Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ ഓടിനടന്ന് എടിഎം നിറച്ചു ബാങ്കുകൾ; ഇന്നം പണം ലഭിച്ചേക്കും; രണ്ടു ദിവസം കൂടി ബാങ്കുകൾ പ്രവർത്തിക്കില്ല; ഇടപാടുകൾ നിലച്ച നിരാശയിൽ സ്ഥാപനങ്ങളും വ്യക്തികളും

ഇന്നലെ ഓടിനടന്ന് എടിഎം നിറച്ചു ബാങ്കുകൾ; ഇന്നം പണം ലഭിച്ചേക്കും; രണ്ടു ദിവസം കൂടി ബാങ്കുകൾ പ്രവർത്തിക്കില്ല; ഇടപാടുകൾ നിലച്ച നിരാശയിൽ സ്ഥാപനങ്ങളും വ്യക്തികളും

തിരുവനന്തപുരം: കാലിയായ എടിഎമ്മുകൾ ഓടിനടന്നു നിറച്ച് ബാങ്കുകൾ. ഓണം - ഈദ് ആഘോഷങ്ങൾക്കായി ഉപയോക്താക്കൾ കൂട്ടത്തോടെ പണം പിൻവലിച്ചതിനെ തുടർന്നു ഞായറാഴ്ച കാലിയായ സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും ഇന്നലെ ബാങ്കുകൾ പണം നിറച്ചു.

തിങ്കളാഴ്ച രാവിലെതന്നെ പണം നിറച്ചതിനെത്തുടർന്ന് പ്രതിസന്ധി ഒഴിവായി. തുടർച്ചയായ അവധിദിനങ്ങളെ തുടർന്ന് എടിഎമ്മുകൾ കാലിയാകുമെന്ന ഭീതിയിൽ ശനി, ഞായർ ദിവസങ്ങളിൽ ഇടപാടുകാർ അക്കൗണ്ടിലുള്ള തുക അപ്പാടെ പിൻവലിച്ചിരുന്നു. ഇതുമൂലം പല എടിഎമ്മുകളും കാലിയായിരുന്നു.

25 മണിക്കൂറിനുള്ളിൽ ഒരു എടിഎമ്മിൽനിന്ന് 40 ലക്ഷത്തിലേറെ രൂപ പിൻവലിച്ചു. പലർക്കും പണംകിട്ടാൻ കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നു. എടിഎമ്മുകളിൽ പണമില്ലെന്ന് വ്യാപകമായി പരാതി ഉയർന്നതോടെ പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി സർക്കാർ നടത്തിയ ചർച്ചയെത്തുടർന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ബാങ്കുകൾ തീരുമാനിക്കുകയായിരുന്നു.

ഏഴുലക്ഷം രൂപവരെയാണ് സാധാരണ എടിഎമ്മുകളിൽ ഉണ്ടാകുക. പണം കിട്ടാതെവരുമോയെന്ന ആശങ്കയിൽ ഇടപാടുകാർ പതിവിലുമേറെ പണം പിൻവലിച്ചതാണ് എടിഎമ്മുകൾ വേഗത്തിൽ കാലിയാകാൻ കാരണമെന്ന് ബാങ്കധികൃതർ പറഞ്ഞു. എസ്‌ബിറ്റി ഒഴിച്ചുള്ള ബാങ്കുകളുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പുറംകരാർ നൽകിയിരിക്കുകയാണ്. മറ്റന്നാൾ തുറക്കുന്ന ബാങ്കുകൾക്ക് വെള്ളി വീണ്ടും അവധിയാണ്. ശനിയാഴ്ച പ്രവർത്തിക്കും.

ഓൺലൈൻ ബാങ്കിങ് ഇടപാടിനെ അവധികൾ ബാധിക്കില്ലെന്നും കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നവർ പരമാവധി ഡെബിറ്റ് കാർഡ് ഉപയോഗിക്കണമെന്നും ബാങ്കുകൾ നിർദേശിച്ചു. എസ്‌ബിഐ ഒഴികെയുള്ള എല്ലാ ബാങ്കുകളുടെയും എടിഎമ്മുകളെ കൂട്ടപിൻവലിക്കൽ ബാധിച്ചു. എസ്‌ബിഐയുടെ സംസ്ഥാനത്തെ ആയിരത്തോളം എടിഎമ്മുകളിൽനിന്നായി 60 കോടി രൂപയാണ് പിൻവലിച്ചത്. എസ്‌ബിറ്റിയുടെ പല എടിഎമ്മുകളും ഞായറാഴ്ച നിശ്ചലമായി. എസ്‌ബിഐയുടെ ചെസ്റ്റുകൾ ഇന്നലെ അവധിയായിരുന്നെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് തുറന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാനായി ഏജൻസികൾക്കു പണം വിതരണം ചെയ്തു. ചെസ്റ്റ് ഇല്ലാത്ത കേന്ദ്രങ്ങളിൽ ബാങ്ക് ശാഖ തുറന്ന് എടിഎമ്മുകളിൽ പണം എത്തിച്ചു.

സംസ്ഥാന സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് എടിഎമ്മുകളിൽ പണം ഉറപ്പാക്കണമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി കൺവീനറും കാനറ ബാങ്ക് ജനറൽ മാനേജരുമായ എൻ. ശിവശങ്കരൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകി. രാവിലെ ഏഴിനു തന്നെ ബാങ്കുകൾ പണം നിറയ്ക്കാൻ തുടങ്ങി. കേന്ദ്ര സെർവർ നിരീക്ഷിച്ച് പണം തീരുന്ന എടിഎമ്മുകൾ അപ്പപ്പോൾ നിറയ്ക്കുന്നുണ്ടെന്ന് എസ്‌ബിഐ അറിയിച്ചു.

കാനറ ബാങ്കിന്റെ ഒരു എടിഎമ്മിൽനിന്ന് ദിവസം ശരാശരി ഏഴു ലക്ഷം രൂപയാണു പിൻവലിക്കാറുള്ളതെങ്കിൽ ഞായറാഴ്ച പിൻവലിച്ചത് 40 ലക്ഷം രൂപവരെയാണ്. എറണാകുളം ജില്ലയിലെ എടിഎമ്മുകളിൽ ഇന്നലെ രാവിലെ തന്നെ പരമാവധി തുക നിറച്ചു. 45 ലക്ഷം രൂപ വരെ നിറച്ച എടിഎമ്മുകളുണ്ട്. മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് കോർപറേറ്റ് ഓഫിസിൽനിന്ന് ഗ്രൂപ്പിൽപ്പെട്ട എല്ലാ ബാങ്കുകൾക്കും എടിഎമ്മിൽ പണം നിറയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. റിസർവ് ബാങ്കും പണം നിറയ്ക്കാൻ എല്ലാ ബാങ്കുകളോടും നിർദേശിച്ചു. എസ്‌ബിറ്റി എടിഎമ്മുകളാണു മിക്കവാറും ഞായറാഴ്ച ഒഴിഞ്ഞത്. ഇന്നലെ രാവിലെ തന്നെ അവയെല്ലാം വീണ്ടും നിറയ്ക്കാൻ ബ്രാഞ്ചുകളിൽ എടിഎം വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി. ഏജൻസികൾ വഴി പണം നിറയ്ക്കുന്നതും അതോടൊപ്പം നടന്നു. ഫെഡറൽ ബാങ്കുകളുടെ എടിഎമ്മുകളിൽ ചുമതലപ്പെട്ട ഏജൻസികളാണു പണം നിറച്ചത്. ഇനി ഇന്നും നാളെയും എടിഎമ്മുകളിലെ പണം സ്റ്റോക്ക് നിരീക്ഷിച്ച് ആവശ്യമെങ്കിൽ നിറയ്ക്കാൻ ബാങ്കുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവോണ ദിവസവും നിറയ്ക്കാൻ ക്രമീകരണം നടത്തിയിട്ടുണ്ടെന്ന് എസ്‌ബിഐ ബാങ്ക് വക്താവ് അറിയിച്ചു.

കോട്ടയം ജില്ലയിലെ കാലിയായ എടിഎമ്മുകളിൽ ബാങ്കുകൾ ഇന്നലെ ഉച്ചയോടെ പണം നിറച്ചു. കഴിഞ്ഞ മൂന്നു ദിവസം ജില്ലയിലെ എസ്‌ബിറ്റി എടിഎം കൗണ്ടറുകളിൽനിന്ന് മാത്രം പിൻവലിച്ചത് 85.50 കോടി രൂപയാണ്. ഇന്നലെ രാവിലെ എസ്‌ബിറ്റിയുടെ 250 എടിഎമ്മുകളിലായി 75 കോടി രൂപകൂടി നിറച്ചു. ഇടുക്കി ജില്ലയിൽ കാലിയായ എടിഎമ്മുകളിൽ ബാങ്ക് അധികൃതർ ഇന്നലെ പണം നിറച്ച് മണിക്കൂറുകൾക്കുള്ളിൽ പലരും പിൻവലിച്ചതോടെ എടിഎമ്മുകൾ പലതും വീണ്ടും കാലിയായി. കാലിയായവ ഇന്നു വീണ്ടും നിറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കാസർകോട് ജില്ലയിൽ ചില ബാങ്കുകളുടെ എടിഎം കാലിയായിരുന്നുവെങ്കിലും വൈകിട്ടോടെ പണം നിറച്ചു. ചില ബാങ്കുകളുടെ എടിഎമ്മുകൾ തകരാറിലായത് ഉപയോക്താക്കളെ പ്രയാസത്തിലാക്കി. പാലക്കാട് ജില്ലയിൽ പല എടിഎമ്മുകളിലും ഉപയോക്താക്കൾക്ക് ഇന്നലെയും പണം ലഭിച്ചില്ല. എസ്‌ബിഐ, എസ്‌ബിറ്റി അധികൃതർ പണം നിറച്ചെന്ന് അവകാശപ്പെട്ടെങ്കിലും മുഴുവൻ എടിഎമ്മുകളിലും നിറച്ചില്ലെന്നാണു സൂചന.

സംസ്ഥാനത്ത് 9000 എടിഎമ്മുകളാണുള്ളത്. ഇതിൽ 60% എടിഎമ്മുകളും കാലിയായി. അവധി കണക്കിലെടുത്ത് അധിക തുക നിറച്ചിരുന്നെങ്കിലും ശമ്പളം, പെൻഷൻ, ബോണസ് ഇനങ്ങളിൽ ലഭിച്ച തുക മിക്കവരുടെയും അക്കൗണ്ടുകളിൽ ബാക്കിയുണ്ടായിരുന്നതിനാൽ പിൻവലിക്കൽ തുകയും വർധിച്ചു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP