Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുർവേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ചികിത്സാ രീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും ഇന്റർനാഷണൽ ആയുഷ് കോൺക്ലേവ്; പരിപാടികൾക്ക് അന്തിമരൂപമായി

ആയുർവേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ചികിത്സാ രീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും ഇന്റർനാഷണൽ ആയുഷ് കോൺക്ലേവ്; പരിപാടികൾക്ക് അന്തിമരൂപമായി

തിരുവനന്തപുരം: സെപ്റ്റംബർ 7 മുതൽ 11 വരെ കൊച്ചി മറൈൻ ഡ്രൈവിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിലെ (ഐ.എ.സി. 2018) പരിപാടികൾക്ക് അന്തിമരൂപമായി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിർദേശത്തെത്തുടർന്ന് ഗവ. ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ആയുഷ് മേഖലയിലെ എല്ലാ മെഡിക്കൽ കോളേജുകളിലേയും പ്രിൻസിപ്പാൾമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗത്തിലാണ് പരിപാടികൾക്ക് അന്തിമരൂപം നൽകിയത്.

ആയുർവേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സാ രീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമാണ് ആയുഷ് കോൺക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരഭകരുമായി കേരളത്തിലെ ആയുഷ് മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കാനും കഴിയും.

അന്താരാഷ്ട്ര സെമിനാർ, നാഷണൽ ആരോഗ്യ എക്സ്പോ, ബിസിനസ് മീറ്റ്, എൽ.എസ്.ജി. ലീഡേഴ്സ് മീറ്റ്, ആയുർവേദ ഔഷധനയം ശിൽപശാല, ആരോഗ്യവും ആഹാരവും ശിൽപശാല, കാർഷിക സംഘമം, ആയുഷ് ഐക്യദാർഢ്യ സമ്മേളനം, ആയുഷ് സ്റ്റാർട്ട് അപ് കോൺക്ലേവ് എന്നിവയാണ് പ്രധാന പരിപാടികൾ.

അന്താരാഷ്ട്ര സെമിനാർ

പൊതുജനാരോഗ്യ മേഖലയിലെ വിവിധ തലങ്ങളിൽ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഇടപെടലുകളും വിശാല സാധ്യതകളും എന്നതാണ് അന്താരാഷ്ട്ര സെമിനാറിന്റെ വിഷയം. മുഖ്യ വിഷയത്തിന്റെ ഭാഗമായി നിരവധി ഉപ വിഷയങ്ങളും ചർച്ചചെയ്യപ്പെടുന്ന സെമിനാറിൽ അന്താരാഷ്ട്ര പ്രഗത്ഭരായ നിരവധി അക്കാദമിക് പണ്ഡിതർ, ക്ലിനീഷ്യന്മാർ, ഗവേഷകർ എന്നിവർ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. ഈ സെമിനാറിന്റെ ഫലപ്രദമായ പരിസമാപ്തിയുടെ ഭാഗമായി ചർച്ചകളുടെ സമഗ്ര രേഖ പ്രസിദ്ധപ്പെടുത്തുകയും മേഖലയുടെ വികസനത്തിനു വേണ്ടി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യും.

നാഷണൽ ആരോഗ്യ എക്സ്പോ

ആയുഷ് വൈദ്യശാസ്ത്ര മേഖലയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് എക്സ്പോയുടെ ഉദ്ദേശം. ആയുഷ് സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ സ്ഥാപിക്കുന്നതരത്തിലുള്ള ഹോം പവിലിയൻ, ആയുഷ് മേഖലയിലെ നൂതന വികാസപരിണാമങ്ങൾ, ഔഷധ നിർമ്മാതാക്കൾ, രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ എന്നിവർ അവരവരുടെ നേട്ടങ്ങളെയും മികവുകളെയും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പവലിയനുകൾ എന്നിവ എക്സ്പോയിൽ ഉണ്ടാകും. ഔഷധ നിർമ്മാതാക്കൾ പുതിയതായി വികസിപ്പിച്ചെടുത്ത് പ്രൊപ്പറൈറ്ററി ലൈസൻസ് നേടിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് സൗകര്യവും എക്സ്പോയിൽ ഒരുക്കുന്നുണ്ട്. ആയിരത്തിലേറെ ഔഷധികളെ ഉൾപ്പെടുത്തികൊണ്ട് ഔഷധസസ്യപ്രദർശനവും ഇതോടൊപ്പം സംഘടിപ്പിക്കും.

ബിസിനസ് മീറ്റ്

1) ഹെർബൽ ബസാർ: ഔഷധനിർമ്മാതാക്കൾക്ക് അവരുടെ മാർക്കറ്റ് വിപുലപ്പെടുത്തുന്നതിന് സഹായകമായി അന്താരാഷ്ട്രതലത്തിലുള്ള വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും കൂടിച്ചേരലും അന്യോന്യമുള്ള ചർച്ചകളും ലോക വിപണിയിൽ വിവിധ രാജ്യങ്ങളിലേയ്ക്ക് ഔഷധ ആയുഷ് അധിഷ്ഠിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച പ്രശ്നങ്ങളും പരിഹാര മാർശങ്ങളും സംബന്ധിച്ച് അവതരണങ്ങളും 'ഹെർബൽ ബാസാർ' എന്ന സെഷനിൽ ഉണ്ടാകും.

2) ആയുഷ് ഹെൽത്ത് ട്രാവൽബസാർ: കേരളത്തിലെ വിവിധ ആയുർവേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ ടൂർ ഓപ്പറേറ്റർമാരും അന്താരാഷ്ട ആരോഗ്യ വിനോദസഞ്ചാര മാധ്യമപ്രതിനിധികളും പങ്കെടുക്കുന്നതാണ് ആയുഷ് ഹെൽത്ത് ട്രാവൽബസാർ. ഈ സെഷനിൽ ആയുഷ് ഹെൽത്ത് ടൂറിസം മേഖലയിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എങ്ങനെ ഫലപ്രദമാക്കാം, അതിനുള്ള വിഭവസമാഹരണം സാധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ടൂർ ഓപ്പറേറ്റർമാരും സേവനദാതാക്കളും തമ്മിലുള്ള ഒറ്റയ്ക്കും കൂട്ടായും ഉള്ള ചർച്ചകൾ പുതിയ ബിസിനസ്സ് സാധ്യതകൾക്ക് വഴി തെളിക്കും.

എൽ.എസ്.ജി. ലീഡേഴ്സ് മീറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ കഴിഞ്ഞ മൂന്നുവർഷങ്ങളിലായി നടത്തപ്പെട്ട, തെരഞ്ഞെടുക്കപ്പെട്ട പൊതുജനാരോഗ്യ പ്രോജക്ടുകൾ പരിശോധിക്കുന്നതിനും ചർച്ചചെയ്യുന്നതിനും പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വേദി ഒരുക്കുന്നു. മികച്ച പ്രോജക്ടുകൾ അവതരിപ്പിക്കപ്പെടുകയും അംഗീകാരം നൽകുകയും ചെയ്യും.

ആയുർവേദ ഔഷധനയം ശില്പശാല

ആയുർവ്വേദ ഔഷധനയം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്കൊപ്പം ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഔഷധ നിർമ്മാണ മേഖലയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ഔഷധസസ്യകൃഷി മുതൽ വിപണനം വരെയുള്ള വിവിധ തലങ്ങളും കർഷകരുടെയും വ്യവസായികളുടെയും വിൽപ്പനക്കാരുടെയും ചികിത്സകരുടെയും പൊതുജനങ്ങളുടെയും ഭാഗത്തു നിന്നും ഈ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും അഭിപ്രായങ്ങളും ചർച്ചചെയ്യപ്പെടുന്ന ഒരു ശില്പശാലയായിരിക്കും ഇത്. ആയുർവേദ ഔഷധനയം രൂപീകരിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം സാക്ഷാതിക്കരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ ശില്പശാല.

ആരോഗ്യവും ആഹാരവും ശില്പശാല

രോഗങ്ങൾ അവയുടെ പ്രതിരോധം ചികിത്സ എന്നിവ നല്ല ഭക്ഷണം എന്ന ആശയത്തെ മുൻനിർത്തിയാണ് ആരോഗ്യവും ആഹാരവും ശില്പശാല സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഹെൽത്ത് ഫുഡ് ഫെസ്റ്റിവൽ 'കിച്ചൻ ഫാർമസി' എന്ന പേരിൽ സംഘടിപ്പിക്കും.

കാർഷിക സംഗമം

ഔഷധസസ്യ കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നവരെയും പങ്കെടുപ്പിച്ച് കൊണ്ട് കർഷകസംഗമം നടത്തും. സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡാണ് ഇതിന് നേതൃത്വം നൽകുക.

ആയുഷ് ഐക്യദാർഢ്യസമ്മേളനം

ആയുഷ് വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ ശക്തിയും സാധ്യതകളും അനുഭവിച്ചറിഞ്ഞിട്ടുള്ള പൊതുസമൂഹത്തിന്റെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയാണിത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരെ ആയുഷിനായി ഐക്യദാർഢ്യപ്പെടുത്തുന്ന ഈ പരിപാടി സമൂഹത്തിൽ ആയുഷിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും.

ആയുഷ് സ്റ്റാർട്ട് അപ് കോൺക്ലേവ്

ഈ മേഖലയിൽ പുതിയ ആശയങ്ങൾ വളർത്തുന്നതിനും അവയ്ക്ക് മൂലധനം കണ്ടെത്തുന്നതിനും വ്യവസായ സമൂഹത്തിന്റെ സഹായത്തോടെ നടത്തുന്ന സ്റ്റാർട്ട് അപ് കോൺക്ലേവ് കേരള വികസനത്തിൽ ആയുഷിന്റെ നവസംരംഭകത്വം ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കും.

അനുബന്ധ പരിപാടികൾ

ആയുഷ് വിദ്യാർത്ഥി സംഗമം, ആയുഷ് വിഭാഗങ്ങളിലേക്ക് ആശമാരുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള ആലോചനായോഗങ്ങൾ, ഔഷധ സസ്യപ്രചരണം, പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രഭാഷണങ്ങൾ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ ഇതോടൊപ്പം അനുബന്ധ പരിപാടികളായി സംസ്ഥാനത്തുടനീളം നടക്കും.

ഐ.എ.സി. 2018 പങ്കാളിത്തം

രജിസ്റ്റർ ചെയ്ത 2000 പ്രതിനിധികൾ, വിദഗ്ദ്ധരായ 500 പ്രത്യേക ക്ഷണിതാക്കൾ, 100 ഗവേഷണ പ്രാധാന്യമുള്ള പ്രഭാഷണങ്ങൾ, വ്യവസായി മേഖലയിൽ നിന്നുമുള്ള 200 വിദഗ്ദ്ധർ, 50 സർക്കാർ, സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും 200 പ്രതിനിധികൾ എന്നിവർ ഐ.എ.സി. 2018 ൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP