Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ പക്ഷിപ്പനി: പ്രതിരോധ പ്രവർത്തകർക്ക് ശാസ്ത്രീയ പരിശീലനം; കോഴികളെയും വളർത്തു പക്ഷികളെയും കൊന്നൊടുക്കും മുമ്പ് പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ്

മലപ്പുറത്തെ പക്ഷിപ്പനി: പ്രതിരോധ പ്രവർത്തകർക്ക് ശാസ്ത്രീയ പരിശീലനം; കോഴികളെയും വളർത്തു പക്ഷികളെയും കൊന്നൊടുക്കും മുമ്പ് പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ശാസ്ത്രീയ പരിശീലനം നൽകി മൃഗ സംരക്ഷണ വകുപ്പ്. കോഴികളെയും വളർത്തു പക്ഷികളെയും കൊന്നൊടുക്കും മുമ്പ് പ്രതിരോധ മരുന്ന് കഴിക്കണമെന്നതടക്കമുള്ള മുൻകരുതലും ഉദ്യോഗസ്ഥർക്ക് നൽകി. റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ 20 വെറ്ററിനറി സർജന്മാർ, 119 ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, 30അറ്റൻഡർമാർ എന്നിവർക്കാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകിയത്. പക്ഷിപ്പനി ബാധയുണ്ടായ മേഖലകളിൽ എങ്ങനെ ഇടപെടണം, സ്വയം രക്ഷയ്ക്കായി എന്തൊക്കെ മുൻകരുതലെടുക്കണം തുടങ്ങിയ കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായിരുന്നു പരിശീലനം. പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് എങ്ങനെയാണ് ധരിക്കേണ്ടതെന്നും ഏതു തരത്തിലാണ് ഊരി മാറ്റേണ്ടതെന്നുമുള്ള ഡെമോൺസ്ട്രേഷനും പരിശീലനത്തോടനുബന്ധിച്ച് നടത്തി.

കോഴികളെയും വളർത്തു പക്ഷികളെയും കൊന്നൊടുക്കുന്നതിന് ആറു മണിക്കൂർ മുൻപെങ്കിലും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ പ്രതിരോധ മരുന്ന് കഴിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ പേഴ്സനൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് ധരിച്ച് പ്രതിരോധ പ്രവർത്തനം നടത്തുന്നതിന്റെ വീഡിയോയും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രദർശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പാലക്കാട് റീജിയനൽ ഡയഗ്നോസ്റ്റിക് ലാബിന്റെ മേൽനോട്ട ചുമതലയുള്ള ജോയിന്റ് ഡയറക്ടർ ഡോ. അൻസമ്മ, വെറ്ററിനറി ഓഫീസർ ഡോ.നാഗസിന്ധു എന്നിവർ ക്ലാസെടുത്തു. ജില്ലാ കലക്ടർ ജാഫർ മലിക്, മൃഗസംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്ടർ സി മധു, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.റാണി കെ ഉമ്മൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.അയ്യൂബ്, സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. ബി ജ്യോതിഷ്‌കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഇൻ ചാർജ്ജ് ഡോ.ബി ബിജു, ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. എ സജീവ് കുമാർ, റാപ്പിഡ് റെസ്പോൺസ് ടീമിനെ നയിക്കുന്ന ഡോ.വി.പി ഹാറൂൺ, ഡോ.ബി സുരേഷ് എന്നിവർ നേതൃത്വം നൽകി.

മലപ്പുറം പരപ്പനങ്ങാടിയിലെ 16-ാംവാർഡിലെ പാലത്തിങ്ങൽ വലിയപീടിയേക്കൽ വീരാൻകുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴികളിലാണ് പക്ഷിപ്പനിം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ചത്ത ഒമ്പതുകോഴികളിൽ രണ്ടു കോഴികളുടെ സാമ്പിൾ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള ഏകദേശം നാലായിരത്തോളം പക്ഷികളെ നാളെ മുതൽ കൊന്ന് തുടങ്ങും. പത്ത് കിലോമീറ്റർ പരിധിയിലെ കോഴിക്കടകളും മുട്ടവിൽപ്പന കേന്ദ്രങ്ങളും വളർത്തുപക്ഷി വിൽപ്പനശാലകളും അടപ്പിക്കാനും തീരുമാനിച്ചു. കടകളിലുള്ള കോഴികളെ ഇക്കാലയളവിൽ ഭക്ഷണം നൽകി സംരക്ഷിക്കാനാണ് നിർദ്ദേശം. ഈ കോഴികളെ യാതൊരു കാരണവശാലും വിൽക്കാൻ പാടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാൻ പൊലീസും മോട്ടോർ വാഹനവകുപ്പും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. ഹോട്ടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കോഴി വിഭവങ്ങൾ തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാനാണ് നിർദ്ദേശം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ ചികിത്സ തേടണം. ഇക്കാര്യങ്ങളിൽ ജനങ്ങൾ ബോധവന്മാരാകണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ജനങ്ങൾക്കാവശ്യമായ സഹായത്തിനും സംശയ നിവാരണത്തിനുമായി ജില്ലാ തലത്തിലും തിരൂരങ്ങാടി വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ചും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി റാപ്പിഡ് റെസ്പോൺസ് ടീം പ്രതിനിധികൾ ഉൾപ്പെടെയുള്ള ഏഴ് അംഗങ്ങൾ വീതമുള്ള 10 ടീമുകളെയും നിയോഗിച്ചു. ഇവർക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി. പത്ത് ടീമുകളാണ് പ്രതിരോധ പ്രവർത്തനത്തിനിറങ്ങുക. അവശ്യഘട്ടത്തിൽ മറ്റുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടാകും. ഇവർക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ഒരുക്കും.

മാർച്ച് 14 മുതൽ 16 വരെയുള്ള കാലയളവിലാണ് കോഴികളെയും വളർത്തുപക്ഷികളെയും കൊന്നൊടുക്കുക. ഇവയെ പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ജലസ്രോതസ്സുകളെ ബാധിക്കാത്ത വിധം സുരക്ഷിതമായി സംസ്‌കരിക്കും. റാപ്പിഡ് റസ്പോൺസ് ടീമിനും മറ്റുള്ളവർക്കും അതത് മേഖലകളിലെത്തുന്നതിനും കോഴികളെയും പക്ഷികളെയും സംസ്്കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനും ഏഴ് പേരെ ഉൾക്കൊള്ളുന്ന പത്ത് വാഹനങ്ങളും പത്ത് ഗുഡ്സ് ഓട്ടോകളുമാണ് ലഭ്യമാക്കുക. സുരക്ഷിതത്വത്തിനായി പിപി കിറ്റുകൾ, മാസ്‌ക്കുകൾ, ഗ്ലൗസുകൾ എന്നിവയും ശുചീകരണ സാമഗ്രികളും എത്രയും വേഗം സജ്ജീകരിക്കും.

പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പരപ്പനങ്ങാടി, തിരൂരങ്ങാടി റസ്റ്റ് ഹൗസുകളിലും അനുയോജ്യമായ മറ്റിടങ്ങളിലും താമസവും ഭക്ഷണവും ഒരുക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലുള്ളവർക്ക് ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ മരുന്നുകളും നൽകും. ഇതിന് മുന്നോടിയായി പ്രതിരോധ നടപടികളിൽ ജനങ്ങളിൽ അവബോധമുണ്ടാക്കാൻ വാഹനങ്ങളിൽ അനൗൺസ്മെന്റും നടത്തും. രോഗബാധയുള്ളവരെ നിരീക്ഷിക്കാൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ഐസോലേഷൻ വാർഡും വീടുകളിൽ ഐസൊലേഷൻ സൗകര്യവുമൊരുക്കും. 14 ദിവസത്തേക്കായിരിക്കും നിരീക്ഷണം.

കൊല്ലേണ്ടി വരുന്ന കോഴികളുടെയും വളർത്തുപക്ഷികളുടെയും വില കണക്കാക്കി നഷ്ടപരിഹാരത്തിനായി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. അതേസമയം കടലുണ്ടിപക്ഷി സങ്കേതത്തിൽ ദേശാടനപക്ഷികളെത്തുന്നത് തടയാൻ വനം വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.പെരുവള്ളൂരിൽ കാക്കകൾ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം നെഗറ്റീവാണ്. പക്ഷിപ്പനിയുടെ കാര്യത്തിൽ പരിഭ്രാന്തി വേണ്ടെന്നും മുൻകരുതലുണ്ടായാൽ മതിയെന്നും മലപ്പുറം കലക്ടർ ജാഫർമാലിക് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. എന്നാൽ ബോധപൂർവമുള്ള നിസ്സഹകരണത്തെ നിയമപരമായി നേരിടും. അവശ്യഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ഇടപെടും.

ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപനയോഗത്തിൽ ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽകരീം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, മൃഗസംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. സി. മധു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അയൂബ,് ജില്ലാ ഓഫീസർ ഡോ. റാണി.കെ.ഉമ്മൻ, മലപ്പുറം ഡി.വൈ.എസ്‌പി ജലീൽ തോട്ടത്തിൽ, പരപ്പനങ്ങാടി സിഐ വിനോദ്, തിരൂരങ്ങാടി തഹസിൽദാർ എം.എസ് ഷാജു, പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ജയകുമാർ, പരപ്പനങ്ങാടി, നെടുവ വില്ലേജ് ഓഫീസർമാരായ പി.രാജേഷ്‌കുമാർ, വി.കെ നാരായണൻകുട്ടി, ഭക്ഷ്യസുരക്ഷാ വിഭാഗം, കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ കൺട്രോൾ റൂം നമ്പർ:
9188465886, 944753522

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP