Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുമ്പിനെ മോഷ്ടിച്ച് അത് സ്വർണമാക്കി മാറ്റൂ അതാണ് സർഗാത്മകത; ഇപ്പോഴത്തെ കാലം വ്യാജ നിർമ്മിതിയുടേത്; ടീച്ചറെ സെലിബ്രിറ്റിയാക്കിയത് ആരോ പറഞ്ഞുകൊടുത്ത വരികളും ബീഫ് ഫെസ്റ്റിവലും; സമൂഹമാധ്യമങ്ങളിലെ പ്രശസ്തിക്കായി വിവാദവും തകൃതി; ദീപ നിശാന്തിനെ എങ്ങിനെ എഴുത്തുകാരിയായി കാണാൻ കഴിയുമെന്ന് ബാലചന്ദ്രൻ വടക്കേടത്ത്

ഇരുമ്പിനെ മോഷ്ടിച്ച് അത് സ്വർണമാക്കി മാറ്റൂ അതാണ് സർഗാത്മകത; ഇപ്പോഴത്തെ കാലം വ്യാജ നിർമ്മിതിയുടേത്; ടീച്ചറെ സെലിബ്രിറ്റിയാക്കിയത് ആരോ പറഞ്ഞുകൊടുത്ത വരികളും ബീഫ് ഫെസ്റ്റിവലും; സമൂഹമാധ്യമങ്ങളിലെ പ്രശസ്തിക്കായി വിവാദവും തകൃതി; ദീപ നിശാന്തിനെ എങ്ങിനെ എഴുത്തുകാരിയായി കാണാൻ കഴിയുമെന്ന് ബാലചന്ദ്രൻ വടക്കേടത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: തന്റെ പുതിയ പുസ്തകമായ 'ഒഴിഞ്ഞ കസേരയിൽ കയറി ഇരിക്കരുതി'ലെ ഒരു അദ്ധ്യായം തന്നെ നിശാന്ത രചനകൾക്കായി നീക്കിവെച്ചിട്ടുണ്ടെന്നു സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. ഇത് ദീപ നിശാന്തിനെ ഉദ്ദേശിച്ചുള്ളതായിരുന്നു- വടക്കേടത്ത് മറുനാടൻ മലയാളിയോട് പ്രതികരിച്ചു, ആശയ ചോരണത്തെക്കുറിച്ച് സഞ്ജയൻ എഴുതിയിട്ടുണ്ട്. നിങ്ങൾ ഇരുമ്പു കഷ്ണം മോഷ്ടിച്ച് ആ ഇരുമ്പിനെ സ്വർണമാക്കി മാറ്റൂ. ആ കളവിന് സർഗാത്മകതയുണ്ട്. ഒരു ആശയം എടുത്ത് സ്വന്തം ഉലയിലിട്ട് അത് സ്വർണമാക്കി മാറ്റുമ്പോൾ അതിൽ സർഗാത്മകതയുണ്ട്.

വി സി.ബാലകൃഷ്ണ പണിക്കരെകുറിച്ച് എഴുതുമ്പോഴാണ് സഞ്ജയൻ ഇങ്ങിനെ പറഞ്ഞത്. വാല്മീകി പോലും ആശയത്തെ അനുകരിച്ചിട്ടുണ്ട്. നാരദൻ പറഞ്ഞുകൊടുത്ത ആശയമാണ് വാത്മീകി രാമായണമായി എഴുതുന്നത്. രാമായണം നാരദന്റെയാണോ? അത് വാത്മീകിയുടേതാണ്. വത്മീകിയെ അനുകരിച്ചാണ് എത്രയോ കവികൾ കവിതകൾ ഉണ്ടാക്കിയത്, കാളിദാസൻ പോലും വലിയ കവിയായി മാറി. പക്ഷെ ഒരു കവിത എടുത്ത് വരികൾ വെട്ടിക്കളഞ്ഞു സ്വന്തം പേരിൽ പ്രസിദ്ധപ്പെടുത്തുമ്പോൾ ആ ചെയ്തി വലിയ സാഹസം തന്നെയാണ്. ആശയചോരണം എന്നോ സാഹിത്യ മോഷണം എന്നോ പോലും വിശേഷിപ്പിക്കാൻ കഴിയുന്നതല്ല ദീപയുടെ ചെയ്തികൾ.

ആശയങ്ങളും ഭാവനകളും ആണ് മുൻപ് അനുകരിക്കപ്പെട്ടത്. ഈ ചോരണത്തെ എന്ത് പറഞ്ഞു വിശേഷിപ്പിക്കും. അത്രമാത്രം ദയനീയമാണ് അവസ്ഥ. അവൻ മാറ്റി, അവൾ എന്നാക്കുകയാണ് സെലിബ്രിറ്റി ചെയ്യുന്നത്. കളവുകൾ പോലും ആഘോഷമാക്കുകയാണ്. വ്യാജ രചനകളിലൂടെയാണ് ഇവർ സെലിബ്രിറ്റിയായത്. സാഹിത്യരചനകൾ എന്ന് പറയാൻ കഴിയാത്ത കാര്യങ്ങൾ ആണ് ഇവർ എഴുതുന്നത്. പക്ഷെ സാഹിത്യമായി ഇത് അവർ ആഘോഷിക്കുന്നു. . പകർത്തി എഴുതിയ ആളും സ്വന്തം പേര് വെച്ച് പ്രസിദ്ധീകരിക്കാൻ നൽകിയ ആളും മോഷണത്തെ ആഘോഷമാക്കുകയാണ്. ഇത് ഒരു മോശം കാലത്തിന്റെ ലക്ഷണമാണ്. മാപ്പ് ഇതിനു പരിഹാരമല്ല.

തങ്ങൾ ചെയ്തത് തെറ്റാണ് ഇവർ രണ്ടുപേരും ദീപാ നിഷാന്തും ശ്രീചിത്രനും പൊതുസമൂഹത്തോട് പറയണം. രണ്ടു പേരും തെറ്റിൽ തുല്യ പങ്കാളികളാണ്. ദീപയെ എഴുത്തുകാരിയായി എങ്ങിനെ കാണാൻ കഴിയും. ഫെയ്സ് ബൂക്കിലൂടെ സെലിബ്രിറ്റികൾ ആകുന്ന ഒട്ടനവധിപേർ ഇന്നു കേരളത്തിലുണ്ട്. ദീപയെ പോലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണ് 'എത്രയെത്ര എഴുത്തുകാർ' എന്ന അധ്യായം പുതിയ പുസ്തകത്തിൽ ഞാൻ നീക്കിവെച്ചത്. സാഹിത്യത്തിലെ പുതിയ പ്രവണതകൾ വിവരിക്കാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചത്. വിവിധ രചനാ രീതികളെ കുറിച്ചാണ് ഈ പുസ്തകത്തിൽ പറയുന്നത്.

ഒന്ന് നിലവിലുള്ള ദീപാ നിഷാന്ത് വിവാദത്തിന്റെ രീതിയിലുള്ളത്. മറ്റൊന്ന് കേട്ടെഴുത്താണ്. കേട്ടെഴുതി പുസ്തകമാക്കുന്നതാണ് ഈ രീതി. കുറിപ്പുകൾ എഴുതി പുസ്തകമാക്കുന്ന ഒരു രീതിയാണിത്. ദീപാ നിഷാന്ത് പിന്തുടരുന്നത് ഈ രീതിയാണ്. സോഷ്യൽ മീഡിയയിൽ എഴുതുന്നത് ഒരു സാമൂഹ്യ പ്രവർത്തനമായി ചിലർ കാണുന്നു. ഒരു സംഭവം വരുമ്പോൾ തനിക്ക് തോന്നുന്നത് എഴുതാൻ ഈ മാധ്യമം സൗകര്യം ഒരുക്കുന്നു. ബീഫ് ഫെസ്റ്റിവൽ വ്യാപകമായി നടക്കുമ്പോൾ ഒരു പ്രതിരോധ സേനയെ സോഷ്യൽ മീഡിയ രൂപപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ വരുന്ന സോഷ്യൽ മീഡിയാ കുറിപ്പുകൾ പുസ്തകമാക്കാനുള്ള ത്വര ഇപ്പോൾ ഉയർന്നു വരുന്നു.

ഫെയ്സ് ബുക്ക് കവിതകളും പുസ്തകമാക്കാനും ചിലർ ശ്രമിക്കുന്നു. സമൂഹമാധ്യമത്തിൽ വിവാദമുണ്ടാകാൻ ശ്രമിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരാണ് ഇപ്പോൾ സെലിബ്രിറ്റികളായി മാറുന്നത്. അവരുടെ കുറിപ്പുകളും അഭിപ്രായങ്ങളും പുസ്തകരൂപത്തിലാക്കാനാനുള്ള ശ്രമം ഒരു സംവാദ വിഷയമാണ്. സോഷ്യൽ മീഡിയ പുസ്തക മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് ഈ സെലിബ്രിറ്റികൾ വഴിയാണ്. പിന്നീട് അവർ സാഹിത്യത്തിൽ അധികാരികളായി മാറുന്നു, ഇവരുടെ ആസ്വാദന കുറിപ്പുകളും അഭിപ്രായങ്ങളും സാഹിത്യത്തിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളല്ല. . എന്നിട്ടും അവയുടെ പേരിൽ സ്വയം ധർഷ്ട്യത്തോടെ എഴുത്തുകാരായി മാറാൻഇവർ ശ്രമിക്കുന്നു. ഇവരുടെ എഴുത്തിനെ നിഷാന്തരചനകൾ എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് താത്പര്യം. സാഹിത്യത്തിൽ തങ്ങൾ ഒഴിച്ചു കൂടാനാകാത്ത ആളുകളാണെന്നു ഇവർ സ്വയം പ്രഖ്യാപിക്കുന്നു.

ഇവരുടെ എഴുത്ത് മലയാള ഭാഷയെ എത്രമാത്രം മലിനമാക്കുന്നുവെന്നു എഴുത്തുകാരും പ്രസാധകരും തിരിച്ചറിയാത്തതാണ് എന്നെ അത്ഭുതപെടുത്തുന്നത്. ഈ നിശാന്ത രചനകൾ ദീപയെ ഉദ്ദേശിച്ചാണ് ഞാൻ എഴുതിയത്. ദീപയെ എഴുത്തുകാരിയായി എങ്ങിനെ കാണാൻ കഴിയും. ഇങ്ങിനെ ഫെയ്സ് ബുക്ക് വഴി സെലിബ്രിറ്റികളാകുന്ന ഒട്ടനവധി ആളുകൾ ഉണ്ട് ഈ കേരളത്തിൽ. സംശയാസ്പദമാണ് ഇവരുടെ എഴുത്തിന്റെ രീതികൾ. ദീപ സർഗാത്മകതയുള്ള എഴുത്തുകാരിയല്ല. അവരുടെ പുസ്തകങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ പ്രതിഭയുടെ നിഴൽവെട്ടം ഞാൻ കണ്ടതുമില്ല. സർഗാത്മകത പ്രകടിപ്പിക്കാൻ അതിന്റേതായ രീതികളുണ്ട്.

ക്രിയേറ്റിവിറ്റി ഇല്ലാത്തവരാണ് മോഷണം നടത്തി എഴുത്തുകാർ ആകാൻ ശ്രമിക്കുന്നത്. സർഗാത്മകത ഉള്ളവർ സ്വയം കവിതകൾ . എഴുതിക്കൊണ്ടിരിക്കും. വേറൊരാളുടെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിക്കണമെങ്കിൽ എത്ര വലിയ ധൈര്യം വേണം. ഈ ധൈര്യമാണ് ദീപ നിഷാന്ത് പ്രകടിപ്പിച്ചത്. ഞാൻ തെറ്റ് ചെയ്തില്ല എന്ന് ദീപ പറയുന്നു. എന്നെ ചതിച്ചതാണ് എന്ന് പറയുന്നു. ഇത്തരം പ്രചാരണങ്ങളിലൂടെ. ദീപ സ്വയം അപഹാസ്യമായി മാറുകയാണ്. . പോപ്പുലാരിറ്റി ലക്ഷ്യംവച്ചുള്ള ദീപയുടെ നീക്കങ്ങൾ ആണ് ദീപയെ കുഴിയിൽ ചാടിച്ചത്.

എങ്ങിനെയൊക്കെ പോപ്പുലാരിറ്റി ഉണ്ടാക്കാം എന്ന ചിന്ത വരുമ്പോൾ തന്നെ കുഴപ്പവും ഒപ്പം വരും. ജീവിതത്തിൽ ഇന്നുവരെ ദീപ കവിത എഴുതിയിട്ടുണ്ടോ? ആരോ പറഞ്ഞു കൊടുത്ത വരികളും ബീഫ് ഫെസ്റ്റിവലും ആണ് സോഷ്യൽ മീഡിയയിൽ ദീപയെ താരമാക്കിയത്- ഈ ദീപയെ ആണ് നവോത്ഥാന നായികയായി സാഹിത്യകാരൻ അശോകൻ ചെരുവിലും സാംസ്‌കാരിക രംഗത്തെ സാന്നിധ്യമായ ജയശങ്കറും വാഴ്‌ത്തുന്നത്-വടക്കേടത്ത് പറയുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP