Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവമോർച്ച പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം പൊതുദർശനത്തിനുവച്ചു; ആദരാഞ്ജലി അർപ്പിക്കാനെത്തിയത് ബിനോയ് വിശ്വം അടക്കമുള്ളവർ

യുവമോർച്ച പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം പൊതുദർശനത്തിനുവച്ചു; ആദരാഞ്ജലി അർപ്പിക്കാനെത്തിയത് ബിനോയ് വിശ്വം അടക്കമുള്ളവർ

കോഴിക്കോട്: നിലമ്പൂരിലെ കരുളായി വനമേഖലയിൽ പൊലീസ് വധിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം പ്രതിഷേധങ്ങൾക്കും അനിശ്ചിതത്വത്തിനുമിടെ ബന്ധുക്കളും മനുഷ്യാവകാശപ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. യുവമോർച്ച പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കിടയിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. സിപിഐ നേതാവ് ബിനോയ് വിശ്വമടക്കമുള്ളവർ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

പൊതുദർശനം അനുവദിക്കില്ലെന്ന പൊലീസിന്റെ നിലപാടും യുവമോർച്ചയുടെ പ്രതിഷേധവും മൂലം മൃതദേഹം വിട്ടുകിട്ടാൻ വൈകി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ പൊതുദർശനം നടത്താനായിരുന്നു ആദ്യം നീക്കം. എന്നാൽ അനുമതി നിഷേധിക്കപ്പെട്ടതോടെ കോഴിക്കോട് ഗ്രോ വാസുവിന്റെ വീടിന് സമീപമുള്ള പൊറ്റമ്മൽ വർഗീസ് സ്മാരക ബുക്ക്സ്റ്റാളിൽ പൊതുദർശനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പിന്നാലെ യുവമോർച്ച പ്രവർത്തകർ ഗ്രോ വാസുവിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എത്തി. കോഴിക്കോട് മെഡിക്കൽ കോളെജിന് സമീപത്തും ഇവർ പ്രതിഷേധിച്ചിരുന്നു.

ഒടുവിൽ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുൻവശത്ത് അൽപ്പനേരം മാത്രം പൊതുദർശനം അനുവദിക്കാമെന്ന് പൊലീസ് സമ്മതിച്ചു. തുടർന്ന് അരിവാൾ ചുറ്റിക പതിച്ച ചെങ്കൊടി പുതച്ചാണ് മൃതദേഹം പൊതുദർശനത്തിനു ക്രമീകരിച്ചത്.

മാവോയിസ്റ്റ് പ്രവർത്തകരെ വെടിവച്ചു കൊല്ലുന്നതിനെ എതിർക്കുന്നതായി ആദരാഞ്ജലി അർപ്പിച്ചശേഷം ബിനോയ് വിശ്വം വ്യക്തമാക്കി. ഇടതുപക്ഷം ഭരിക്കുമ്പോൾ പൊലീസ് വലതുപക്ഷ രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നു. പക്ഷേ കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചുവീഴ്‌ത്തുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിലുള്ള നിലപാട് സിപിഐ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുപ്പു ദേവരാജിന്റെ സഹോദരൻ ശ്രീധരൻ, കൊല്ലപ്പെട്ട മറ്റൊരു മാവോയിസ്റ്റ് നേതാവ് അജിതയുടെ മുൻ ഭർത്താവ് വിനായകൻ എന്നിവരാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നത്. റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയതോടെയാണ് 16 ദിവസങ്ങൾക്കുശേഷം കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനമായത്. കോഴിക്കോട് മാവൂർ റോഡിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ.

ഇതിനിടെ കുപ്പു ദേവരാജിനൊപ്പം കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം 13 വരെ സംസ്‌കരിക്കരുതെന്നു ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. അജിതയുടെ മൃതദേഹം ആവശ്യപ്പെട്ട് സഹപാഠി ഭഗവത് സിങ്ങ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അജിതയും ഭഗവത് സിങ്ങും തമ്മിലുള്ള ബന്ധം പരിശോധിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP