ്.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റർ താഴെയാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥലം. പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഡാമിന് 84.4 ലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷിയേ ഉള്ളൂ. ഇത് ഉപയോഗിച്ച് ആറു മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. വെള്ളം പൂർണമായും തടഞ്ഞുനിർത്തിയാൽ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകും. ഈ സാഹചര്യത്തിൽ പുതിയ ഡാമിനു തൊട്ടുതാഴെ മൂന്നു മെഗാവാട്ടിന്റെ ചെറിയ വൈദ്യുത നിലയം കൂടി ബോർഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.

പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ 48 മെഗാവാട്ട് ഉൽപാദനമുണ്ടെങ്കിലും രാത്രിയിൽ മാത്രമേ എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിക്കാറുള്ളു. പകൽ ശരാശരി എട്ടു മെഗാവാട്ട് മാത്രമാണ് ഉൽപാദനം. ഈ വെള്ളമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടമായി താഴേക്ക് ഒഴുകുന്നത്. പെരിങ്ങൽക്കുത്തിൽ ശരാശരി എട്ടു മെഗാവാട്ട് ഉൽപാദിപ്പിക്കുമ്പോൾ പുറത്തേക്ക് ഒഴുകുന്ന അത്രയും വെള്ളം പുതിയ ഡാമിനു താഴെ സ്ഥാപിക്കുന്ന മൂന്നു മെഗാവാട്ട് നിലയത്തിനു വേണ്ടി പുറത്തേക്കു വിടുമെന്നാണു ബോർഡിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്.

അങ്ങനെ വരുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇപ്പോഴത്തേതു പോലെ തുടരും. പെരിങ്ങൽക്കുത്തിൽ വേനൽക്കാലത്തു വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം സെക്കൻഡിൽ 7.65 ഘനമീറ്റർ വെള്ളമാണു പകൽസമയത്തു പുറത്തുവിടുന്നത്. പുതിയ ഡാമിനു താഴെയുള്ള മൂന്നു മെഗാവാട്ട് നിലയത്തിൽ നിന്ന് ഇത്രയും തന്നെ വെള്ളം പുറത്തുവിടുമെന്നും അതിലൂടെ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നും ബോർഡ് പറയുന്നു.

അതിരപ്പിള്ളി പദ്ധതിയുടെ പ്രധാന പവർ ഹൗസിൽ 80 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളാണു സ്ഥാപിക്കുക. രണ്ടു പവർ ഹൗസുകളിൽ നിന്നുമായി 163 മെഗാവാട്ട് ലഭിക്കും. വർഷം കുറഞ്ഞത് 23.3 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള അനുമതിയാണു കേന്ദ്ര വൈദ്യുതി അഥോറിറ്റി നൽകിയിരിക്കുന്നതെങ്കിലും നല്ല മഴ ലഭിച്ചാൽ വർഷം 60 കോടി യൂണിറ്റ് വരെ ഉൽപാദിപ്പിക്കാമെന്നു വിദഗ്ദ്ധർ പറയുന്നു.

പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി നാശവും വളരെ വലുതാണ്. 138.6 ഹെക്ടർ വനഭൂമിയെ ബാധിക്കുമെന്നത് തന്നെയാണ് പരിസ്ഥിതി പ്രേമികളെ ആശങ്കയിലാക്കുന്നത്. ഇതിൽ 42 ഹെക്ടറിലെ മരം മുറിക്കണം. ടണൽ പോകുന്ന 14.2 ഹെക്ടർ ഏറ്റെടുക്കുമെങ്കിലും പിന്നീടു വനം വകുപ്പിനു തിരികെ നൽകും. 104.4 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലാകും. ഇതിൽ 36.8 ഹെക്ടർ തേക്കു തോട്ടമാണ്. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുകളും കേന്ദ്ര ജല കമ്മിഷനും കേന്ദ്ര വൈദ്യുതി അഥോറിറ്റിയും പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി എന്തു വേണമെന്നു സംസ്ഥാന സർക്കാരാണു തീരുമാനിക്കേണ്ടത്.

പെരിങ്ങൽക്കുത്ത് പവർ ഹൗസിൽ നിന്നു പുറത്തേക്കു വിടുന്ന വെള്ളവും അതിരപ്പിള്ളിയിലെ 26 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു ലഭിക്കുന്ന വെള്ളവും ഉപയോഗിച്ചാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ 94 ശതമാനവും പെരിങ്ങൽക്കുത്തിലെ വെള്ളമാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു 13 കിലോമീറ്റർ താഴെ ജലവിഭവ വകുപ്പിന്റെ ഏഴു മീറ്റർ ഉയരമുള്ള തടയണയുണ്ട്. അവിടെ നിന്നു കൃഷിക്കു വെള്ളം വിതരണം ചെയ്തുവരുന്നു. അതിരപ്പിള്ളിയിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷം വെള്ളം തുറന്നുവിടുന്നത് ഈ തടയണയിലേക്ക് ആയതിനാൽ ജലസേചനത്തെ പദ്ധതി ബാധിക്കില്ലെന്നു പ്രോജക്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനു 2001ൽ ആലോചിക്കുമ്പോൾ 409 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ ഇതു 936 കോടി രൂപയായി. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിനു നാലു രൂപ വില വരും. ഇ.കെ.നായനാർ മുഖ്യമന്ത്രിയും പിണറായി വിജയൻ വൈദ്യുതി മന്ത്രിയുമായിരിക്കെ ഈ പദ്ധതി നടപ്പാക്കാൻ എൻടിപിസി തയാറായതാണ്. പക്ഷേ സർക്കാർ അനുമതി നൽകിയില്ല. വിവാദങ്ങൾക്കിടയിലും സംസ്ഥാന സർക്കാർ അനുവദിച്ചാൽ വായ്പയെടുത്തു സ്വയം പദ്ധതി നടപ്പാക്കാനാണു ബോർഡിന്റെ തീരുമാനം.

അതേസമയം അതിരപ്പള്ളി പദ്ധതിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞിട്ടില്ലെന്ന് മുൻ വനം പരിസ്ഥിതി മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. എല്ലാത്തരം അറിവുകളും ചേർത്തുവച്ച പഠനം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. പരിസ്ഥിതിയെ തകർക്കുന്ന ഒരു പദ്ധതിയേയും അംഗീകരിക്കില്ല. എന്ത് ചെയ്തും വികസനം ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് ഇടതുപക്ഷത്തിന് യോജിക്കുന്നതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദനും പദ്ധതിക്ക് അനുകൂലമല്ല തന്റെ നിലപാടെന്ന് സൂചന നൽകി രംഗത്തെത്തുകയുണ്ടാിയ. ജനവിരുദ്ധമായ ഒരു പദ്ധതിയും നടപ്പിലാക്കില്ലെന്നും ജനങ്ങളെ വിശ്വസത്തിലെടുത്തുള്ള തീരുമാനങ്ങൾ മാത്രമേ എൽ.ഡി.എഫ് സർക്കാർ എടുക്കൂ എന്നും വി എസ് പാലക്കാട് പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാർട്ടി നേതാവായ കൃഷിമന്ത്രി വി എസ്.സുനിൽ കുമാറും അതിരപ്പള്ളി പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും വൈദ്യുതി മന്ത്രി കടന്നപ്പള്ളി സുരേന്ദ്രന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ എൽ.ഡി.എഫിൽ അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് ഭിന്നത ശക്തമായിരിക്കുകയാണ്. വി.എസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എ.കെ.ബാലൻ പദ്ധതിയെ അനുകൂലിച്ച് രംഗത്ത് വരുകയും എന്നാൽ സിപിഐ അടക്കമുള്ളവർ എതിർക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP