Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ കൂടുതൽ സൗകര്യങ്ങളോടെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നു; നടപടി കർണാടകത്തിൽനിന്നുള്ള വ്യാജമദ്യ ഒഴുക്കു തടയാൻ

വയനാട്ടിൽ പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ കൂടുതൽ സൗകര്യങ്ങളോടെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നു; നടപടി കർണാടകത്തിൽനിന്നുള്ള വ്യാജമദ്യ ഒഴുക്കു തടയാൻ

കൽപ്പറ്റ: വയനാട് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ബീവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ അടിസ്ഥാന സൗകര്യങ്ങളോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനും അടച്ചുകിടക്കുന്ന മദ്യഷോപ്പുകൾ തുറന്നുപ്രവർത്തിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കേരളാ സ്റ്റേറ്റ് ബീവറേജസ് കോർപറേഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.

മുൻസർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ ആകെയുണ്ടായിരുന്ന 11 എഫ് എൽ-1 ഷോപ്പുകളിൽ എഫ് എൽ-1-12002, മേപ്പാടി, എഫ് എൽ-1 12003 കാവുമന്ദം, എഫ് എൽ-1 12004 കൽപ്പറ്റ, എഫ് എൽ-1 12006 മീനങ്ങാടി, എഫ് എൽ-1 12010 ചീപ്പാട് എന്നീ ഷോപ്പുകൾ നിർത്തൽ ചെയ്തതാണ്. നിലവിൽ ആറ് ഷോപ്പുകളാണ് ജില്ലയിൽ പ്രവർത്തിച്ചുവന്നിരുന്നത്.

എന്നാൽ സുപ്രീംകോടതിയുടെ 2016-ലെ വിധിയെ തുടർന്ന് ഇവയിൽ വൈത്തിരി, പനമരം, സുൽത്താൻബത്തേരി എന്നിവടങ്ങളിലെ ഔട്ട് ലെറ്റുകൾ ദേശീയ-സംസ്ഥാന പാതയിൽ നിന്നും 500 മീറ്ററിന് ഉള്ളിലായിരുന്നതിനാൽ മാറ്റി സ്ഥാപിച്ചു. ഏപ്രിൽ 12-ലെ ഹൈക്കോടതി വിധിയെ തുടർന്ന് വൈത്തിരി, പനമരം എന്നീ രണ്ട് മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്.

ഭൂരിപക്ഷ ആദിവാസി ജില്ലയായ വയനാട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് മൂലം കർണാടക, തമിഴ്‌നാട് അതിർത്തികളിൽ നിന്ന് വ്യാജമദ്യം വ്യാപകമായി ജില്ലയിലെത്താൻ ഇടയാക്കിയെന്നും അധികൃതർ പറയുന്നു.

കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മദ്യപിച്ച് ധാരാളമാളുകൾ കർണാടകയിലെത്തി വില കുറഞ്ഞ വ്യാജമദ്യം ഉൾപ്പടെയുള്ളവ ഉപയോഗിച്ചുവരുന്നുണ്ടെന്നും, ആയതിനാൽ അതിർത്തികളിൽ നിന്നുള്ള വ്യാജമദ്യം തടയാൻ മാനന്തവാടിയിലെ മദ്യശാല ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും, പനമത്തേത് ഉടൻ തുറന്നുപ്രവർത്തിക്കണമെന്നുമാണ് ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ജോയിന്റ് കമ്മീഷണർ ബീവറേജസ് കോർപറേഷന് നൽകിയ നിർദ്ദേശം.

അതിർത്തി പ്രദേശങ്ങളിൽ വ്യാജമദ്യമാഫിയകൾ പിടിമുറുക്കുകയാണെന്നും സമ്പൂർണ ആദിവാസി പഞ്ചായത്തായ തിരുനെല്ലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആദിവാസികളുടെ സാമൂഹ്യജീവിതത്തിൽ കടുത്ത വെല്ലുവിളിയായിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന സംസ്ഥാന മുഖ്യമന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ചെക്ക് പോസ്റ്റുകളിലൂടെയുള്ള വ്യാജമദ്യക്കടത്ത് തടയുന്നതിന് ബോർഡർ പെട്രോളിങ്, അന്തർ സംസ്ഥാന റെയ്ഡുകൾ എന്നിവ കർശനമാക്കുമെന്നും ആദിവാസികൾക്കിടയിലുള്ള അമിതമദ്യപാനം കുറക്കുന്നതിന് അടിയന്തര ബോധവത്ക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുമെന്നും എക്സൈസ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

സുപ്രീംകോടതിയിലെ പാതയോരത്തെ മദ്യശാലാ നിരോധനം കർണാടക അതിർത്തി പ്രദേശങ്ങളായ കുട്ട, ബാവലി, മച്ചൂർ, തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളായ താളൂർ, പാട്ടവയൽ തുടങ്ങിയ പ്രദേശങ്ങളിലെ മദ്യശാലകളെ കാര്യമായി ബാധിച്ചിട്ടില്ല.

പഴയ മദ്യശാലകളിൽ ഭൂരിപക്ഷവും ഇപ്പോഴും പ്രവർത്തിക്കുന്നതിനാൽ വയനാട്ടിലെ മദ്യലഭ്യത പരമാവധി മുതലെടുക്കുകയും വ്യാജമദ്യമുൾപ്പെടെയുള്ള വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ടെന്നും ആദിവാസി സമൂഹങ്ങൾ കൂടുതൽ വില കുറഞ്ഞ ഇത്തരം മദ്യങ്ങളിൽ ആകൃഷ്ടരാവുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഗാന്ധിജയന്തി ദിനത്തിലുൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും അതിർത്തികളിൽ മദ്യക്കച്ചവടം നിർലോഭം നടക്കാറുണ്ട്. കൂടാതെ മദ്യേതര ലഹരി വസ്തുക്കളുടെ ഉപയോഗവും ജില്ലയിൽ കൂടിവരുന്നതിനായി എക്സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു.

കർണാടകയുടെ ഭാഗമായ ആനമാളം, മച്ചൂർ, കോട്ട തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ വ്യാജനിർമ്മാണത്തിനും നിലവാരം കുറഞ്ഞ സ്പിരിറ്റിൽ കൃത്രിമ കളറുകൾ ചേർന്ന് കടലാസ് പാക്കറ്റുകളിലാക്കി വിൽപ്പനക്കെത്തുകയും ചെയ്യുന്നുണ്ട്.

അതിർത്തിപ്രദേശങ്ങളിലെ മദ്യശാലകൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് മൈസൂർ ജില്ലാകലക്ടർക്ക് തിരുനെല്ലി പഞ്ചായത്ത് നൽകിയ അപേക്ഷ നൽകിയിരുന്നെങ്കിലും മദ്യശാലകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മാനന്തവാടിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ ചില്ലറ വിൽപ്പനശാല അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും, അല്ലാത്തപക്ഷം വലിയ ദുരന്തങ്ങൾക്കും നിയമലംഘനങ്ങൾക്കും കാരണമാവുമെന്നുമാണ് ഫയർ ആൻഡ് സേഫ്ടി, പൊലീസ്, നഗരസഭ, പി ഡബ്ല്യു ഡി എന്നിവർ മാനന്തവാടി സബ്കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP