Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഔദ്യോഗിക വസതിയിൽ ബിജുവിന്റെ കാർ എത്തിയിരുന്നു; പണം നൽകിയോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞതുമില്ല; മാണിയുടെ വീട്ടിൽ കയറാതെ വിജിലൻസിന്റെ മുറ്റത്ത് നിന്നുള്ള പരിശോധന; മന്ത്രിക്കെതിരെ പറയാൻ എസ്‌പിയുടെ സമ്മർദ്ദമെന്ന് രാജ്കുമാർ ഉണ്ണിയുടെ പരാതി

ഔദ്യോഗിക വസതിയിൽ ബിജുവിന്റെ കാർ എത്തിയിരുന്നു; പണം നൽകിയോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞതുമില്ല; മാണിയുടെ വീട്ടിൽ കയറാതെ വിജിലൻസിന്റെ മുറ്റത്ത് നിന്നുള്ള പരിശോധന; മന്ത്രിക്കെതിരെ പറയാൻ എസ്‌പിയുടെ സമ്മർദ്ദമെന്ന് രാജ്കുമാർ ഉണ്ണിയുടെ പരാതി

തിരുവനന്തപുരം: ബാർകോഴ കേസിലെ ആരോപണ വിധേയനായ മന്ത്രി കെ.എം. മാണിയുടെ ഔദ്യോഗിക വസതിയുടെ പരിസരത്ത് വിജിലൻസ് പരിശോധന നടത്തി. ബാറുടമ ബിജു രമേശ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. എന്നാൽ, സംഘം ഒദ്യോഗിക വസതിയുടെ ഉള്ളിൽ കടന്ന് പരിശോധന നടത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

ബിജു രമേശിന്റെ കാർ മന്ത്രി കെ.എം. മാണിയുടെ വസതിയിൽ എത്തിയതിന് തെളിവ് വിജിലൻസിന് പരിശോധനയിൽ നിന്ന് ലഭിച്ചു. 2014 ഏപ്രിൽ രണ്ടിന് കെഎൽ 01 ബിബി 7878 നമ്പർ കാറിലാണ് മാണിയുടെ വസതിയിൽ എത്തിയതെന്നായിരുന്നു ഡ്രൈവറിന്റെ മൊഴി. മാണിയുടെ ഔദ്യോഗിക വസതിയിലെ വാഹന രജിസ്റ്ററിൽ കാറിന്റെ നമ്പറും കണ്ടെത്തി. വിജിലൻസ് ഉദ്യാഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടത്തിയത്. ധനമന്ത്രി കെ.എം. മാണിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

അതേസമയം മൊഴി നൽകാൻ വിജിലൻസ് എസ്‌പി നിർബന്ധിക്കുന്നുവെന്ന് ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പരാതിപ്പെട്ടു. ഇത് കേസ് അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. മാണിയെ കേസിൽ കുടുക്കാൻ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീർക്കാനാണ് നീക്കം. മൊഴിയെടുക്കൽ ക്യാമറയിൽ പകർത്തണമെന്നാണ് നിർദ്ദേശം. എന്നാൽ മാണിക്ക് കാശ് നൽകിയില്ലെന്ന ഭാഗം റിക്കോർഡ് ചെയ്യാൻ ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെന്നാണ് രാജ്കുമാർ ഉണ്ണിയുടെ വാദം.

മാണി പണം വാങ്ങുന്നത് കണ്ടുവെന്ന ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണമടങ്ങിയ ബാഗ് രാജ്കുമാർ ഉണ്ണിയുടെ കൈയിൽ നിന്നു വാങ്ങുന്നത് പുറത്തുനിന്നു കണ്ടുവെന്നാണ് മൊഴി. ബിജു രമേശിന്റെ രഹസ്യമൊഴിയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഡ്രൈവർ അമ്പിളി പറഞ്ഞ സ്ഥലത്തുനിന്നാൽ പണം കൈമാറുന്നത് കണാൻ സാധിക്കുമോയെന്നായിരുന്നു പരിശോധന. എസ്‌പി: സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കെ.എം. മാണിക്ക് കോഴ നൽകിയവർ തന്റെ ഹോട്ടലിലാണ് താമസിച്ചതെന്നും തന്റെ കാറിലാണ് പോയതെന്നും ബിജു രമേശ് മൊഴി നൽകിയിരുന്നു. അതിന്റെ ഭാഗമായി ബിജുവിന്റെ ഡ്രൈവർ അമ്പിളിയിൽ നിന്നും മൊഴി എടുത്തുത്തിരുന്നു. അമ്പിളി നൽകിയ മൊഴി ശരിയാണോ എന്ന് അറിയാൻ വേണ്ടിയായിരുന്നു കഴിഞ്ഞദിവസം മാണിയുടെ ഔദ്യോഗിക വസതി പരിസരത്ത് വിജിലൻസ് സംഘം പരിശോധന നടത്തിയതെന്നാണ് സൂചന. വസതിക്ക് പുറത്തുനിന്ന് അകത്ത് നടക്കുന്നത് കാണാൻ കഴിയുമോ എന്നതടക്കം അന്വേഷണ സംഘം പരിശോധിച്ചുവെന്നാണ് അറിയുന്നത്. ഡ്രൈവറുടെ മൊഴി തള്ളിക്കളയുന്ന തെളിവുകൾ പരിശോധനയിൽ ലഭിച്ചുവെന്നാണ് സൂചന.

സാധാരണ മൊഴി നൽകിയ ആളുമായെത്തി പരിശോധന നടത്തുകയാണ് വേണ്ടതെന്ന് വാദവുമുണ്ട്. ഇന്നലെ ബാർ കോഴയിൽ മാണിക്കെതിരെ തെളിവില്ലെന്ന പരോക്ഷ സൂചനയുമായി നിയമോപദേശത്തിനായി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. മന്ത്രി കെ ബാബുവിനെതിരെ എഫ് ഐ ആർ ഇടാത്ത സാഹചര്യത്തിൽ തന്നേയും കുറ്റ വിമുക്തനാക്കണമെന്നാണ് മാണിയുടെ ആവശ്യം. ഇത് മുൻനിർത്തിയുള്ള കള്ളക്കളിയാണ് നടക്കുന്തെന്നാണ് സൂചന.

കോഴപ്പണവുമായി ബാറുടമകൾ മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയിൽ എത്തിയതിന് തെളിവുണ്ടെങ്കിലും അദ്ദേഹമത് കൈപ്പറ്റിയതായി വിജിലൻസ് സംഘത്തിന് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായിട്ടാകാം മാണിയുടെ ഔദ്യോഗിക വസതി പരിസരത്ത് വിജിലൻസ് പരിശോധന നടത്തിയത്. മാണിക്ക് കോഴപ്പണം നൽകിയില്ലെന്ന നിലപാടിലാണ് ബാറുടമാ അസോസിയേഷൻ ഇപ്പോൾ. ബിജു രമേശ് പൂർണ്ണമായും ഒറ്റപ്പെട്ടു.

ഈ സാഹചര്യത്തിൽ ഡ്രൈവറുടെ മൊഴിയെ മറികടക്കാനുള്ള നിഗമനങ്ങൾക്കാണ് വിജിലൻസ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. അത്തരമൊരു തെളിവ് കിട്ടിയാൽ മാണിക്കെതിരായ കേസ് അന്വേഷണവും നിൽക്കും. ബിജു രമേശിന്റെ ഡ്രൈവറായതിനാൽ സാക്ഷിമൊഴിയുടെ ആധികാരികതയിൽ സംശയവും ഉന്നയിക്കാം. അതിനുള്ള സാധ്യതയാണ് തേടിയതെന്നാണ് സൂചന.

കാർ വന്നിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

അതേസമയം, ബിജു രമേശിന്റെ കാർ വസതിയിൽ എത്തിയെന്ന വാർത്ത ശരിയല്ലെന്ന് ധനമന്ത്രി കെ എം മാണിയുടെ ഓഫീസ് അറിയിച്ചു. വസതിയിൽ പ്രത്യേക ഔട്ട് പോസ്റ്റോ വാഹന രജിസ്റ്ററോ ഇല്ല. ആറ് മന്ത്രിമാർ ക്‌ളിഫ് ഹൗസ് വളപ്പിൽ താമസിക്കുന്നുണ്ട്. വാഹന രജിസ്റ്റർ പൊതുവായാണുള്ളതെന്നും അറിയിപ്പിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP