Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസ്: ദൃക്‌സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു; ലോ കോളേജ് ജംഗ്ഷനിൽ സംഭവം നടന്നത് കഴിഞ്ഞ വർഷം മാർച്ചിൽ

തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസ്: ദൃക്‌സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു; ലോ കോളേജ് ജംഗ്ഷനിൽ സംഭവം നടന്നത് കഴിഞ്ഞ വർഷം മാർച്ചിൽ

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണയിൽ ദൃക്‌സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയുമായ മാത്യു എബ്രഹാം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ കോൺട്രാക്റ്റ് ഡ്രൈവറുമായ വഞ്ചിയൂർ സ്വദേശി മാത്യു എബ്രഹാം എന്ന പഞ്ചർ ഷൈജുവാണ് കൃത്യം നടന്നതെങ്ങനെയെന്ന് വിവരിച്ച് പ്രതികളെ തിരിച്ചറിഞ്ഞും സാക്ഷി മൊഴി നൽകിയത്. സംഭവം സംബന്ധിച്ച് താൻ പര പ്രേരണ കൂടാതെ സ്വമേധയാ മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായും മാത്യു മൊഴി പറഞ്ഞു. സംഭവത്തിന് മുമ്പേ താൻ അനിലിനെ കൊല്ലുമെന്ന് പല തവണ പ്രതി ജീവൻ വെല്ലു വിളിച്ചിരുന്നു. വെട്ടു കത്തി കൊണ്ട് അനിലിന്റെ ദേഹമാസകലം തുരുതുരാ വെട്ടിയ ശേഷം സാക്ഷി പറയാൻ ആരെങ്കിലും മുതിർന്നാൽ അവരെയും കൊല്ലുമെന്ന് പ്രതി ജീവൻ ഭീഷണി മുഴക്കികിയ ശേഷമാണ് കൃത്യ സ്ഥലത്ത് നിന്ന് ഒളിവിൽ പോയത്.

തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. മൂന്നും നാലും സാക്ഷി കളായ ടാക്‌സി ഡ്രൈവർ പൊന്നച്ചൻ , പെയിന്റടി ജോലിക്കാരനായ രഞ്ജിത് എന്നിവർ പൊലീസ് മൊഴി കോടതിയിൽ തിരുത്തിയിരുന്നു. ഫെബ്രുവരി 6 മുതൽ മാർച്ച് 13 വരെയുള്ള തീയതികളിലായി 96 സാക്ഷികളെ വിസ്തരിക്കാൻ ജഡ്ജി സിജു ഷെയ്ക്ക് ഉത്തരവിട്ടിരുന്നു.

ഗുണ്ടാ കുടിപ്പകയാൽ ബാർട്ടൺഹിൽ കോളനി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനിൽകുമാറിനെ ബാർട്ടൺ ഹില്ലിൽ നിന്ന് കോളനിയിലേക്കുള്ള വഴിയിൽ പേരൂർക്കട ലോ കോളേജ് ജംഗ്ഷനടുത്തുള്ള പാർക്കിന് സമീപം വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 മാർച്ച് 24 ന് രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. അനിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ബാർട്ടൺഹിൽ സ്വദേശിയും അനവധി കേസിലെ പ്രതിയും ഗുണ്ടയും കേഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ ജീവൻ എന്ന വിഷ്ണു അനിലിനെ പിന്നാലെയെത്തി വെട്ടി വീഴ്‌ത്തിയത്. നിരവധി വീടുകളുള്ള ഭാഗത്താണ് കൊലപാതകം നടന്നത്. അനിലിന്റെ ദേഹത്ത് എട്ടു വെട്ടുകൾ ഉണ്ടായിരുന്നു. തലയ്ക്കും മാരക പരിക്കേറ്റു. സംഭവം നടന്ന് അര മണിക്കൂറിന് ശേഷമാണ് പൊലീസെത്തി ആശുപത്രിയിലെത്തിച്ചത്.

ജീവൻ എന്ന വിഷ്ണു. എസ്. ബാബു , ജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മനോജ് , മേരി രാജൻ , രാകേഷ് എന്നിവരാണ് കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കൊലക്കുറ്റം ചെയ്തയാളെ ഒളിവിൽ പാർപ്പിച്ചതിനും വിചാരണ നേരിടുന്ന ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ. ഒന്നാം പ്രതി ജീവൻ രണ്ടു തവണ കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. അഞ്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇയാളെ കാപ്പ ചുമത്തി ഒരു വർഷം വീതം രണ്ടു തവണ ജയിലിൽ പാർപ്പിച്ചത്. പിന്നീട് 'ഓപ്പറേഷൻ ബോൾട്ട് ' എന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാർച്ച് 23 ശനിയാഴ്ച വൈകിട്ട് വിട്ടയച്ചു. പിറ്റേന്ന് ഞായറാഴ്ചയാണ് കൊലപാതകം നടന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 294 (ബി) (അസഭ്യ വാക്കുകൾ ഉച്ചരിക്കൽ), 342 ( അന്യായമായി തടഞ്ഞു വെയ്ക്കൽ), 506 (ii) (വധഭീഷണി), 302 (കൊലപാതകം ചെയ്യൽ), 120 ബി(കുറ്റകരമായ ഗൂഢാലോചന), 201 (കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് നശിപ്പിക്കൽ), 212 (കുറ്റവാളിയെ ഒളിവിൽ പാർപ്പിച്ച് അഭയം നൽകൽ), 34 (പൊതു ലക്ഷ്യത്തിന് വേണ്ടി കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികൾക്ക് മേൽ ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP